Election 2021KERALANEWSTop NewsTrending

ഭരണം നിലനിർത്താൻ എൽഡിഎഫ്; അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം പിടിക്കാൻ യുഡിഎഫ്; അട്ടിമറി വിജയ പ്രതീക്ഷയിൽ എൻഡിഎ; കൊട്ടിക്കലാശത്തിന്റെ ആവേശമില്ലാതെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ തെരഞ്ഞെടുപ്പിന്റെ പരത്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമില്ലാത്ത അവസാനം. ഇന്ന് വൈകിട്ട് വരെ മാത്രമാണ് പരസ്യപ്രചാരണത്തിന് അനുമതിയുള്ളത്. എന്നാൽ, മുൻകാലങ്ങളിൽ പരസ്യപ്രചാരണം അവസാനിപ്പിച്ചുള്ള കൊട്ടിക്കലാശം ഇക്കുറി ഉണ്ടാകില്ല. കോവിഡ് പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂർണമായും തിരഞ്ഞെടുപ്പുകമ്മിഷൻ നിരോധിച്ചത്. ബൈക്ക് റാലിയും അനുവദിക്കില്ല. എന്നാൽ, റോഡ്‌ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും നിശ്ചിതസമയംവരെ തടസ്സമുണ്ടാകില്ല.

പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നക്സൽബാധിത പ്രദേശങ്ങളിൽ വൈകീട്ട് ആറുവരെയും മറ്റിടങ്ങളിൽ ഏഴുവരെയുമാണ് പരസ്യപ്രചാരണത്തിന് അനുവദിച്ചിട്ടുള്ള സമയം. പോളിങ് സാധനങ്ങളുടെ വിതരണം തിങ്കളാഴ്ച നടക്കും.

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ്. ദേശീയനേതാക്കളെല്ലാം രണ്ടും മൂന്നും വട്ടമായി കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിന് ആവേശം പകരാൻ പല പരിപാടികളിലായി എത്തി. അവസാനദിവസങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സി.പി.എം. നേതാവ് വൃന്ദാ കാരാട്ട് തുടങ്ങിയവരാണ് പ്രചാരണരംഗത്ത് നിറഞ്ഞുനിൽക്കുന്നത്.

ശബരിമലയുടെ മണ്ണിൽ ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന് ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം എതിർപാളയത്തിലെ നേതാക്കളുടെ വിമർശനത്തിന് വിഷയമായെങ്കിലും അതിൽ കയറിപ്പിടിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമമുണ്ടായില്ല. ശബരിമല ഇപ്പോഴും പാർട്ടികൾക്ക് പൊള്ളുന്ന വിഷയമാണെന്നതിന്റെ സൂചനകൂടിയായി അത്. അതേസമയം, ആചാരലംഘനത്തിന് പിണറായിസർക്കാരും സി.പി.എമ്മും കൂട്ടുനിന്നുവെന്ന ആക്ഷേപമാണ് വേദികളിൽ ബി.ജെ.പി. ഉന്നയിക്കുന്നത്.

അദാനിയുമായി പിണറായിസർക്കാർ വൈദ്യുതിക്കരാറിലേർപ്പെട്ടതിലെ വിശദീകരണം ആരാഞ്ഞാണ് പ്രതിപക്ഷനേതാവ് ശനിയാഴ്ച രംഗത്തിറങ്ങിയത്. അദാനി എന്തിന് കണ്ണൂരിൽ വന്നു എന്ന ചോദ്യം കെ.പി.സി.സി. നേതാക്കളും ഉന്നയിച്ചു. എന്നാൽ, ഇതും ചീറ്റിപ്പോയ പടക്കമായി നിസ്സാരവത്‌കരിക്കുകയാണ് മുഖ്യമന്ത്രി. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് അണികൾ ആവേശത്തോടെ ചാർത്തിനൽകിയ ക്യാപ്റ്റൻ എന്ന വിശേഷണത്തോട് ചില കമ്യൂണിസ്റ്റ് നേതാക്കൾ പ്രതികരിച്ചത് സാമൂഹികമാധ്യമങ്ങളിൽ പല വ്യാഖ്യാനങ്ങൾക്കും കാരണമായി. ആളുകൾ അവരുടെ താത്‌പര്യമനുസരിച്ച് അങ്ങനെ പലതും വിളിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പാർട്ടിയാണ് ക്യാപ്റ്റൻ എന്നായിരുന്നു പി. ജയരാജന്റെ വിശേഷണം. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്ന വിശദീകരണമായിരുന്നു കോടിയേരി ബാലകൃഷ്ണൻ നൽകിയത്.

പ്രചാരണത്തിന്റെ അവസാനദിവസമായ ഞായറാഴ്ചയും ആരോപണ-പ്രത്യാരോപണങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലും ആകാംക്ഷയിലുമാണ് അണികൾ. മഞ്ചേശ്വരത്ത് തന്നെ പരാജയപ്പെടുത്താൻ ലീഗ് സ്ഥാനാർഥിക്ക് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം.

ഭരണത്തുടർച്ച പ്രതീക്ഷിച്ച് എൽഡിഎഫ് പ്രചാരണം നയിച്ചപ്പോൾ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം പിടിക്കാനാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. അതേസമയം, അട്ടിമറി വിജയം നേടി ഇക്കുറി കേരളത്തിൽ അധികാരത്തിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം, വോട്ടെടുപ്പ് ആരാം തീയതി കഴിഞ്ഞാലും മെയ് രണ്ടുവരെ ഫലമറിയാൻ കാത്തിരിക്കേണ്ടി വരുമെന്ന സങ്കടവും നേതാക്കൾക്കും അണികൾക്കുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close