INDIANEWSTop News

ബിജെപി വിട്ടുവന്നവരെ തിരിച്ചെടുത്തത് ​ഗം​ഗാജലം തളിച്ച് ശുദ്ധീകരിച്ച്; ബം​ഗാളിൽ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെയും കാവിപ്പാർട്ടിക്ക് തിരിച്ച‌‌ടി

കൊൽക്കത്ത: ബിജെപിയിൽ നിന്നും തിരിച്ചെത്തിയ പ്രവർത്തകരെ ​ഗം​ഗാജലം തളിച്ച് ശുദ്ധമാക്കിയ ശേഷം പാർട്ടിയിലേക്ക് സ്വീകരിച്ച് തൃണമൂൽ കോൺ​ഗ്രസ്. രാജ്യത്താകെ ബിജെപിക്ക് നാണക്കേടാകുന്ന സംഭവവികാസങ്ങളാണ് പശ്ചിമബം​ഗാളിൽ നടക്കുന്നത്. ബിജെപിയിൽ നിന്നുള്ള പ്രവർത്തകരുടെ കൊഴിഞ്ഞ് പോക്കും ശക്തമാണ്. പശ്ചിമബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി അധികാരം നിലനിർത്തിയതോടെയാണ് ബിജെപിയിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ തൃണമൂൽ പാളയത്തിലേക്ക് മടങ്ങുന്നത്.

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബീർഭൂമിലെ പാർട്ടി ഓഫീസിന് മുന്നിൽ മുന്നൂറോളം ബി.ജെ.പി. പ്രവർത്തകരാണ് നിരാഹാര സമരം നടത്തിയത്. ഇതിന് പിന്നാലെ തൃണമൂൽ ഇവരെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു. ഗംഗാജലം തളിച്ചാണ് പ്രവർത്തകരെ തൃണമൂൽ നേതാക്കൾ സ്വീകരിച്ചത്.

ബംഗാളിൽ വീണ്ടും മമത ബാനർജി അധികാരത്തിലെത്തിയതിനു പിന്നാലെ ബി.ജെ.പിയിലേക്ക് പോയ തൃണമൂൽ പ്രവർത്തകർ തിരിച്ചെത്താനുള്ള ശ്രമം നടത്തിയിരുന്നു. ടി.എം.സിയിൽ തിരിച്ചെടുക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സമരം ചെയ്തവരിൽ ഒരാളായ അശോക് മൊൻഡാൾ പറഞ്ഞത്. ബി.ജെ.പിയിൽ ചേർന്നതോടെ തങ്ങളുടെ ഗ്രാമത്തിന്റെ വികസനം സ്തംഭിച്ചെന്നും നിരന്തരമായ ബി.ജെ.പിയുടെ പ്രതിഷേധങ്ങൾ ഗുണത്തെക്കാളേറെ ദോഷം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

2017 ൽ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ എത്തിയ മുകുൾ റോയി തിരിച്ച് തൃണമൂലിൽ എത്തിയിരുന്നു. പശ്ചിമ ബംഗാൾ പിടിക്കാൻ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുൾ റോയിയുടെ പാർട്ടി പ്രവേശനം. ഇതിന് പിന്നാലെ ബംഗാളിൽ മുകുൾ റോയിയുമായി അടുപ്പമുള്ള പലനേതാക്കളും തൃണമൂലിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്.

തൃണമൂൽ കോൺഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങൾ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ ഇവർ തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി. നേതാക്കൾ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close