KERALA

ബ്രഹ്മപുരി വനത്തില്‍ ഉരുള്‍പൊട്ടി; ബാരാപ്പുഴയില്‍ വെള്ളം ഉയരുന്നു

കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയും കാറ്റും. ബ്രഹ്മഗിരി വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ബാരാപ്പുഴയില്‍ വെള്ളം പൊങ്ങുന്നു. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.രണ്ടു ദിവസമായുള്ള കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ പ്രളയഭീഷണിയിലാണ്. വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ പ്രദേശത്ത് നിന്നടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാര്‍ പുഴകള്‍ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. ദുരന്ത സാധ്യത മുന്നില്‍ കണ്ട് നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.കനത്ത മഴയില്‍ മുണ്ടേരിയിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി. പാലം പോയതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു.കണ്ണൂരില്‍ ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടം. കൂട്ടുപുഴ തോട്ടുപാലം റോഡിലും വെള്ളം കയറി. ദുരന്തനിവാരണ സേന പാലക്കാട്ടേക്കും നിലമ്പൂരിലേക്കും എത്തിയിട്ടുണ്ട്.കോഴിക്കോടിന്റെ കിഴക്കന്‍ മലയോരത്തു കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മഴ ഇനിയും കനത്താല്‍ ഉരുള്‍പ്പൊട്ടലുണ്ടാകുമെന്ന ഭീതിയിലാണ് മലയോരം.
ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയരുന്നതിനാല്‍ മുക്കം, തിരുവമ്പാടി, കാരശേരി ഭാഗത്തെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. നിരവധി റോഡുകളില്‍ ഗതാഗത തടസമുണ്ടായി. മുക്കം-ചേന്ദമംഗല്ലൂര്‍ റോഡില്‍ കടകളില്‍ വെള്ളം കയറി. നേരത്തെ സൂചന കിട്ടിയതിനാല്‍ കടകളിലെ സാധനങ്ങള്‍ മാറ്റിയിരുന്നു.കൊടിയത്തൂര്‍-കോട്ടമ്മല്‍-കാരാട്ട് റോഡിലും ചെറുവാടിയിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി തടസ്സം ഉണ്ട്. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. താമരശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളിലെ മലവെള്ളപ്പാച്ചില്‍ കോടഞ്ചേരി, ചെമ്പുകടവ് പാലങ്ങള്‍ മുങ്ങി. എറണാകുളം ജില്ലയിലെ പുഴകളില്‍ ജലനിരപ്പ് ഉയരുന്നു. കാളിയാര്‍, തൊടുപുഴയാര്‍, കോതമംഗലം പുഴ എന്നീ നദികളിലാണ് ജലനിരപ്പ് ഉയരുന്നത്. പ്രളയ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ജലനിരപ്പിന് അടുത്തെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നാല് യൂണിറ്റ് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. രണ്ട് യൂണിറ്റ് കൂടി ഇന്നെത്തും. ഇവരെ വിവിധ ജില്ലകളിലായി വിന്യസിക്കും.കേരള തീരത്ത് കാറ്റിന്റെ വേഗം 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം, ഓഗസ്റ്റ് നാലിന് ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുഭാഗത്തായി രൂപംകൊണ്ട് ന്യൂനമര്‍ദം മധ്യ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ദുര്‍ബലമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഒന്‍പതോടെ രണ്ടാം ന്യൂനമര്‍ദത്തിനു സാധ്യത പ്രവചിച്ചിട്ടുണ്ട്. ഓഗസ്റ്റ് പത്ത് വരെ കേരളത്തില്‍ മഴ തുടരും. ഓഗസ്റ്റ് എട്ട് മുതല്‍ പത്ത് വരെ ശക്തമായ മഴയ്ക്ക് സാധ്യത.

Show More

Related Articles

Back to top button
Close