WORLD

ബോറിസിനു പിന്നാലെ ഹെല്‍ത്ത് സെക്രട്ടറിയ്ക്കും ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കും കോവിഡ്, യുകെയില്‍ അടച്ച് പൂട്ടല്‍ ആറുമാസം നീളുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍ : കൊവിഡ് -19 നെതിരെ യുകെയില്‍ പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കൊക്കെ രോഗബാധ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും വൈറസ്ബാധ. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയ്ക്കും രോഗ ലക്ഷണം ഉണ്ട്. ബോറിസും ഹാന്‍കോക്കും സെല്‍ഫ് ഐസൊലേഷനിലാണ്. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന ക്രിസ് വിറ്റി വസതിയിലിരുന്നാണ് ജോലി ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ അഭാവത്തില്‍ കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കല്‍ ഗോവ് ആണ് ക്യാബിനറ്റിന് നേതൃത്വം നല്‍കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പങ്കാളിയും 5 മാസം ഗര്‍ഭിണിയുമായ കാരി സിമണ്‍സിന് (32) കോവിഡ് ബാധ ഉള്ളതായി വിവരമില്ലെങ്കിലും അവരും ഐസലേഷനില്‍ പ്രവേശിക്കേണ്ടിവരും. കൂടാതെ പ്രധാനമന്ത്രിയുടെ വസതിയും ഓഫിസുമായ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ ജീവനക്കാരും മുതിര്‍ന്ന മന്ത്രിമാരും ഇനി സമ്പര്‍ക്ക വിലക്കിലേക്കു പോകേണ്ടി വരും. മന്ത്രിമാരെയും എംപിമാരെയും കോവിഡ് ഭീതി ബാധിച്ചു കഴിഞ്ഞു.
ഡൗണിങ് സ്ട്രീറ്റിലെ 11ാം അപാര്‍ട്ട്‌മെന്റിലാണു ജോണ്‍സണ്‍ ഐസലേഷനില്‍ കഴിയുക. ഭക്ഷണം വാതില്‍ക്കല്‍ എത്തിക്കും. നമ്പര്‍ 10, നമ്പര്‍ 11 എന്നിവയ്ക്കിടയിലെ വാതില്‍ സ്ഥിരമായി അടച്ചിടും. നമ്പര്‍ 11 ലുള്ള ചാന്‍സിലര്‍ റിഷി സുനക് ഓഫിസ് മാറുകയില്ല. അദ്ദേഹം മറ്റൊരു വാതില്‍ ഉപയോഗിക്കും. ജോണ്‍സനെ നേരിട്ടു കാണില്ല. 24 മണിക്കൂറിനുള്ളില്‍ 181 കൊറോണ മരണം കൂടി യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 759 ആയി. രോഗബാധിതര്‍ 2885 കൂടി വര്‍ധിച്ചു 14543 ആയി. കിരീടാവകാശിയായ ചാള്‍സ് രാജകുമാരനും കൊവിഡ് ബാധിച്ചു ഐസൊലേഷനിലാണ്. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു. ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്‌കോട്ട് ലാന്‍ഡിലെ വസതിയിലാണ്.
നേരത്തെ കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റിയിരുരുന്നു. വിന്‍ഡ്സര്‍ കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയിരിക്കുന്നത്. മാര്‍ച്ച് 12 നാണ് ചാള്‍സ് അവസാനമായി പൊതു ചടങ്ങില്‍ പങ്കെടുത്തത്. രാജ്ഞി എലസബത്തിനെയും മാര്‍ച്ച് 12 നാണ് മകന്‍ ചാള്‍സ് അവസാനമായി കണ്ടത്. ഇതിനിടെ യുകെയില്‍ കൊറോണ ലോക്ക്ഡൗണ്‍ മൂന്നാഴ്ചയല്ല ആറ്മാസമെങ്കിലും നീളുമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ കാലമായ മൂന്നാഴ്ചക്കകം വൈറസ് ബാധ അടങ്ങിയാലും പിറ്റേന്നു മുതല്‍ സാധാരണ ജീവിതം ആരംഭിക്കാനാവില്ലെന്നും കൊലയാളി വൈറസ് തിരിച്ച് വരുമെന്ന ആശങ്ക കാരണം ചുരുങ്ങിയത് ആറ് മാസങ്ങളെങ്കിലും ഫലത്തില്‍ ലോക്ക്ഡൗണ്‍ സ്ഥിതി ആയിരിക്കുമെന്നുമാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. ജെന്നി ഹാരീസ് ആണ് ജനത്തിന് നിര്‍ണായകമായ മുന്നറിയിപ്പേകിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി ബ്രിട്ടനിലെ നിലവിലെ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ വരെ നീണ്ടേക്കാമെന്നാണ് ഹാരീസ് പ്രവചിക്കുന്നത്. ഈസ്റ്ററോടെ രോഗം മൂര്‍ധന്യത്തിലെത്തുമെന്നും തുടര്‍ന്ന് രോഗം അടങ്ങിയാലും അത് വീണ്ടും തിരിച്ചെത്താനുള്ള സാധ്യതയേറെയാണെന്നും ഹാരീസ് പ്രവചിക്കുന്നു. യുകെയിലെ വൈറസ് ബാധ കൂടുതല്‍ അപകടരമായ തോതില്‍ മൂര്‍ച്ഛിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനിലെ വൈറസ് എക്‌സ്പര്‍ട്ടായ പ്രഫ. നെയില്‍ ഫെര്‍ഗൂസന്‍ മുന്നോട്ട് വന്നിരുന്നു. ഇപ്പോഴത്തെ അടച്ച് പൂട്ടല്‍ ജനം അച്ചടക്കത്തോടെ പാലിച്ചാലും വരാനിരിക്കുന്ന രണ്ട് മുതല്‍ മൂന്ന് വരെ ആഴ്ചകള്‍ക്കുള്ളില്‍ യുകെയിലെ ഐസിയു യൂണിറ്റുകള്‍ കോവിഡ്-19 ബാധിതരെ കൊണ്ട് നിറയുമെന്നും ഐസിയുകള്‍ തീരെ ലഭ്യമല്ലാത്ത ഗുരുതരമായ അവസ്ഥ സംജാതമാകുമെന്നുമാണ് ഫെര്‍ഗുസന്‍ പ്രവചിച്ചത്.

Tags
Show More

Related Articles

Back to top button
Close