Covid UpdatesWORLD

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ സ്ഥിതി ഗുരുതരമോ, ആശുപത്രിയിലേക്ക് മാറ്റിയതില്‍ ദുരൂഹത

ലണ്ടന്‍: കൊറോണ ബാധിച്ച് വീട്ടില്‍ സ്വയം ഐസൊലേഷനിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഇന്നലെ അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പത്ത് ദിവസം മുമ്പ് കോവിഡ്-19 ടെസ്റ്റില്‍ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡൗണിംഗ് സ്ട്രീറ്റിലെ നമ്പര്‍ 11 ഫ്‌ളാറ്റിലായിരുന്നു ബോറിസ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇത്രയും ദിവസമായിട്ടും അദ്ദേഹത്തിന്റെ നിലയില്‍ കാര്യമായ മാറ്റമില്ലാത്തതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.ഇതിനിടെ ഇദ്ദേഹത്തിന് അസുഖം വര്‍ധിച്ചുവോ എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാണ്. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രിക്ക് വരെ ചികിത്സ വൈകിപ്പിച്ച ബ്രിട്ടന്റെ നിലപാടില്‍ കടുത്ത വിമര്‍ശനം ഉയരുന്നുമുണ്ട്.

ബോറിസിന് കൊറോണ ബാധയെ തുടര്‍ന്ന് ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയും വിറയല്‍ അനുഭവപ്പെടുകയും വിളര്‍ച്ചയുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ലണ്ടനിലെ ഒരു എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് പ്രധാനമന്ത്രിയെ അഡ്മിറ്റാക്കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വെളിപ്പെടുത്തലെങ്കിലും ഈ ഹോസ്പിറ്റലിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം കഴിയുന്നത് വെസ്റ്റ് മിന്‍സ്റ്ററിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണെന്ന് സൂചനയുണ്ട്. യുകെയില്‍ ഇന്നലെ മാത്രം കോവിഡ്-19 പിടിപെട്ട് 621 പേര്‍ മരിക്കുകയും കൊറോണ മരണസംഖ്യ 4934 ആയും മൊത്തം രോഗികളുടെ എണ്ണം 47,806 ആയും ഉയര്‍ന്ന അപകടകരമായ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് രാജ്യത്തെ പ്രധാനമന്ത്രക്ക് കൊറോണ ബാധിച്ച് മാറാത്ത അവസ്ഥയുണ്ടായിരിക്കുന്നതെന്ന് ഏവരെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച റിലീസായ ട്വിറ്റര്‍ വീഡിയോയില്‍ തന്നെ പ്രധാനന്ത്രി ശ്വാസോച്ഛ്വാസത്തിന് പ്രയാസപ്പെടുന്നത് വ്യക്തമായിരുന്നു. കൂടാതെ നല്ല പനിയുള്ളതിന്റെ ലക്ഷണവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

എന്നിട്ടും വിദൂര സാങ്കേതിക വിദ്യകളിലൂടെ രാജ്യഭരണം നിര്‍വഹിക്കാനും കൊറോണയെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള യജ്ഞങ്ങളിലും ബോറിസ് ചുക്കാന്‍ പിടിച്ച് ഇത്രയും ദിവസം നിലകൊണ്ടിരുന്നു. ബോറിസ് ആശുപത്രിയിലായിരിക്കുന്നതിനാല്‍ ഫോറിന്‍ സെക്രട്ടറിയായ ഡൊമിനിക് റാബ് ആയിരിക്കും ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന മിനിസ്റ്റേര്‍സിന്റെയും ഒഫീഷ്യലുകളുടെയും കൊറോണ വൈറസ് മീറ്റിംഗിന് നേതൃത്വം നല്‍കി കാര്യങ്ങള്‍ വെളിപ്പെടുത്തുകയെന്ന് റിപ്പോര്‍ട്ടുണ്ട്.ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ടെസ്റ്റുകള്‍ ക്ക് വിധേയനാക്കുന്നതിനും മുന്‍കരുതലെടുക്കുന്നതിനുമാണ് ബോറിസിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് ഇന്നലെ വെളിപ്പെടുത്തിയത്.

പക്ഷേ പ്രധാനമന്ത്രി കിടക്കുന്നത് ഏത് ആശുപത്രിയിലാണെന്ന് പറയാന്‍ വക്താവ് തയ്യാറായിട്ടില്ല. ബോറിസിനെ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയുടെ അവസ്ഥ നിരന്തരം നിരീക്ഷിക്കുകയും ബോറിസിന്റെ പ്രതിരോധ വ്യവസ്ഥ കോവിഡിനോട് ഏത് തരത്തിലാണ് പൊരുതുന്നതെന്ന് രക്തപരിശോധനകളിലൂടെ നിരീക്ഷിക്കുകയും ചെയ്യുന്നതാണ്. കൂടാതെ മുന്‍കരുതലായി കരള്‍, വൃക്ക, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും ഇസിജി എടുക്കുകയും ചെയ്യും. കൂടാതെ അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ സ്ഥിതി അറിയുന്നതിനായി നെഞ്ച് സിടി സ്‌കാന് വിധേയമാക്കാനും ഓക്‌സിജന്‍ നല്‍കാനും ആശുപത്രി ഒരുങ്ങുന്നുവെന്നാണ് ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെല്‍ ബയോളജി ഓഫ് ഇന്‍ഫെക്ഷന്‍ ലബോറട്ടറിയിലെ ഗ്രൂപ്പ് ലീഡറായ ഡോ. റുപെര്‍ട്ട് ബീലെ വെളിപ്പെടുത്തിയിരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close