KERALANEWSTop News

ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വേദിയിലെത്തി

തൃശ്ശൂര്‍: നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വേദിയിലെത്തി. ദേശീയ അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ പല ചോദ്യങ്ങളും ചോദിച്ചെങ്കിലും അതില്‍ നിന്നൊഴിഞ്ഞു മാറിയ ശോഭ പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലേക്ക് കടക്കുകയാണ് ചെയ്തത്.അതേസമയം ഇന്നത്തെ യോഗത്തിനെത്തിയില്ലെങ്കില്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന കടുത്ത നിലപാട് നേതൃത്വം സ്വീകരിച്ചതോടെയാണ് പത്ത് മാസത്തിന് ശേഷം ശോഭ ബിജെപി വേദിയില്‍ എത്തിയത് എന്നാണ് സൂചന. സംഘടന ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന്‍ ശോഭയെ ഫോണില്‍ ബന്ധപ്പെടുകയും ഇന്നത്തെ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.യോഗത്തിന് എത്തിയില്ലെങ്കില്‍ നാളെ രാവിലെ പത്ത് മണിക്ക് മുന്‍പായി ശോഭയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കൊണ്ടുള്ള തീരുമാനമുണ്ടാക്കുമെന്നും നേതൃത്വം ശോഭയെ അറിയിച്ചു. ഇതോടെയാണ് പത്ത് മാസമായി തുടരുന്ന ശീതസമരം അവസാനിപ്പിച്ച് ശോഭ ബിജെപി യോഗത്തിന് എത്തിയത്. ദേശീയഅധ്യക്ഷന്‍ ജെപി നദ്ദയെ നേരില്‍ കണ്ട് കാര്യങ്ങള്‍ സംസാരിക്കാനുള്ള സാധ്യത ശോഭ തേടിയെങ്കിലും അതിനും പാര്‍ട്ടി അനുമതി നല്‍കിയില്ലെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് സീറ്റു ലഭിക്കില്ലെന്നും സൂചനയുണ്ട്.അതേസമയം പാര്‍ട്ടി പരിപാടികള്‍ക്കും നിര്‍ണായക യോഗങ്ങളില്‍ പങ്കെടുക്കാനുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തൃശ്ശൂരിലെത്തി. ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. ബിജെപി സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷന്‍മാര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ ജെപി നദ്ദ ഇന്ന് പങ്കെടുക്കുന്നുണ്ട്. ഇതിനു ശേഷം സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വവുമായും ജെപി നദ്ദ കൂടിക്കാഴ്ച നടത്തും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗത്തിലുണ്ടാവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close