
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബി.ടെക് പരീക്ഷ കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍നിന്ന് പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍. നാല് കോളേജുകളില്‍നിന്നാണ് ഇത്രയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇന്‍വിജിലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ പുറത്തുവെച്ച് മറ്റൊരു ഫോണുമായാണ് വിദ്യാര്‍ഥികള്‍ പരീക്ഷാഹാളിലേക്ക് പ്രവേശിച്ചതെന്നും കണ്ടെത്തി.ഒരു കോളേജില്‍നിന്ന് മാത്രം 16 ഫോണുകളാണ് പിടിച്ചെടുത്തത്. മറ്റൊരു കോളേജില്‍നിന്ന് 10 ഫോണുകളും വിദ്യാര്‍ഥികളില്‍നിന്ന് പിടികൂടി.
ഹൈടെക്ക് കോപ്പിയടിക്കായി ഒട്ടേറെ വാട്സാപ്പ് ഗ്രൂപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഏകദേശം 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ ഈ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വന്നതായും കണ്ടെത്തിയിട്ടുണ്ട്.മൊബൈല്‍ ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിയ വിദ്യാര്‍ഥികള്‍ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വാട്സാപ്പ് ഗ്രൂപ്പില്‍ ഇടുന്നതാണ് കോപ്പിയടിയുടെ ആദ്യഘട്ടം. ചോദ്യപേപ്പര്‍ അപ് ലോഡ് ചെയ്താല്‍ ഇതിന്റെ ഉത്തരങ്ങളും ഗ്രൂപ്പിലെത്തും. ഹൈടെക്ക് കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കിയിരുന്നു. അതേസമയം, കോപ്പിയടി വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കണമോ എന്നകാര്യത്തില്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമെടുക്കും.