INDIATop News

ബോംബിന്റെ മുകളില്‍ ചെന്നൈ തുറുമുഖം; സൂക്ഷിച്ചിരിക്കുന്നത് 740 ടണ്‍ അമോണിയം നൈട്രേറ്റ്

ചെന്നൈ: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തിന് ശേഷം, തമിഴ് നാട്ടിലും കനത്ത ജാഗ്രത നിര്‍ദേശം. ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങള്‍ക്കു കാരണം 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് പ്രധാനമന്ത്രി ഹസന്‍ ദിയാബ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈ തുറമുഖ കസ്റ്റംസ് വെയര്‍ഹൗസില്‍ 2015 സെപ്റ്റംബര്‍ മുതല്‍ 740 ടണ്‍ അമോണിയം നൈട്രേറ്റ് ചരക്കാണ് കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനത്തില്‍, 100 ഓളം പേര്‍ കൊല്ലപ്പെടുകയും 5,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ലെബനന്‍ തലസ്ഥാനനഗരത്തെ പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ തുറമുഖങ്ങളിലും വെയര്‍ഹൗസുകളിലും ഏതെങ്കിലും തരത്തില്‍ അപകടകരവും സ്‌ഫോടന സാധ്യതയുമുള്ള വസ്തുക്കള്‍ കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും രാജ്യം എല്ലാ സുരക്ഷ, അഗ്‌നി മാനദണ്ഡങ്ങളും പാലിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു അപകടവും വരില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് സിബിഐസി കസ്റ്റംസിന് നിര്‍ദേശം നല്‍കി.ബെയ്റൂട്ട് സ്ഫോടനത്തിന് ശേഷം ഏറ്റവുമധികം അപകടസാധ്യതയുള്ളത് ചെന്നൈ തുറമുഖത്താണ്.
അമോണിയം നൈട്രേറ്റ് എത്രയും വേഗം മാറ്റാനുള്ള വഴികള്‍ പരിശോധിച്ചുവരികയാണെന്ന് ഒരു മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.അഞ്ച് വര്‍ഷം മുമ്പ് കരൂര്‍ ആസ്ഥാനമായുള്ള ശ്രീ അമ്മന്‍ കെമിക്കല്‍സിന്റെ ഇറക്കുമതി ചരക്ക് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടതാണ് ചെന്നൈ തുറമുഖത്തെ ചരക്ക്. രാസവസ്തുക്കള്‍ പാക്ക് ചെയ്ത കണ്ടെയ്‌നറുകള്‍ കസ്റ്റംസ് ക്ലിയറന്‍സിനായി 2015 സെപ്റ്റംബറില്‍ കമ്പനി സമര്‍പ്പിച്ചിരുന്നു.പിഎംകെ നേതാവ് എസ് രാമദാസ് ചെന്നൈ തുറമുഖത്തെ അപകസാധ്യതയെ കുറിച്ച് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.”ചെന്നൈ വെയര്‍ഹൗസിലെ അമോണിയം നൈട്രേറ്റ് കാരണം സമാനമായ സ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് തടയുന്നതിന്, വെയര്‍ഹൗസിലെ അമോണിയം നൈട്രേറ്റ് സ്‌ഫോടനാത്മക വസ്തു സുരക്ഷിതമായി പുറന്തള്ളുകയും കമ്പോസ്റ്റിംഗ് പോലുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും വേണം. ”പിടിച്ചെടുത്ത ചരക്ക് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മനാലിയിലെ കണ്ടെയ്‌നര്‍ ചരക്ക് സ്റ്റേഷനിലാണെന്നും ഇതിന് രണ്ട് കിലോമീറ്ററിനുള്ളില്‍ പാര്‍പ്പിട പ്രദേശങ്ങളില്ലെന്ന് വ്യാഴാഴ്ച വൈകുന്നേരം ചെന്നൈ കസ്റ്റംസ് പ്രസ്താവനയില്‍ പറഞ്ഞു.”പിടിച്ചെടുത്ത ചരക്ക് സുരക്ഷിതമായി സൂക്ഷിക്കുകയും ചരക്കുകളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ സുരക്ഷാ നടപടികളോടെ തന്നെ ഈ ചരക്ക് നീക്കം ചെയ്യുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.”1884ലെ എക്‌സ്പ്ലോസീവ് ആക്ട് പ്രകാരം 2011 ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ അമോണിയം നൈട്രേറ്റ് ഒരു സ്‌ഫോടകവസ്തുവായി പ്രഖ്യാപിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close