INSIGHTNEWSWORLD

ബൈഡനു നല്ലകാലം; കമലയ്ക്ക് നിര്‍ണായക വേഷവും

പി പി മാത്യു

ജോസഫ് ബൈഡനു സമാധാനമായി അമേരിക്ക ഭരിക്കാം. യു എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും കൈയ്യില്‍ ഒതുങ്ങി. തെരഞ്ഞെടുപ്പില്‍ തട്ടിപ്പു നടന്നു എന്ന് ആരോപിച്ചു അതിനെ അട്ടിമറിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ എല്ലാം പൊളിഞ്ഞു. ജനുവരി ആറിന്, ബുധനാഴ്ച്ച, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലം ശരി വയ്ക്കാന്‍ സമ്മേളിച്ചപ്പോള്‍ വലതുപക്ഷ-ക്രിസ്ത്യന്‍ തീവ്രവാദികളെ അഴിച്ചു വിട്ടു ട്രംപ് കോണ്‍ഗ്രസിന്റെ ആസ്ഥാനമായ ക്യാപിറ്റോളില്‍ രക്ത ചൊരിച്ചില്‍ ഉണ്ടാക്കിയതോടെ, ശേഷിക്കുന്ന ദിവസങ്ങള്‍ പ്രസിഡന്റായി തുടരാന്‍ അദ്ദേഹത്തെ അനുവദിക്കരുതെന്ന ആവശ്യവും ഉയര്‍ന്നു. അതിനുള്ള ഭരണഘടനാ വകുപ്പ് പ്രയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തയാറായില്ലെങ്കില്‍ ട്രംപിനെ കുറ്റവിചാരണ നടത്തുമെന്ന് അധോസഭയായ ഹൗസിന്റെ സ്പീക്കര്‍ നാന്‍സി പെലോസി പ്രഖ്യാപിച്ചിട്ടുമുണ്ട്. 25-ആം ഭേദഗതി എന്ന് അറിയപ്പെടുന്ന വ്യവസ്ഥ അനുസരിച്ചു, മാനസികമായോ ശാരീരികമായോ അപ്രാപ്തനായ പ്രസിഡന്റിനെ നീക്കി അധികാരമേല്‍ക്കാന്‍ വൈസ് പ്രസിഡന്റിനു കഴിയും.

ട്രംപ് ചരിത്രത്തിന്റെ ചപ്പുകുട്ടയില്‍ വീണു കിടക്കുമ്പോള്‍, ബൈഡനു രാജ്യത്തിന്റെ വലിയ പിന്തുണയുണ്ട്. ഏറ്റവും പ്രധാനം, പുതിയ പ്രസിഡന്റിനെ നടപടികള്‍ അംഗീകരിക്കേണ്ട സെനറ്റിനെ കൈയ്യില്‍ ഒതുക്കാന്‍ കഴിഞ്ഞു എന്നതാണ്. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള ഒരു സെനറ്റ് തീര്‍ച്ചയായും പല മന്ത്രിസഭാംഗങ്ങളെയും സ്ഥിരപ്പെടുത്താന്‍ വിസമ്മതിച്ചേനെ. അതേ പോലെ, കാലാവസ്ഥാ കരാറും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും പോലെ ബൈഡന്റെ മുന്‍ഗണനാ വിഷയങ്ങള്‍ പലതും നടപ്പാക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയാനും സെനറ്റിനു കഴിയുമായിരുന്നു. ഇപ്പോള്‍ 50 സീറ്റ് വീതമാണ് ഇരു പാര്‍ട്ടികള്‍ക്കും. എന്നാല്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു കാസ്റ്റിംഗ് വോട്ട് അധികാരമുണ്ട്. അതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ബൈഡനെ കൂച്ചുവിലങ്ങിടാന്‍ കഴിയില്ല എന്ന് തീര്‍ച്ചപ്പെടുന്നു.

ജോര്‍ജിയയിലെ രണ്ടു സെനറ്റ് സീറ്റുകളില്‍ ജനുവരി ആറിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ ചരിത്ര വിജയം നേടിയതോടെയാണ് സെനറ്റ് 50 – 50 എന്ന നിലയില്‍ എത്തിയത്. ഈ ഫലം തന്നെ ട്രംപിന്റെ വെറുക്കപ്പെട്ട നിലപാടുകള്‍ കാരണം ഉണ്ടായതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരോപിക്കുന്നുണ്ട്. അക്കാര്യം പകല്‍ പോലെ വ്യക്തമാണ്. പ്രത്യേകിച്ച്, ആദ്യത്തെ കറുത്ത വര്‍ഗക്കാരനെ സെനറ്റില്‍ എത്തിച്ച വിജയത്തില്‍ ആഫ്രിക്കന്‍ വംശജരുടെ ഊര്‍ജിതമായ പ്രവര്‍ത്തനം ഉണ്ടായിരുന്നു എന്ന് വിലയിരുത്തലുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കാനുള്ള അന്തസ് ട്രംപിന് ഉണ്ടായിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞേനെ എന്ന് പാര്‍ട്ടി കരുതുന്നു. കള്ളവോട്ട് സംഘടിപ്പിക്കാന്‍ വരെ ട്രംപ് ശ്രമം നടത്തിയത് രഹസ്യമല്ല. ജോര്‍ജിയയിലെ ഒരു പാര്‍ട്ടി നേതാവിനോട് അദ്ദേഹം ഇക്കാര്യം സംസാരിച്ചതിന്റെ ടേപ്പ് പുറത്തു വന്നിട്ടുണ്ട്.

എന്നാല്‍ ബുധനാഴ്ച്ച ട്രംപ് അനുയായികളെ അഴിച്ചു വിട്ടു പരിപാവനമായി കരുതപ്പെടുന്ന കോണ്‍ഗ്രസിന്റെ ആസ്ഥാനം രക്തപങ്കിലമാക്കിയ രാത്രിയാണ് അമേരിക്കയും ലോകവും പതിറ്റാണ്ടുകളോളം ഞെട്ടലോടെ ഓര്‍ക്കാന്‍ പോകുന്നത്. അമേരിക്കയുടെ രണ്ടര നൂറ്റാണ്ടുകളോളം വരുന്ന രാഷ്ട്രീയ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവമില്ല. അതോടെ ട്രംപ് സ്വന്തം ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു. ഒടുവില്‍ നീക്കം ചെയ്യപ്പെടും എന്ന ഭീഷണിക്കു മുന്നില്‍ മുട്ടുകുത്തി വ്യാഴാഴ്ച്ച ട്രംപ് പറഞ്ഞു അധികാര കൈമാറ്റം സുഗമമായി നടത്തും എന്ന്. അതിനു അദ്ദേഹത്തിന്റെ സഹായം ആവശ്യമില്ല എന്നതാണ് സത്യം. ഭരണഘടനാ സംവിധാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. അതേ സമയം, അനുയായികള്‍ നടത്തിയ അക്രമത്തെ അപലപിക്കാനും ട്രംപ് നിര്‍ബന്ധിതനായി എന്നത് ശ്രദ്ധിക്കണം. സ്വന്തം പാര്‍ട്ടിയും വൈസ് പ്രസിഡന്റും വരെ തന്റെ അതിക്രമങ്ങള്‍ക്കു കൂട്ടു നില്ക്കാന്‍ തയ്യറാകില്ല എന്ന സത്യം ട്രംപ് ഉള്‍ക്കൊണ്ടു എന്നാണ് അതിന്റെ സൂചന. എന്നാല്‍ അതൊക്കെ മനസിലാക്കാന്‍ ഇത്രയും വൈകി എന്നത് തന്നെ ട്രംപിന്റെ മാനസികാവസ്ഥ തകരാറിലാണ് എന്ന സംശയം ഉയര്‍ത്തുന്നു.

‘കടുത്ത മത്സരം കഴിഞ്ഞ ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്,’ ട്രംപ് വ്യാഴാഴ്ച്ച പുറത്തു വന്ന ടേപ്പില്‍ പറയുന്നു. ‘വികാരങ്ങള്‍ രൂക്ഷമാണ്. പക്ഷെ ശാന്തത കൈവരിക്കേണ്ട സമയമായി. പുതിയൊരു ഭരണകൂടം ജനുവരി 20 നു അധികാരമേല്‍ക്കും. സുഗമമായ കൈമാറ്റത്തിലാണ് ഇപ്പോള്‍ എന്റെ ശ്രദ്ധ. മുറിവുകള്‍ ഉണക്കാനും ഒത്തുതീര്‍പ്പുകള്‍ ഉറപ്പാക്കാനുമുള്ള സമയമാണിത്.’തെരഞ്ഞെടുപ്പ് ഫലം വന്നു രണ്ടു മാസം പിന്നിടുമ്പോഴാണ് ആദ്യമായി ഈ പരാജയ സമ്മതം. ഒരു ദിവസം മുന്‍പാണ് ഒരിക്കലും പരാജയം സമ്മതിക്കില്ല എന്ന് അനുയായികളോട് അദ്ദേഹം പറഞ്ഞത്. ബൈഡന്റെ വിജയം അംഗീകരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ തടയാന്‍ അന്ന് അദ്ദേഹം അവരോടു ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് അവര്‍ പരിപാവനമായ നിയമനിര്‍മാണ സഭയിലേക്കു തള്ളിക്കയറിയത്. ക്യാപിറ്റോളില്‍ കാവല്‍ നില്‍ക്കുന്ന പൊലീസ് ഓഫീസര്‍ ബ്രയാന്‍ സിക്നിക്ക് ഉള്‍പ്പെടെ നാലു പേര് അക്രമത്തില്‍ മരിച്ചു. ഒരു സ്ത്രീയുമുണ്ട് അക്കൂട്ടത്തില്‍. വ്യോമസേനയില്‍ അംഗമായിരുന്ന ആഷ്ലി ബാബിറ്റ്. 35 വയസിലാണ് ക്യാപിറ്റോളില്‍ ഇടിച്ചു കയറി ട്രംപിനു വേണ്ടി അവര്‍ ജീവന്‍ കളഞ്ഞത്. അഫ്ഘാനിസ്ഥാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ച ആഷ്ലി, ട്രംപിന്റെ വംശീയ ഭ്രാന്തില്‍ ആകൃഷ്ടയായി അക്രമത്തില്‍ പങ്കു ചേരുകയായിരുന്നു. ക്യാപിറ്റോള്‍ പൊലിസ് മേധാവി സ്റ്റീവന്‍ സാന്‍ഡ് രാജിവച്ചൊഴിഞ്ഞു.

രാജ്യദ്രോഹമാണ് ട്രംപിനും കൂട്ടര്‍ക്കും എതിരെ ഉയരുന്ന ആരോപണം. നീതിന്യായ വകുപ്പ് ഒരു അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമത്തില്‍ പങ്കെടുത്ത നിരവധി തീവ്രവാദികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുമുണ്ട്. അക്രമം തടയാന്‍ നാഷനല്‍ ഗാര്‍ഡിനെ വിളിക്കാന്‍ പോലും ട്രംപ് തയാറായില്ല എന്നതാണ് ഞെട്ടിക്കുന്ന സത്യം. വൈസ് പ്രഡിഡന്റ് പെന്‍സ് ആണ് അതിനു മുന്‍കൈയെടുത്തത്. വ്യാഴാഴ്ച്ച പുറത്തു വിട്ട പ്രസ്താവനയില്‍ പക്ഷെ ട്രംപ് പറയുന്നത് ഇങ്ങിനെ: ‘ക്യാപിറ്റോളില്‍ അതിക്രമിച്ചു കടന്നവര്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഇരിപ്പടം അപങ്കിലമാക്കി. അക്രമത്തിനും നശീകരണത്തിനും കാരണക്കാരായവര്‍ നമ്മുടെ രാജ്യത്തിന്റെ സ്വന്തമല്ല. നിയമം ലംഘിച്ചവര്‍ക്കു അതിന്റെ ശിക്ഷ വാങ്ങേണ്ടി വരും.’


അക്രമത്തിനു ആഹ്വാനം ചെയ്ത ട്രംപിനെ പുറത്താക്കാന്‍ ഡെമോക്രറ്റുകള്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. ട്രംപിന്റെ കൂടെ നിന്നവര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു അകന്നു പൊയ്‌കൊണ്ടിരിക്കുന്നു. മന്ത്രിസഭയില്‍ നിന്ന് ട്രാന്‍സ്പോര്‍റ്റേഷന്‍ സെക്രട്ടറി എലൈന്‍ ചാവോ, വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ഡെവോസ് എന്നിവര്‍ വ്യാഴാഴ്ച രാജി വച്ചു. ഡെവോസ് തന്റെ രാജിക്കത്തില്‍ ട്രംപിനെതിരെ ആഞ്ഞടിക്കുന്നുണ്ട്. ബുധനാഴ്ചത്തെ അക്രമങ്ങള്‍ക്കു കാരണം ട്രംപിന്റെ വാക്കുകള്‍ ആണെന്ന് അവര്‍ പറഞ്ഞു. ‘ഇന്നലെ സംഭവിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന തലത്തില്‍ നില്‍ക്കേണ്ട രാജ്യമാണ് അമേരിക്ക എന്ന് മനസിലാക്കേണ്ട പുതിയ തലമുറയെ ആണ് താങ്കള്‍ അഴിച്ചു വിട്ടു അക്രമത്തിനു പ്രേരിപ്പിച്ചത്.
‘അക്രമത്തിനു പ്രേരണയാവുകയും നമ്മുടെ നിലനില്‍പിനെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന ഭാഷ എനിക്ക് സ്വീകാര്യമല്ല.

ട്രംപിന്റെ ദേശരക്ഷാ ഉപദേഷ്ടാവ് മാറ്റ് പോട്ടിംഗെര്‍ ബുധനാഴ്ച രാജി പ്രഖ്യാപിച്ചിരുന്നു. ട്രംപിനെ പുറത്താക്കണം എന്ന് അദ്ദേഹത്തിന്റെ മുന്‍ രാജ്യരക്ഷ ഉപദേഷ്ടാവ് ജെയിംസ് മാറ്റിസ് ആവശ്യപ്പെട്ടു. രാജികള്‍ ഇനിയും ഉണ്ടാവും എന്ന് യു എസ് മാധ്യമങ്ങള്‍ പറയുന്നു. ഇനി സ്വന്തം തടി രക്ഷിക്കുക എന്നത് മാത്രമാണ് സഹായികള്‍ക്കു ചെയ്യാനുള്ളത്. സ്വതന്ത്ര മാധ്യമങ്ങളെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ച ട്രംപ് ചരിത്രത്തിലെ പ്രാകൃതരായ ഏകാധിപതികളെയാണ് ഓര്‍മപ്പെടുത്തുന്നതെന്നു ശക്തമായ ഒരു പ്രസംഗത്തില്‍ ബൈഡന്‍ വ്യാഴാഴ്ച പറഞ്ഞു. ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ട്രംപിനു വിലക്കു കല്‍പിച്ചതോടെ അദ്ദേഹത്തിന്റെ ശബ്ദവും ആരും കേള്‍ക്കില്ല എന്ന നിലയായി.
എഴുപത് ലക്ഷം ജനകീയ വോട്ടുകളും 74 ഇലക്ടറല്‍ വോട്ടുകളും അധികം നേടിയാണ് ബൈഡന്‍ വിജയിച്ചത് എന്ന സത്യം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ചരിത്ര വിജയം തന്നെയാണത്. ജനുവരി 20 നു സത്യപ്രതിജ്ഞ കാണാന്‍ ട്രംപ് എത്താനിടയില്ല. എന്നാല്‍ മൈക്ക് പെന്‍സ് ഉണ്ടായേക്കാം. റിപ്പബ്ലിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷ് ഉണ്ടാവും എന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ മുറിവുകള്‍ ഉണക്കാനുള്ള പരിശ്രമത്തെ പിന്തുണയ്ക്കുന്നു എന്ന് ബുഷ് പറഞ്ഞിരുന്നു.
ബൈഡന്‍ ഉള്‍പ്പെടെ ഡെമോക്രറ്റുകള്‍ ട്രംപിനെതിരെ ഉപയോഗിക്കാന്‍ കാത്തു വച്ച ആയുധങ്ങള്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ ഉപയോഗിക്കുന്നതായാണ് കാണുന്നത്.

കാര്യങ്ങള്‍ അത്രയൊക്കെ അനുകൂലമാണെങ്കിലും ബൈഡനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍ ആണെന്ന സത്യവും ശേഷിക്കുന്നു. അമേരിക്കയുടെ മുറിവുകള്‍ ഉണക്കാന്‍ തന്നെ അദ്ദേഹം നന്നേ പരിശ്രമിക്കേണ്ടി വരും. വംശീയ വിദ്വേഷത്തിന്റെ ലഹരി പിടിച്ച ട്രംപ് അനുയായികള്‍ തുടര്‍ന്നും രക്തം ചൊരിയും, ഉറപ്പാണ്. അതിനപ്പുറം, ഊര്‍ജിതമായി തന്നെ അന്തരാഷ്ട്ര ബന്ധങ്ങളില്‍ ബൈഡന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇറാനുമായുള്ള ആണവ നിയന്ത്രണ കരാര്‍, കാലാവസ്ഥാമാറ്റം സംബന്ധിച്ച പാരീസ് കരാര്‍ എന്നിവയൊക്കെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിനു വിമര്‍ശനം നേരിടേണ്ടതായും വരും.

എന്നാല്‍ കോവിഡ് മഹാമാരിയാണ് ഏറ്റവും വലിയ വെല്ലുവിളി. വ്യാഴാഴ്ച 4,000 മരണമാണ് അമേരിക്ക കണ്ടത്. വാക്സിന്‍ വിതരണത്തില്‍ ഗുരുതരമായ പാളിച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗണനാ ക്രമങ്ങള്‍ പാലിക്കുന്നില്ല, ആശുപത്രികള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ല എന്നിങ്ങനെ പല പരാതികള്‍ ഉണ്ട്. കുത്തിവയ്ക്കാന്‍ ആളുകള്‍ വിസമ്മതിക്കുന്നുണ്ട് താനും. കോവിഡ് വെറും മാധ്യമ സൃഷ്ടിയാണ് എന്ന് അവകാശപ്പെട്ടിരുന്ന ട്രംപിന്റെ ഭരണം ബാക്കി വച്ച ഏറ്റവും വലിയ ദുരിതം. രണ്ടായിരം ഡോളര്‍ വീതം ഓരോ പൗരനും നല്‍കി സാമ്പത്തിക തകര്‍ച്ചയില്‍ കൈത്താങ്ങാവുക എന്നതാണ് യു എസ് കോണ്‍ഗ്രസ് ഉടന്‍ ചെയ്യാനുള്ളത്. ഈ നടപടി ട്രംപ് തടഞ്ഞു വച്ചിരിക്കയാണ്. സെനറ്റിന്റെ പുതിയ നേതാവാകുന്ന ഡെമോക്രാറ്റ് ചാള്‍സ് ഷൂമര്‍ ബുധനാഴ്ച പറഞ്ഞു: ‘സെനറ്റ് കൂടിക്കഴിഞ്ഞാല്‍ ആദ്യം ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ഒന്ന് ഓരോ അമേരിക്കന്‍ കുടുംബത്തിനും 2000 ഡോളറിന്റെ ചെക്ക് എത്തിക്കുക എന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close