INSIGHTTop News

ബിനീഷ്-സിനിമയെ വെല്ലുന്ന ജീവിതം

പ്രത്യേക ലേഖകന്‍

കേരള രാഷ്ട്രീയത്തില്‍ മക്കളുടെ പേരില്‍ ഇത്രയേറെ പുലിവാലുപിടിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനല്ലാതെ മറ്റൊരാളില്ല.സിനിമയെ വെല്ലുന്ന കഥകളാണ് കോടിയേരിയുടെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരിയെപ്പറ്റി പ്രചാരത്തിലുള്ളത്. മൂത്ത മകന്‍ ബിനോയിയുടെ പേരില്‍ മുംബൈയില്‍ നിലവിലുണ്ടായിരുന്ന ദാമ്പത്യവഞ്ചനാക്കേസും വിദേശ പണാപഹരണക്കേസും സൃഷ്ടിച്ച പ്രതിച്ഛായാ പ്രതിസന്ധിയിലും വലുതാണിപ്പോള്‍ ഇളയമകന്‍ ചെന്നെത്തിപ്പെട്ടിരിക്കുന്ന അഴിയാക്കുരുക്കുകള്‍ പിതാവെന്ന നിലയ്ക്ക് കോടിയേരിയുടെ രാഷ്ട്രീയജീവിതത്തില്‍ തീരാക്കളങ്കമായിത്തീര്‍ന്നിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഉയര്‍ന്നുവന്ന മെര്കിസ്റ്റന്‍ എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് വിവാദത്തിലും,ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലും ആദ്യം ആരോപണം ഉയര്‍ന്നത് ബി.കെ. എന്ന ബിനീഷ് കോടിയേരിയുടെ പേരിലായിരുന്നു. എന്നാല്‍ എല്ലാം ബിനാമി ഇടപാടുകള്‍ ആയിരുന്നതിനാല്‍ അന്വേഷണം എങ്ങുമെത്താതെ പോയി.

കേരളത്തെ ഞെട്ടിച്ച മുത്തൂറ്റ് പോള്‍ എം ജോര്‍ജ് കൊലപാതക കേസില്‍ ആദ്യഘട്ടത്തില്‍ പ്രതികളെ അറസ്റ്റ്ചെയ്യാതെ വന്നപ്പോള്‍ സംഭവ സമയത്ത് പോളിനൊപ്പം യാത്രചെയ്ത ഗുണ്ട നേതാവിന് ബിനീഷുമായുള്ള ചങ്ങാത്തം വലിയ ആരോപണങ്ങള്‍ക്ക് വഴിവച്ചു.ഇതിന് പിന്നാലേ ഗുണ്ടനേതാക്കല്‍ തമിഴ്നാട്ടിലെ കോടതിയില്‍ കീഴടങ്ങി.എന്നാല്‍ ഈ കേസുകള്‍ എല്ലാം പിന്നീട് തേഞ്ഞുമാഞ്ഞു പോകുന്നതാണു കണ്ടത്. കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന മേഖല തിരുവന്തപുരത്തേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരി എന്ന പേര് വാര്‍ത്തകളില്‍ ഇടപിടിച്ചത്.കോളേജ് വിദ്യാഭ്യാസ കാലത്ത് മാര്‍ ഇവാനിയോസ് കോളജിലും,ലോ കോളജിലും നടന്ന വിദ്യാര്‍ഥി സമരങ്ങളില്‍ കോടിയേരിയുടെ പുത്രന്‍ താരമായി മാറി. പിന്നീട് 2001ല്‍ പോലീസിനെ ആക്രമിച്ച കേസില്‍ സമരസ്ഥലത്ത് നിന്നു പോലീസ് കസ്റ്റഡിയില്‍ ആയ ബിനീഷിനെ സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി യാണ് പിടിച്ചിറക്കിക്കൊണ്ടുപോയത്. പിന്നാലേ തിരുവന്തപുരത്ത് നടന്ന പല ഗുണ്ട ആക്രമണ കേസുകളിലും ബിനീഷിന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും അവയിലൊന്നും പ്രതിചേര്‍ക്കപ്പെട്ടില്ല. കവിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ ഒരു പ്രമുഖന്റെ മകനെപ്പറ്റി എങ്ങുംതൊടാതെ പറഞ്ഞതിനെ പിന്‍പറ്റിയും ബിനീഷിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു.

ഇത്തരം ആരോപണങ്ങള്‍ക്ക് അല്പം ശമനമുണ്ടായത്, പ്രവാസി കോടീശ്വരന്‍ രവിപിള്ളയുടെ ഹോട്ടല്‍ ശൃംഖലയുടെ വൈസ് പ്രസിഡന്റയി ബിനീഷ് ദുബായ്ക്ക് പോയതോടെയാണ്. എന്നാല്‍ രവിപ്പിളളയ്ക്ക് ഇടതുസര്‍ക്കാരിന്റെ കാലത്ത് പത്മശ്രീ കിട്ടിയതോടെ ബിനീഷ് വീണ്ടും വര്‍ത്തകളില്‍ നിറഞ്ഞു. ഇടത് സര്‍ക്കാരിന്റെ അവസാനകാലത്ത് ബിനീഷിനെതിരായ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു ബിനീഷ് വീണ്ടും കേരളത്തില്‍ സജീവമായി .
സിനിമയിലും,സെലെബ്രിറ്റി ക്രിക്കെറ്റിലും നാടകവേദിയിലും ബിനീഷ് സജീവമായി. വിവിധ വ്യവസായ ഗ്രൂപ്പുകളുടെ ഇടനിലക്കാരനായും,ബിനാമി സാമ്പത്തിക സ്രോതസ് ആയും വളരുന്നതിനിടെയാണ് 2018ല്‍ ദുബായി സ്വദേശി ഹസ്സന്‍ ഇസ്മൈല്‍ അബ്ദുല്ല ആല്‍ മര്‍സുഖി എന്ന വ്യവസായിയെ 13കോടി തട്ടിച്ചു എന്ന കേസില്‍ അകപ്പെടുന്നത്. അദ്ദേഹം തിരുവനന്തപുരത്തെത്തി പത്രസമ്മേളനം നടത്തിയാണ് ആരോപണമുന്നയിച്ചത്.എന്നാല്‍ ഈ കേസ് പിന്നീട് രമ്യമായി പരിഹരിക്കപ്പെട്ടു.

കൊച്ചിയില്‍ അടുത്തകാലത്തെ പലനിശാപാര്‍ട്ടികളിലും കുമരകത്തും മറ്റും നടന്ന സമാന ലഹരിപ്പാര്‍ട്ടികളിലും ബിനീഷിന് പങ്കുള്ളതായി ആരോപണങ്ങളുണ്ട്. തലസ്ഥാനത്തടക്കം പല ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍, വാഹന സ്പെയര്‍പാര്‍ട്സ് കടകള്‍ തുടങ്ങിയവയില്‍ നിശബ്ദ പങ്കാളിയോ ബിനാമിയോ ആണ് ബിനീഷെന്നും ആരോപണങ്ങളുണ്ട്. സ്വകാര്യജീവിതത്തില്‍ വിവാഹത്തിലൂടെയും വാര്‍ത്തയില്‍ നിറഞ്ഞ വ്യക്തിത്വമാണ് ബിനീഷിന്റേത്. വിവാഹനിശ്ചയമെന്നറിയിച്ചിരുന്ന ചടങ്ങില്‍ വച്ച് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹം നടത്തിക്കൊണ്ടായിരുന്നു അത്.
സമീപ കാലത്ത് സി പി എം സമരവേദികളില്‍ കോടിയേരി ബാലകൃഷ്ണനൊപ്പം പങ്കെടുത്ത് ഉശിരന്‍ സഖാവയിമാറുന്നതിനിടെയാണ് ബ0ഗലൂര് മയക്കുമരുന്നു കേസില്‍ ബിനീഷ് അറസ്റ്റിലാകുന്നത് . ബിനീഷിന്റെ അറസ്റ്റിനെ തുടര്‍ന്നു കേരളത്തിലേക്കും ഇതിന്റെ കണ്ണികള്‍ നീളുമൊ എന്നാണ് കേരളം ആകാംഷയോടെ നോക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close