INDIATrending

ബിഹാറില്‍ ബിജെപിയുടെ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്ത ബിജെപിയുടെ നടപടി മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമല്ലെന്ന് ഇലക്ഷന്‍ കമ്മിഷന്‍. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിഹാര്‍ ജനങ്ങള്‍ക്ക് ബിജെപി സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.വാക്സിന്‍ നയം ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ ഈ പ്രഖ്യാപനം കേന്ദ്രസര്‍ക്കാരിന്റെ അധികാരങ്ങളുടെ കടുത്ത ലംഘനമാണെന്നും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെ നല്‍കിയ പരാതിക്ക് മറുപടിയായാണ് ഇസിയുടെ ക്ലീന്‍ ചിറ്റ്.25 കോടി ആളുകള്‍ക്ക് പ്രതിമാസം 6,000 രൂപ അഥവാ പ്രതിവര്‍ഷം 72,000 രൂപ ഉറപ്പുനല്‍കുന്ന കോണ്‍ഗ്രസിന്റെന്യായ് (ചഥഅഥ) പദ്ധതിക്കെതിരെ കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ലഭിച്ച പരാതിയില്‍ കമ്മിഷന്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്.

ഒക്ടോബര്‍ 28 ന് കമ്മിഷന്‍ ഗോഖലെക്ക് നല്‍കിയ മറുപടിയില്‍, എംസിസിയില്‍ നിന്നുള്ള മൂന്ന് വ്യവസ്ഥകള്‍ ഉദ്ധരിക്കുന്നു: സംസ്ഥാന തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഭരണഘടനയെ നിന്ദിക്കുന്ന ഒന്നും അടങ്ങിയിരിക്കരുത്; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെ ദുര്‍ബലപ്പെടുത്തുന്ന അല്ലെങ്കില്‍ വോട്ടറില്‍ അനാവശ്യ സ്വാധീനം ചെലുത്തുന്ന വാഗ്ദാനങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം; ഒപ്പം വാഗ്ദാനങ്ങളുടെ പിന്നിലെ യുക്തിയെ പ്രതിഫലിപ്പിക്കുകയും വേണം. നിര്‍ദ്ദിഷ്ട തിരഞ്ഞെടുപ്പിനായി പ്രകന പത്രികകള്‍ എപ്പോഴും പുറപ്പെടുവിക്കുമെന്നും മറുപടി ചൂണ്ടിക്കാട്ടുന്നു.”മേല്‍പ്പറഞ്ഞവ കണക്കിലെടുത്ത്, ഈ വിഷയത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനമൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല,” ഗോഖലെക്ക് നല്‍കിയ മറുപടി പറയുന്നു.കോവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ജനങ്ങളുടെ ഭയത്തെ മുതലെടുക്കുന്നു എന്നും ആരോപിച്ച് ആര്‍ജെഡിയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കഴിഞ്ഞയാഴ്ച ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.മന്ത്രി നിര്‍മല സീതാരാമനാണ് കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ ബിഹാര്‍ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ”കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ബീഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ ഒരു മാതൃക മുന്നോട്ടുവച്ചിട്ടുണ്ട്. ഐസിഎംആറില്‍ നിന്നുള്ള അനുമതികള്‍ക്കുശേഷം കോവിഡിനെതിരായി ഒരു വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ എല്ലാ ബീഹാര്‍ നിവാസികള്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നല്‍കുമെന്നാണ് ഞങ്ങളുടെ വാഗ്ദാനം,” എന്ന് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സൗജന്യ വാക്‌സിന്‍ വാഗ്ദാനം ചെയ്യുന്നത് ബിജെപിയുടെ ”നിരാശ” കാണിക്കുന്നുവെന്നും ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് സൗജന്യ കോവിഡ് വാക്‌സിന്‍ ലഭിക്കുമോ എന്നും പ്രതിപക്ഷം ആരാഞ്ഞിരുന്നു.”കൊറോണ വാക്‌സിന്‍ രാജ്യത്തിന്റേതാണ്. അത് ബിജെപിയുടേതല്ല. രോഗത്തിന്റെയും മരണത്തിന്റെയും ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്നാണ് വാക്‌സിനിന്റെ രാഷ്ട്രീയ വല്‍ക്കരണം കാണിക്കുന്നത്. ബീഹാറിലെ ജനങ്ങള്‍ക്ക് ആത്മാഭിമാനമുണ്ട്, അവര്‍ അവരുടെ മക്കളുടെ ഭാവി, കുറച്ച് ചില്ലിക്കാശിന് വേണ്ടി വില്‍ക്കുന്നില്ല,” എന്നാണ് ആര്‍ജെഡി പറഞ്ഞത്.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഭരണകക്ഷിക്കെതിരെ ഈ വിഷയത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ”കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് ലഭ്യതാ നയം പ്രഖ്യാപിച്ചു. തെറ്റായ ഒരു കൂട്ടം വാഗ്ദാനങ്ങള്‍ക്കൊപ്പം അത് നിങ്ങള്‍ക്ക് എപ്പോള്‍ ലഭിക്കുമെന്ന് അറിയാന്‍ സംസ്ഥാനാടിസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ദയവായി പരിശോധിക്കുക,” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.എന്നാല്‍ തങ്ങളുടെ വാഗ്ദാനങ്ങളെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തിയിരുന്നു. തികച്ചും ശരിയായ രീതിയിലുള്ള കാര്യമാണതെന്ന് മന്ത്രി പറഞ്ഞിരുന്നു.”ഇത് ഒരു പ്രകടന പത്രികാ പ്രഖ്യാപനമാണ്. ഒരു പാര്‍ട്ടിക്ക് അവര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്താണ് ചെയ്യുകയെന്ന് പ്രഖ്യാപിക്കാന്‍ കഴിയും. അതാണ് കൃത്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യം എന്നത് സംസ്ഥാനത്തിന്റെ വിഷയമാണ്. ഇത് തികച്ചും ശരിയായ രീതിയിലാണ്.’

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close