TrendingWORLD

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇരുന്നൂറോളം പേര്‍ കുത്തിയിരുന്നു

ലണ്ടന്‍: യുകെയിലെ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ കൃത്രിമത്വം കാണിച്ചുവെന്ന ആരോപണം നേരിട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ഇരുന്നൂറോളം പേര്‍ ഇന്നലെ നീതി തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വീടിന് മുന്നിലെത്തി.2014ല്‍ സംഭവിച്ച ഈ പരീക്ഷാ ക്രമക്കേട് 34,000ത്തോളം സ്റ്റുഡന്റ്സിനെയായിരുന്നു ബാധിച്ചിരുന്നത്. ആരോപണം ഉയര്‍ന്നത് മുതല്‍ ഈ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി നാനാ വഴികളിലൂടെയും പരിശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവര്‍ ഇന്നലെ നീതി തേടി അവസാന ശ്രമമെന്ന നിലയില്‍ ബോറിസിന്റെ ഭവനത്തിന്റെ മുന്നിലെത്തിയിരിക്കുന്നത്. തങ്ങള്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യത്തിന്റെ പേരില്‍ തങ്ങളുടെ വിസ അപ്ലിക്കേഷനുകള്‍ തള്ളുകയോ സമര്‍പ്പിച്ചവ റദ്ദാക്കുകയോ ചെയ്യുക പോലുള്ള നിരവധി തിരിച്ചടികള്‍ ഇത്രയും വര്‍ഷത്തിനിടെ തങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നുവെന്നും തങ്ങളുടെ നിലപാട് ചെവിക്കൊള്ളാന്‍ പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങളുടെ കുറ്റം കൊണ്ടല്ലാതെ സംഭവിച്ച ഈ പിഴവിന്റെ പേരില്‍ തങ്ങളുടെ ഭാവി ഇരുളടഞ്ഞിരിക്കുന്നുവെന്നും നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി നടത്തുന്ന നിയമപോരാട്ടത്തിനായി ആയിരക്കണക്കിന് പൗണ്ട് വൃഥാ കീശയില്‍ നിന്നും ചോര്‍ന്ന് പോയെന്നും ഈ വിദ്യാര്‍ത്ഥികള്‍ പരിതപിക്കുന്നു.

ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് സംഭവിച്ചിരിക്കുന്ന ഒരു പിഴവ് തിരുത്താന്‍ അധികാരം ബോറിസിനുണ്ടെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് തങ്ങള്‍ ബോറിസിന് നിവേദനം സമര്‍പ്പിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ അവര്‍ എടുത്ത് കാട്ടുന്നു.നീതി തേടിയുള്ള ഈ കുടിയേറ്റ വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തില്‍ ഇവര്‍ ഒറ്റക്കല്ല. പകരം മൈഗ്രന്റ് വോയ്സ് പോലുള്ള സംഘനടകളും ലേബര്‍ പാര്‍ട്ടി എംപി സ്റ്റീഫന്‍ ടിംസ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഇവര്‍ക്ക് എല്ലാ സഹായങ്ങളും പിന്തുണയുമേകി രംഗത്തിറങ്ങിയിട്ടുണ്ടെന്നതിനാല്‍ ഈ പോരാട്ടം ശ്രദ്ധ നേടുന്നുണ്ട്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇവര്‍ സഹിക്കുന്ന പരിതാപകരമായ അവസ്ഥകളും ഈ നിവേദനത്തിന്‍ എടുത്ത് കാട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് ഓഡിറ്റ് ഓഫീസ്, ഹൗസ് ഓഫ് കോമണ്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി തുടങ്ങിയവയൊക്കം ഈ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനെതിരായി നിരത്തിയ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന് തിരിച്ചറിഞ്ഞ് തള്ളപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ വിഷമകളുണ്ടാക്കിയ വിവാദ സംഭവം അരങ്ങേറിയിരുന്നത് 2014 ഫെബ്രുവരിയിലായിരുന്നു.
എഡ്യുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസിനായി നടത്തിയ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ രണ്ട് സെന്ററുകളില്‍ കൃത്രിമത്വം നടന്ന വിവരം ബിബിസിയായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇതോടെ ഈ വിദ്യാര്‍ത്ഥികളുടെ ദുരിത പര്‍വത്തിന് തുടക്കം കുറിക്കപ്പെടുകയുമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള വിദ്യാര്‍ത്ഥികളുടെ കഴിവ് അളക്കുന്നതിനുള്ള എക്സാമില്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം ഇംഗ്ലീഷില്‍ വൈദഗ്ധ്യമുള്ള മറ്റ് വിദ്യാര്‍ത്ഥികളാണ് എഴുതാനെത്തിയതെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇതിന് പുറമെ മള്‍ട്ടിപ്പിള്‍ ചോയ്സ് ഉത്തരങ്ങളില്‍ ശരിയായത് പറഞ്ഞ് കൊടുക്കല്‍ തട്ടിപ്പും ഈ രണ്ട് സെന്ററുകളില്‍ നടന്നുവെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്.പര്യാപ്തമായ തെളിവുകളില്ലാതെ അഭ്യന്തര വകുപ്പ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദ്രോഹ നടപടികള്‍ക്ക് ചാടിപ്പുറപ്പെട്ടുവെന്നാണ് 2019ല്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ആരോപിച്ചിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close