WORLD

ബെയ്റൂട്ടിലെ പോര്‍ട്ടില്‍ സൂക്ഷിച്ച അമോണിയം നൈട്രേറ്റ് റഷ്യന്‍ ബിസിനസ്സുകാരന്‍ ഉപേക്ഷിച്ചത്; ആറ് വര്‍ഷമായി പിടിച്ചെടുത്ത കെമിക്കലിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ കാര്യമാക്കിയില്ല

ബെയ്‌റൂട്ട്: കഴിഞ്ഞ ആറ് വര്‍ഷമായി ബെയ്റൂട്ട് പോര്‍ട്ടിലെ സുരക്ഷാ വിഭാഗത്തില്‍ ജോലിയിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും വീട്ടുതടങ്കലിലാക്കി ലെബനണ്‍. നഗരത്തെ അപ്പാടെ തകര്‍ത്ത കനത്ത സ്ഫോടനം സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. ഉത്തരവാദികളായവര്‍ വില നല്‍കേണ്ടി വരുമെന്ന് രാഷ്ട്രീയ നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ സംഭവങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച് തിരികെ വിരല്‍ചൂണ്ടുകയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. പലതവണ അപകടം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പോര്‍ട്ടിലെ വെയര്‍ഹൗസ് 12-ല്‍ അപകടകാരിയായ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിര്‍മ്മാണസാമഗ്രികള്‍ സൂക്ഷിക്കുന്ന ചാക്കിലാണ് സ്ഫോടക ശേഷിയുള്ള കെമിക്കലുകള്‍ സൂക്ഷിച്ചത്. റഷ്യന്‍ ബിസിനസ്സുകാരന്‍ ഇഗോര്‍ ഗ്രെഷൂഷ്‌കിന്‍ 2013 സെപ്റ്റംബറില്‍ ഇത് ഉപേക്ഷിച്ചതോടെയാണ് പോര്‍ട്ടില്‍ ഇവ എത്തിച്ച് ആറ് വര്‍ഷക്കാലം സൂക്ഷിച്ചത്. മുന്‍ സോവിയറ്റ് റിപബ്ലിക്ക് ജോര്‍ജ്ജിയയില്‍ നിന്നും മൊസാംബിക്കിലേക്ക് പോകുമ്പോഴാണ് ഇതുമായി സഞ്ചരിച്ച കപ്പല്‍ പിടിച്ചത്. പിന്നീട് ഇതിന് ആവശ്യം ഉന്നയിച്ച് ആരും വന്നതുമില്ല.

സ്‌ഫോടനത്തില്‍ തകര്‍ന്ന അമോണിയം നൈട്രേറ്റ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നു (ഫയല്‍ ചിത്രം)


ചൊവ്വാഴ്ച വൈകുന്നേരമാണ് വെയര്‍ഹൗസ് 9-ല്‍ ഉണ്ടായ തീപിടുത്തം 2750 ടണ്‍ വരുന്ന കെമിക്കലിന് തീകൊളുത്തിയത്. ഹിരോഷിമ ആണവ സ്ഫോടനത്തിന്റെ അഞ്ച് ഭാഗം ശേഷിയുള്ള മൂന്ന് കിലോടണ്‍ സ്ഫോടനമാണ് ബെയ്റൂട്ടില്‍ ഈ കെമിക്കല്‍ മൂലം അരങ്ങേറിയത്. സിവിലിയന്‍ പോര്‍ട്ടില്‍ ഈ തോതില്‍ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചത് മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യമാണെന്ന് ബെയ്റൂട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റാഗിഗ ഡെര്‍ഹാം ചൂണ്ടിക്കാണിച്ചു. ഇതില്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടരുത്. അപലപിച്ചാല്‍ മാത്രം പോരാ, സ്വന്തം വീടും സുഹൃത്തുക്കളെയും നഷ്ടമായ ഡെര്‍ഹാം പ്രതികരിച്ചു.
ഇതിനിടെ സ്ഫോടനത്തില്‍ പെട്ട് മരിച്ചവരുടെ എണ്ണം 135-ലേക്ക് ഉയര്‍ന്നതായി ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ എണ്ണം ഏകദേശം 5000-ലേക്ക് ഉയര്‍ന്നു. ഡസന്‍ കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. അനാസ്ഥയാണ് നഗരത്തെ ഈ വിധം തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്. ലെബനീസ് രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതിയും, മോശം ഭരണവും ചേര്‍ന്ന് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് ഇടയില്‍ ഈ ആഘാതം കൂടി വന്നതോടെ ജനങ്ങള്‍ക്കിടയില്‍ രോഷം അണപൊട്ടുകയാണ്.

Show More

Related Articles

Back to top button
Close