
കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഏകജാലകം വഴിയുള്ള ബിരുദപ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിനായി നവംബർ ആറു മുതൽ ഒമ്പതുവരെ പുതുതായി ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്കടക്കം എല്ലാ വിഭാഗക്കാർക്കുമായാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.
നിലവിൽ പ്രവേശനം ലഭിച്ചവർ സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ച് അലോട്ട്മെന്റ് ലഭിച്ചാൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. പുതിയ അലോട്ട്മെന്റിലേക്ക് നിർബന്ധമായും പ്രവേശനം നേടണം. ഓൺലൈൻ അപേക്ഷയിലെ തെറ്റുമൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും ഫീസ് പ്രത്യേകം അടയ്ക്കാതെ പുതുതായി ഓപ്ഷൻ നൽകാം. നിലവിലുള്ള അപേക്ഷ നമ്പരും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന ക്യാപ് വെബ്സൈറ്റിലെ ‘അക്കൗണ്ട് ക്രിയേഷൻ’ ലിങ്കിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന പുതിയ അപേക്ഷ നമ്പരും നിലവിലുള്ള പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതുതായി ഓപ്ഷൻ നൽകാം. പുതിയ അപേക്ഷ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം.
ലോഗിൻ ചെയ്ത് അപേക്ഷയിൽ മുമ്പ് വന്നിട്ടുള്ള തെറ്റുകൾ തിരുത്താവുന്നതും പുതുതായി ഓപ്ഷൻ നൽകാവുന്നതുമാണ്.
മുമ്പ് രജിസ്ട്രേഷൻ നടത്താത്തവർക്കും മറ്റുള്ളവർക്കും ഫീസടച്ച് സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിന് ശ്രമിക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയ ശേഷം അപേക്ഷ ‘സേവ്’ ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. വിവിധ കോളജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം ക്യാപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.