KERALANEWSTop News

ഭരണം ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ലെന്ന് ഓർക്കണമെന്ന് ഹൈക്കമാൻഡ്; കേരളത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നീളും

ന്യൂഡൽഹി: കേരളത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം നീണ്ടേക്കുമെന്ന് റിപ്പോർട്ടുകൾ. നേമം മണ്ഡ‍ലത്തെ മാത്രം കേന്ദ്രീകരിച്ചല്ല, മുന്നണി മത്സരിക്കുന്ന മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡം വിജയം മാത്രമാകണമെന്ന ഹൈക്കമാൻഡ് നിലപാ‌ടാണ് പ്രഖ്യാപനം വൈകാൻ കാരണമാകുന്നത്. ​ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ്പല്ലാതെ വിജയ സാധ്യത പരി​ഗണിച്ച് ജനകീയ മുഖങ്ങൾ പോരിനിറങ്ങണം എന്ന സന്ദേശമാണ് ദേശീയ നേതൃത്വം കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾക്ക് നൽകിയിരിക്കുന്നത്. ഭരണം ഇപ്പോഴില്ലെങ്കിൽ ഇനി ഒരിക്കലും ഇല്ലെന്ന ബോധ്യം കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾക്കും ഉണ്ട്. അതുകൊണ്ട് തന്നെ മുഴുവൻ സീറ്റുകളിലും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾ എന്നതാണ് കോൺ​ഗ്രസ് ലക്ഷ്യം വെക്കുന്നത്.

കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വം നേമം മണ്ഡലത്തിൽ എങ്ങനെ ബിജെപിയെ തോൽപ്പിക്കും എന്ന കൂലങ്കഷമായ ചിന്തയിലായിരുന്നു. കോൺ​ഗ്രസ് അനുഭാവികളുടെ വോട്ട് ചോരുന്നതാണ് നേമത്ത് ബിജെപിക്ക് തുണയാകുന്നത് എന്ന ബോധ്യത്തിൽ നിന്നായിരുന്നു നേതാക്കളുടെ കൂടിയാലോചനകൾ. നേമത്ത് ബിജെപിയെ തോൽപ്പിക്കാനായാൽ രാജ്യത്തിന്റെ തെക്കേ അറ്റത്ത് നിന്നും കോൺ​ഗ്രസ്, ബിജെപിയെ തോൽപ്പിച്ച് തുടങ്ങി എന്ന പ്രചരണം ദേശീയ തലത്തിൽ തന്നെ ഉയർത്താനാകും എന്നും നേതാക്കൾ വിലയിരുത്തുന്നു. എന്നാൽ, കേരളം നഷ്ടപ്പെട്ടിട്ട് നേമം നേടിയിട്ട് എന്ത് പ്രയോജനം എന്ന മറുചോദ്യമാണ് ഹൈക്കമാൻഡ് ഉയർത്തുന്നത്.

ബിജെപിക്ക് ജയസാധ്യതയുള്ള നേമത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും വമ്പന്മാരെ നിർത്താനാണ് നീക്കം. ഇതാണ് ലിസ്റ്റിന് സസ്‌പെൻസ് നൽകുന്നത്. നേമം എന്ന ഏക സിറ്റിങ് സീറ്റിൽ ബിജെപിയെ നേർക്കുനേർ നേരിടാൻ ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കുന്നത് സംസ്ഥാനത്തുടനീളം പാർട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിന് ഉറപ്പിക്കാനും പ്രചാരണക്കളത്തിൽ ഇടതു മുന്നണിയെ കടത്തിവെട്ടാനും ഇതു സഹായിക്കുമെന്നു പാർട്ടി വൃത്തങ്ങൾ കരുതുന്നു.

ചെന്നിത്തലയെ രംഗത്തിറക്കുന്നതും സമാന നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. അതേസമയം, മുഖ്യമന്ത്രി പദത്തിലേക്ക് പരി​ഗണിക്കപ്പെടാവുന്ന എ, ഐ ​ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ നേമത്ത് മത്സരിച്ചാൽ എതിർ ​ഗ്രൂപ്പുകാർ തന്നെ തോൽപ്പിക്കുമെന്ന പേടിയും ​ഗ്രൂപ്പ് മാനേജർമാർ പങ്കുവെക്കുന്നുണ്ട്.

കോൺഗ്രസിനു ശക്തി പകരാൻ നേമത്ത് സ്ഥാനാർത്ഥിയാകാൻ തനിക്കു മടിയില്ലെന്ന് അടുത്ത വൃത്തങ്ങളോട് ഉമ്മൻ ചാണ്ടി സൂചിപ്പിച്ചു. ഉമ്മൻ ചാണ്ടി നേമത്തേക്കു മാറിയാൽ, പുതുപ്പള്ളിയിൽ കോൺഗ്രസിനായി പുതുമുഖ സ്ഥാനാർത്ഥി വന്നേക്കും. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാകും സാധ്യത. നേരത്തെ മുരളീധരനും നേമത്ത് മത്സരിക്കാൻ സന്നദ്ധ അറിയിച്ചിരുന്നു. ജയിച്ചാൽ താക്കോൽ സ്ഥാനം ചോദിക്കുകയും ചെയ്തു. ഇതിനിടെയാണ് കെസി വേണുഗോപാൽ ഉടക്കുമായി എത്തിയത്. എംഎം ഹസനെ മത്സരിപ്പിക്കാമെന്നും പറഞ്ഞു. ഇതോടെയാണ് വെല്ലുവിളി ഏറ്റെടുക്കാമെന്ന് ഉമ്മൻ ചാണ്ടി സമ്മതിച്ചത്.

നേമത്തിറങ്ങിയാൽ ഉമ്മൻ ചാണ്ടിയെ തോൽപിക്കാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. സംസ്ഥാനത്തുടനീളം പ്രചാരണത്തിനു പോകാൻ കഴിയാതെ നേമത്ത് തളച്ചിടപ്പെടുമെന്ന പ്രശ്‌നവുമുണ്ട്. എതിരാളികളുടെ സംഘടിത കരുത്തിനെ മറികടക്കാനുള്ള ജനപ്രീതി ഉമ്മൻ ചാണ്ടിക്കുണ്ടെന്നും അത് താഴേത്തട്ടിൽ പ്രവർത്തകർക്കു നൽകുന്ന ഊർജം വളരെ വലുതായിരിക്കുമെന്നും നേമത്ത് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു. അതിനിടെ ഇതിനോട് ഇപ്പോഴും പരസ്യമായി പ്രതികരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായിട്ടില്ല.

അതിനിടെ വിശ്വസ്തർക്ക് സീറ്റ് ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ചങ്ങനാശ്ശേരിയിൽ ഇരിക്കൂർ വിട്ട കെസി ജോസഫിനും കെ ബാബുവിനും സീറ്റില്ലെന്നതാണ് ഉമ്മൻ ചാണ്ടിക്ക് പ്രതിസന്ധിയാകുന്നത്. അതിനിടെ മൂവാറ്റുപുഴ നഷ്ടപ്പെട്ട ജോസഫ് വാഴ്ക്കന് തൃക്കാക്കര ഉറപ്പിക്കാൻ നീക്കം തകൃതിയാണ്. അങ്ങനെ വന്നാൽ പിടി തോമസിനും സീറ്റില്ലാതെയാകും. ലതികാ സുഭാഷിന് സീറ്റ് കണ്ടെത്താനാവാത്തതും ഉമ്മൻ ചാണ്ടിക്ക് തലവേദനയാണ്. സിറ്റിങ് എംഎൽഎമാരിൽ കെസി ജോസഫ് ഒഴികെ എല്ലാവരും സീറ്റ് ഉറപ്പിച്ചതായാണ് സൂചന. കെ ബാബുവിനും, കെസി ജോസഫിനും സീറ്റ് നൽകണമെന്ന് കടുത്ത നിലപാടിലാണ് ഉമ്മൻചാണ്ടി. നേമത്തെ സ്ഥാനാർത്ഥിത്വമടക്കം ചർച്ചയാകുന്ന സാഹചര്യത്തിൽ സീറ്റ് നൽകുന്നതിലെ തീരുമാനത്തിന് അനുസരിച്ചായിരിക്കും തന്റെ സ്ഥാനാർത്ഥിത്വമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതായാണ് വിവരം.

ഇന്ന് വൈകിട്ടോടെ തന്നെ പട്ടിക പ്രഖ്യാപിക്കുമെന്നുമായിരുന്നു നേരത്തെ നേതാക്കൾ വ്യക്തമാക്കിയിരുന്നത്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥി പട്ടികക്ക് അംഗീകാരം നൽകിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സമിതിയിലെ ചർച്ച നീണ്ടാൽ നാളെ രാവിലെയാകും പ്രഖ്യാപനം ഉണ്ടാകുക. സോണിയയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട തെരഞ്ഞെടുപ്പ് സമിതിയിലേക്ക് ഏതെങ്കിലും മണ്ഡലം സംബന്ധിച്ച തർക്കം കൊണ്ടു പോകരുതെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close