KERALANEWSTrending

ബിരുദവും ബിരുദാനന്തര ബിരുദവും കൊണ്ട് വിശപ്പ് മാറില്ലല്ലോ ! കോവിഡ് മൂലം ജോലി നഷ്ടമായ സിനിമാ നടനും അധ്യാപകനുമായ യുവാവ് കുടുംബം പോറ്റുന്നത് വാഹനങ്ങള്‍ കഴുകി

കോട്ടയം: കോവിഡ് മൂലം ജോലി നഷ്ടമായ ബിരുദാനന്തര ബിരുദധാരിയായ അധ്യാപകന്‍ കാര്‍ വാഷ് സെന്ററില്‍ വാഹനങ്ങള്‍ കഴുകി അതിജീവനത്തിന്റെ പാതയില്‍. സിനിമാനടന്‍ കൂടിയായ മണിമല തുണ്ടിയില്‍ ടോം സെബാസ്റ്റ്യനെന്ന ചെറുപ്പക്കാരനാണ് വാഹനങ്ങള്‍ കഴുകി കുടുംബം പോറ്റുന്നത്. ടോം തന്നെയാണ് തന്റെ ജോലിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

എം.എ ബി.എഡ് പാസായതിനുശേഷം ഹയര്‍ സെക്കണ്ടറിയില്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലുവര്‍ഷത്തെ അധ്യാപക ജോലിക്കുശേഷം ഒരു എയ്ഡഡ് സ്‌കൂളില്‍ രണ്ടുവര്‍ഷം ലീവ് വേക്കന്‍സിയില്‍ അധ്യാപകനായിരുന്നു ടോം. കഴിഞ്ഞ മാര്‍ച്ച് വരെ ഈ ജോലിയുണ്ടായിരുന്നു. ഈ വര്‍ഷം സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ജോലി. പക്ഷേ അപ്പോഴാണ് കോവിഡിന്റെ വരവ്. കൊവിഡ് മൂലം ഇക്കുറി സ്‌കൂള്‍ തുറക്കാതെ വന്നതോടെ ടോമിന് ജോലിയില്‍ പ്രവേശിക്കാനായില്ല. പ്രായവും രോഗവും അലട്ടുന്ന മാതാപിതാക്കളെയും ഭാര്യയും കുഞ്ഞിനേയും പട്ടിണിക്കിടാതിരിക്കാനായാണ് കൂലിപ്പണിക്ക് പോലും പോകാന്‍ ടോം തയ്യാറായത് .

പല ജോലികളും അന്വേഷിച്ചെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെയാണ് കാര്‍ കഴുകുന്ന സ്ഥാപനത്തില്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചത്. ബിരുദവും ബിരുദാനന്തര ബിരുദവും കൊണ്ട് വിശപ്പ് മാറില്ലല്ലോ എന്ന ചോദ്യം ടോം തന്നെ ചോദിക്കുന്നു. കഴിഞ്ഞ രണ്ടുമാസമായി മണിമലയ്ക്കു സമീപമുള്ള കാര്‍ വാഷ് സെന്ററില്‍ വാഹനങ്ങള്‍ കഴുകി വെളുപ്പിക്കുന്നത് ബിരുദാനന്തര ബിരുദമുള്ള അധ്യാപകനാണെന്ന് വാഹനങ്ങള്‍ കഴുകാനെത്തിയവരുമറിഞ്ഞില്ല. സിനിമകളിലും ഷോര്‍ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള ടോം മികച്ചയൊരു ഗായകന്‍ കൂടിയാണ്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വന്നെങ്കിലും ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയില്‍ തല്‍ക്കാലത്തേയ്ക്ക് അഭിനയത്തിനവധി നല്‍കുകയായിരുന്നു .

ഫേസ്ബുക്കില്‍ ടോം തന്റെ അനുഭവം പങ്കുവയ്ക്കുന്നത് ഇങ്ങനെ :

കൊറോണ തന്ന സമ്മാനം എന്നോ സൗഭാഗ്യമെന്നോ എന്ത് വേണേൽ വിളിക്കാം. എന്ത് പണിക്കും അതിന്റെതായ മാന്യത ഉണ്ട് എന്നാണെന്റെ മനോഭാവം. അത് കൊണ്ട് തന്നെ ഈ ഒന്നര മാസത്തെ കൂലിപ്പണിക്ക് എന്നെ ഒരുപാട് വളർത്താനായി.

രണ്ടു ഡിഗ്രികളും ഒരു ബിരുദാനന്തര ബിരുദവും തലയിൽ ചുമന്നു നടന്നാൽ കാര്യങ്ങൾ നടക്കില്ല എന്ന് മനസ്സിലായപ്പോ പിന്നൊന്നും നോക്കിയില്ല.
വണ്ടി എങ്കി വണ്ടി കഴുകൽ എങ്കിൽ കഴുകൽ കക്കാനൊന്നുമല്ലല്ലോ കഷ്ടപ്പെട്ടിട്ടല്ലേ എന്നോർത്തു. ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. വിദ്യാഭ്യാസത്തിന്റെ വിലയും പാവപ്പെട്ട പണിക്കാരുടെ കഷ്ടപ്പാടുകളും അവരനുഭവിക്കുന്ന വിഷമങ്ങളെപ്പറ്റിയും നന്നായി മനസ്സിലായി.

കാശ് കൊടുത്തതിന് ശേഷം ലഭിക്കേണ്ട സർവീസുകൾക്കായി നമ്മളൊക്കെ ഒരു ദാഷിണ്യവും കാണിക്കാറില്ല ജോലിക്കാരോട്. പക്ഷെ അവരും മനുഷ്യരാണ് എന്ന് കൂടി നാം ഓർക്കേണ്ടതാണ് എന്നത് ഇപ്പോളാണെനിക്ക് ശരിക്കും മനസ്സിലായത്.

കൊറോണ കാരണം appointment നീണ്ടു പോയപ്പോ ഒരു crisis സിറ്റുവേഷൻ ഒഴിവാക്കാനാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. അത് കൊണ്ട് എങ്ങനെയും ജീവിക്കാം എന്ന ബോധ്യം ഉറച്ചു. കുട്ടിക്കാലം തൊട്ട് ദാരിദ്രമടക്കം ഒരുപാട് കഷ്ടപ്പാടുകളിലൂടെ, ജീവിത സാഹചര്യങ്ങളിൽ കൂടി കടന്നു പോയത് കൊണ്ടാവാം ഒരാദ്ധ്യാപകനിൽ നിന്നും ഒരു വണ്ടി കഴുകുന്ന ആളിലേക്കുള്ള മാനസിക ഉയർച്ച എന്നിലുണ്ടായത്. Thank God ഇനിയുള്ള വർഷങ്ങളിൽ നല്ലകാലമുണ്ടാവാൻ ഈ കഷ്ടപ്പാടുകൾ എല്ലാം ഞാൻ സന്തോഷത്തോടെ സഹിക്കുന്നു.

എല്ലാവർക്കും സന്തോഷത്തിന്റെ സമ്പൽ സമൃദ്ധിയുടെ പുതുവത്സരമുണ്ടാവട്ടെ. എല്ലാ വ്യാധികളും മനുഷ്യനോടകന്നു പോവട്ടെ.

#ലോകാസമസ്തസുഖിനോഭവന്തു#

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close