
പട്ന:ബിഹാറില്‍ മഹാസഖ്യം സീറ്റ് ധാരണയിലായി. ആര്.ജെ.ഡി നേതാവ് തേജസ്വി യാദവാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ആകെ 243 സീറ്റില്‍ 144 എണ്ണത്തില്‍ ആര്.ജെ.ഡിയും 70 എണ്ണത്തില്‍ കോണ്‍ഗ്രസും മത്സരിക്കും.
രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയുമായി ധാരണയാകാത്തതിനാല്‍ എന്‍.ഡി.എയുടെ സീറ്റ് വിഭജനം നീളുന്നതിനിടെയാണ് മഹാസഖ്യം സീറ്റ് ധാരണയായത്. നിലവിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് നയിക്കുന്ന മുന്നണിയില്‍ 70 സീറ്റുകളില്‍ കോണ്‍ഗ്രസും 29 സീറ്റുകളില്‍ സി.പി.എം, സി.പി.ഐ അടക്കമുള്ള ഇടത് പാര്‍ട്ടികളും മത്സരിക്കും.
ആര്.ജെ.ഡി മത്സരിക്കുന്ന 144 സീറ്റില്‍ എട്ട് സീറ്റുകള്‍ രണ്ട് ചെറുപാര്‍ട്ടികള്‍ക്കായി വീണ്ടും വീതിക്കും. നിലവില്‍ 81 സീറ്റാണ് പ്രതിപക്ഷത്തിന് നിയമസഭയില്‍ ഉള്ളത്. അതേസമയം ബി.എസ്.പി നേതൃത്വം നല്കുന്ന ത്രികക്ഷി സഖ്യത്തിലെ ആര്.എസ്.എല്‍.പി സംസ്ഥാന പ്രസിഡന്റ് ഭാരത് ബിന്ദ് പാര്‍ട്ടി വിട്ടി ആര്.ജെ.ഡിയില്‍ ചേര്‍ന്നു.