WORLD

ബ്രിട്ടനിലെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് മുന്നില്‍ വഴിതുറക്കുന്നു; 25,000 വിദ്യാര്‍ത്ഥികള്‍ക്കും സ്വാഗതം

ലണ്ടന്‍ : അടുത്ത വര്‍ഷം മുതല്‍ ഓസ്ട്രേലിയന്‍ മോഡല്‍ പോയിന്റ് സിസ്റ്റം നടപ്പാക്കുന്നതിനായി ഇമിഗ്രേഷന്‍ & സോഷ്യല്‍ സെക്യൂരിറ്റി കോര്‍ഡിനേഷന്‍ ബില്‍ കോമണ്‍സില്‍ കൊണ്ടുവന്നു. ബില്ലിന് കോമണ്‍സ് പ്രാരംഭ അംഗീകാരം നല്‍കി. കൊറോണ വൈറസ് വ്യാപന സമയത്തു ജീവന്‍ പണയപ്പെടുത്തിയ നിരവധി തൊഴിലാളികളെ അന്യവത്കരിക്കുമെന്ന ലേബര്‍ വാദം മറികടന്നാണ് ബില്ലിന് തിങ്കളാഴ്ച രാത്രി കോമണ്‍സ് അനുമതി കിട്ടിയത്. 252 നെതിരെ 351 വോട്ടുകള്‍ക്ക് ആണ് പാസായത്. 80 എംപിമാരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാരിന് അനുകൂലമായി 99 വോട്ടുകള്‍ ലഭിച്ചു. ബില്‍ സൂക്ഷ്മ പരിശോധനയ്ക്കു വിട്ടിരിക്കുകയാണ്. ടോറി പാര്‍ട്ടി അധികാരത്തിലെത്തിയ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇതാദ്യമായി ഇമിഗ്രേഷന്‍ നിയമത്തിലെ മാറ്റങ്ങള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യൂറോപ്പിന് പുറത്തുള്ളവര്‍ക്ക് നേട്ടമാകുമോ എന്നാണ് ഇനി അറിയാനുള്ളത് . ഇയുവിന് പുറത്ത് നിന്നും ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് ഹോം ഓഫീസ് സ്ഥിരീകരിച്ചത്.

ബില്ലിനൊപ്പം പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം ഇയുവിന് പുറത്ത് നിന്ന് പ്രതിവര്‍ഷം 30,000 സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ പ്രവേശിക്കുമെന്ന് പ്രവചിക്കുന്നു. നഴ്സിംഗ്, ടീച്ചിംഗ് തുടങ്ങിയ ജോലികള്‍ക്കായാണ് ഇത്. ഇവരുടെ 20,000-ഓളം വരുന്ന കുടുംബാംഗങ്ങളും യുകെയിലേക്ക് പ്രവേശിക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ഇതിന് പുറമെ 25,000 വിദ്യാര്‍ത്ഥികളും യുകെയിലെത്തും. കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ചുരുങ്ങിയത് 70 പോയിന്റ് വേണം. ഇംഗ്ലീഷ് സംസാരിക്കുന്നതിന് പുറമെ ജോലി 25,600 പൗണ്ടിന് മുകളില്‍ ശമ്പളം ലഭിക്കുന്നതും, ഉയര്‍ന്ന സ്‌കില്‍ ആവശ്യമുള്ളതുമെല്ലാം പരിഗണിച്ചാണ് പോയിന്റ് കിട്ടുക. നഴ്സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, ഹെല്‍ത്ത് പ്രൊഫഷണല്‍സിനും മാര്‍ച്ച് മുതല്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് വിസ സേവനം ആരംഭിച്ചിരുന്നു. യൂറോപ്പുകാരുടെ സ്വതന്ത്ര യാത്രാ സംവിധാനം അവസാനിപ്പിക്കാനും ബില്‍ ലക്ഷ്യമിടുന്നു. യുകെയിലെ ഇയു പൗരന്‍മാരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കും. വര്‍ഷത്തില്‍ 80,000 പേരുടെ കുറവാണ് കുടിയേറ്റത്തില്‍ സംഭവിക്കുക. 2025 അവസാനിക്കുമ്പോള്‍ യുകെയില്‍ താമസിക്കുന്ന ഇയു പൗരന്‍മാരുടെ എണ്ണത്തില്‍ 4 ലക്ഷം പേരുടെ കുറവ് സംഭവിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതോടെ യുകെ ലക്ഷ്യമിടുന്ന നെറ്റ് മൈഗ്രേഷന്‍ വലിയ മാറ്റമില്ലാതെ തുടരും.

Tags
Show More

Related Articles

Back to top button
Close