ഭോപ്പാൽ: മധ്യപ്രദേശിൽ ഭർതൃഗൃഹം ഉപേക്ഷിച്ചെത്തിയതിന്റെ പേരിൽ യുവതിക്ക് നേരെ ക്രൂരമായ മർദ്ദനമുറകൾ നടത്തി അച്ഛനും ബന്ധുക്കളും. പത്തൊന്‍പതുകാരിയെ മരത്തില്‍ കെട്ടിത്തൂക്കിയും തറയിലിട്ട് ചവിട്ടിയും വലിയ കമ്പുകളും വള്ളിയും കൊണ്ട് തല്ലിയും എല്ലാം ചുറ്റും കൂടിയ ആളുകൾ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ട്വിറ്ററിലൂടെ അനുരാഗ് സിംഗ് എന്നയാൾ പങ്കുവച്ച ചിത്രങ്ങളിൽ ജൂൺ 28നാണ് സംഭവം നടന്നതെന്ന് പറയുന്നു. അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് യുവതി അമ്മയുടെ അമ്മാവന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയുന്നത്. വീട്ടിൽ നിന്ന് യുവതിയെ വലിച്ചിറക്കി നാട്ടുകാർ കാൺകെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ മരത്തിൽ കെട്ടിത്തൂക്കി മർദ്ദിക്കുകയായിരുന്നു.
ഒരു മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം നാലഞ്ച് പേര്‍ചേര്‍ന്നാണ് യുവതിയെ വടികൊണ്ട് അടിക്കുന്നത്. സമീപവാസികള്‍ ഇത് കണ്ട് നോക്കിനില്‍ക്കുന്നതും കാണാം. യുവതി വേദനകൊണ്ട് പിടയുമ്പോള്‍ മര്‍ദ്ദിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കയ്യിലുള്ള വടികളും വള്ളികളും ചീത്തയാകുന്നത് വരെ അച്ഛനും ബന്ധുക്കളും അടങ്ങുന്ന നാൽവർ സംഘം പെൺകുട്ടിയെ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.