പാട്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ആദ്യ ഘട്ടത്തില്‍ 71 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 243 സീറ്റുകളുള്ള നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.ഭരണകക്ഷിയായ എന്‍ഡിഎ സഖ്യവും രാഷ്ട്രീയ ജനതാദളും ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ചേരുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം. ജെഡിയുവിനും ബിജെപിക്കും പുറമെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവ എന്‍ഡിഎ സഖ്യത്തിലുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന എല്‍ജെപി തനിച്ച് മത്സരിക്കുന്നത് പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിനും കാരണമായി.
സംസ്ഥാനത്തെ കടുത്ത ഭരണവിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലയിടങ്ങളിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ക്ക് ജനങ്ങളില്‍ നിന്ന് പ്രതിഷേധം നേരിടേണ്ടിവന്നു. നിതീഷുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ച എല്‍ജെപി ജെഡിയു മത്സരിക്കുന്ന മിക്കസീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ തുടങ്ങിയ ദേശീയ നേതാക്കള്‍ എത്തിയതോടെ പ്രചാരണത്തിന് ചൂടേറിയിരിക്കുകയാണ്.
സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇടതുപാര്‍ട്ടികളുടെ പ്രചാരണം. 16 ജില്ലകളിലായുള്ള 71 മണ്ഡലങ്ങളിലായി 1066 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇവരില്‍ 114 പേരാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍. 31,380 പോളിങ് ബൂത്തുകളിലായി 2.14 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ആദ്യഘട്ടത്തിലെ മണ്ഡലങ്ങളില്‍ ആര്‍ജെഡി 42 സീറ്റിലും ജെഡിയു 35 സീറ്റിലും ബിജെപി 29 സീറ്റിലും കോണ്‍ഗ്രസ് 21 സീറ്റിലും ഇടതുപാര്‍ട്ടികള്‍ എട്ട് സീറ്റിലും ജനവിധി തേടുന്നുണ്ട്.