
മുംബൈ: ബോളിവുഡിന് തുടര്‍ച്ചയായി രണ്ടാം നഷ്ടം സമ്മാനിച്ചുകൊണ്ട് മുന്‍കാല സൂപ്പര്‍താരങ്ങളില്‍ ഒരാളായ ഋഷികപൂറും (67) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങള്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു സഹോദരനും നടനുമായ രണ്‍ധീര്‍ കപൂര്‍ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മരണ വാര്‍ത്ത എത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന റൊമാന്റിക് നായകനായിരുന്ന ഋഷികപൂര്‍ ഒട്ടേറെ ഹിറ്റുകളാണ് സമ്മാനിച്ചത്. അമര്‍ അക്ബര്‍ ആന്റണി, ലൈലാ മജ്നു, റാഫൂ ചക്കര്‍, സര്ഗ്രാം, കര്‍സ്, ബോല്രാധാ ബോല്‍, ബോബി തുടങ്ങിയ അവയില്‍ ചിലത് മാത്രം. കരിയറിന്റെ അവസാന ഘട്ടത്തില്‍ കപൂര്‍സ് ആന്റ് സണ്‍സ്, ഡി ഡേ, മുള്‍ക്ക് ആന്റ് 102 നോട്ടൗട്ട് തുടങ്ങിയ സിനിമയിലും അഭിനയിച്ചു. ദി ബോഡിയില്‍ അടുത്തിടെ ഇമ്രാന്ഹഷ്മിയുമായി ഒന്നിച്ച ശേഷം അടുത്ത സിനിമ ഹോളിവുഡിലെ ദി ഇന്റേണിന്റെ റീമേക്കില്‍ ദീപികാ പദുക്കോണിനൊപ്പം അഭിനയിക്കാനിരിക്കെയാണ് അദ്ദേഹത്തെ മരണം കൊണ്ടുപോയത്.
സിനിമാ പാരമ്പര്യമുള്ള കപൂര്‍ കുടുംബത്തില്‍ ജനിച്ച ഋഷികപൂര്‍ ബാലതാരമായി ശ്രീ 420, മേരാനാം ജോക്കര്‍ എന്നീ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നായകനായി അരങ്ങേറിയത്. ആദ്യകാല സൂപ്പര്‍താരം രാജ്കപൂറിന്റെ രണ്ടാമത്തെ മകനായി പിറന്ന ഋഷികപൂര്‍ 1973 ല്‍ ഡിംപിള്‍ കപാഡിയയുടെ നായകനായി ബോബിയിലൂടെയാണ് ബോളിവുഡിലേക്ക് ഇറങ്ങിയത്. രണ്‍ധീര്‍, ഋതുനന്ദ, റീമാ ജെയ്ന്‍, രാജീവ് കപൂര്‍ എന്നിര്‍ സഹോദരങ്ങളാണ്.
T 3517 – He's GONE .. ! Rishi Kapoor .. gone .. just passed away ..
— Amitabh Bachchan (@SrBachchan) April 30, 2020
I am destroyed !