
ന്യൂഡല്‍ഹി:ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ എന്‍ഡിഎയിലെ ഭിന്നതയും രൂക്ഷം. ഘടകകക്ഷികളായ നിതീഷ് കുമാറിന്റെ ജെഡിയുവും ചിരാഗ് പസ്വാന്റെ എല്‍ജെപിയുമായുള്ള ചേരിപ്പോര് ബിജെപിക്ക് കൂടുതല്‍ തലവേദനയായി. എന്‍ഡിഎ സഖ്യത്തില്‍ സീറ്റുകിട്ടാതെ പോയ എല്‍ജെപി ജെഡിയു മത്സരിക്കുന്ന എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന വാശിയിലാണ്. എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയെന്ന ലക്ഷ്യത്തോടെ ബിജെപിയാണ് എല്‍ജെപിക്കു പിന്നില്‍ കളിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
എല്‍ജെപിയുടെ നിലപാട് മുന്നണി കെട്ടുറപ്പിനെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ ബിജെപി വെള്ളിയാഴ്ച ചിരാഗ് പസ്വാനെ തള്ളിപ്പറഞ്ഞു. ജെഡിയുവിനെതിരായി മത്സരിക്കുന്ന കാര്യം അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് ചിരാഗ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ചിരാഗ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിഹാറില്‍ എല്‍ജെപി വേറിട്ട പാതയിലാണെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ചിരാഗിന്റെ പാര്‍ടി വോട്ടു തിന്നുന്ന പാര്‍ടി മാത്രമാകുമെന്നും- ജാവദേക്കര്‍ പറഞ്ഞു.
ബിജെപി നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചതായി ചിരാഗ് പ്രതികരിച്ചു. മോഡിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നാണ് പറയുന്നത്. തന്റെ നെഞ്ച് പിളര്‍ത്തിയാല്‍ മോഡിയെ കാണാനാകും. മോഡിയുടെ ചിത്രങ്ങള്‍ നിതീഷിനാകും വേണ്ടിവരിക. അദ്ദേഹം അരക്ഷിതനാണ്. തന്റെ അച്ഛന് മരിച്ചപ്പോള്‍ നേരില്‍ അനുശോചനംപോലും അദ്ദേഹം രേഖപ്പെടുത്തിയില്ലെന്നും- ചിരാഗ് കുറ്റപ്പെടുത്തി.