
ബീജിംഗ്: ഭക്ഷണസാധനങ്ങള്‍ പാഴാക്കുന്നത് തടയാന്‍ നടപടിയുമായി ചൈന. ഇതിനായി ഓപ്പറേഷന് എംപ്റ്റി പ്ലേറ്റ് എന്ന പേരില്‍ കാമ്പയിന് സംഘടിപ്പിക്കുകയാണ് ചൈനീസ് ഭരണകൂടം. രാജ്യത്ത് ഈ അടുത്ത കാലത്ത് നടന്ന വെള്ളപ്പൊക്കവും അതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റവുമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ചൈനീസ് പ്രസിഡണ്ട് ജിന്‍പിംഗ് ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ ഇത് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തു ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ അളവ് വളരെ കൂടുതലാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ജിന്‍പിംഗ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണത്തിനെക്കാള്‍ കൂടുതല്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷയെ കുറിച്ച് ഓരോരുത്തരും ചിന്തിക്കേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.വുഹാന്‍ കാറ്ററിംഗ് ഇന്‍ഡസ്ട്രി അസോസിയേഷന് നഗരത്തിലെ റെസ്റ്റോറന്റുകളോട് ‘എന്‍ -1 ഓര്‍ഡറിംഗ്’ എന്ന ഒരു സംവിധാനം പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടു, അതിലൂടെ ഒരു സംഘം ആളുകള്‍ ഭക്ഷണം കഴിക്കുന്നതിനായി എത്തിയാല്‍ ഓര്‍ഡര്‍ ചെയ്യുന്ന വിഭവങ്ങളുടെ അളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അതിനോടൊപ്പം അവശേഷിക്കുന്ന ഭക്ഷണം പായ്ക്ക് ചെയ്തു പോകുന്നതിനുള്ള ബോക്സുകളും വാഗ്ദാനം ചെയ്യണം. ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നത് മര്യാദയുള്ളതായി കാണപ്പെടുന്ന ഒരു രാജ്യത്ത്, ഈ തീരുമാനം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. തന്റെ പ്രസംഗത്തില്‍, നിയമനിര്‍മ്മാണം, മേല്‍നോട്ടം, ദീര്‍ഘകാല നടപടികള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം ഈ വിഷയത്തിന്റെ നടത്തിപ്പിലേക്കായി മികച്ച ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്തിന്റെ ആവശ്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.ചൈനീസ് അക്കാദമി ഓഫ് സയന്‍സും പങ്കാളികളും 2015 ല്‍ നടത്തിയ ഒരു റിപ്പോര്‍ട്ടില്‍ വലിയ നഗരങ്ങളില്‍ പ്രതിവര്‍ഷം 18 ദശലക്ഷം ടണ്‍ വരെ ഭക്ഷണം പാഴായതായി കണ്ടെത്തി, ഇത് പ്രതിവര്‍ഷം 30 മുതല്‍ 50 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണം നല്കാന് പര്യാപ്തമായ അളവാണ്. എന്‍ -1 ഡൈനിംഗ് സംരംഭത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിന് കീഴില്‍, ജനങ്ങള്‍ കോപാകുലമായ അഭിപ്രായങ്ങളുമായി രംഗത്തു വന്നു. നിങ്ങള്‍ക്ക് ആദ്യം ഉദ്യോഗസ്ഥരുടെ ഭക്ഷണം പരിമിതപ്പെടുത്താമോ? എല്ലായ്പ്പോഴും സാധാരണക്കാരുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തുന്നതെന്തിന് എന്നുമുള്ള ചോദ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ എല്ലായ്പ്പോഴും മിതവ്യയ ശീലമുള്ളവരാണെന്നും അതിനാല്‍ ഈ നിയമം വീണ്ടും സാധരണക്കാര്‍ക്കു മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണെന്നും ജനങ്ങള്‍ പ്രതികരിച്ചു