KERALANEWSTop News

ഭാവിയില്‍ പ്രതീക്ഷയുടെ നേര്‍ സാധ്യതപോലും ബാക്കി വെയ്ക്കാതെ പരാജയത്തിന്റെ പുതപ്പണിഞ്ഞ് ട്വന്റി 20

തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്‍ഗണനകളും മാനദണ്ഡങ്ങളുമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുന്നതെന്ന് രാഷ്ട്രീയ കേരളത്തെ ഓര്‍മ്മിപ്പിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഈ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് ഈ ബോധ്യത്തെ കൂടുതല്‍ ഉറപ്പോടെ ഊട്ടിയുറപ്പിച്ചത്.എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്വന്റി ട്വന്റിയുടെ കണക്കുകൂട്ടലെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ പിഴച്ച കാഴ്ചയാണ് ഇന്നലെ നടന്ന ഫല പ്രഖ്യാപനത്തിലൂടെ കാണാന്‍ കഴിഞ്ഞത്. നിയമസഭ കാണാനുള്ള മോഹമെല്ലാം മങ്ങി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടിലെ നാല് പഞ്ചായത്തില്‍ ഭരണം കിട്ടിയതിന്റെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്നതായിരുന്നു ട്വന്റി ട്വന്റിയെ സംബന്ധിച്ചടുത്തോളം ഈ തെരഞ്ഞെടുപ്പ്. മുന്നണികളുടെ ജയപരാജയങ്ങളെ സ്വാധീനിച്ച നിര്‍ണ്ണായക ശക്തിയാകാന്‍ പോലും ട്വന്റി ട്വന്റിയ്ക്ക് നിയമസഭയിലേക്കുള്ള കന്നി പോരാട്ടത്തില്‍ സാധിച്ചില്ല.

ട്വന്റി ട്വന്റിയ്ക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്ന കുന്നത്തുനാട് മണ്ഡലത്തില്‍ അവര്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍പ്പോലും ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല. കൊച്ചി, കോതമംഗലം, പെരുമ്പാവൂര്‍, വൈപ്പിന്‍, മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലും ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്ത് ഒതുങ്ങി. എറണാകുളത്തും തൃക്കാക്കരയിലുമാകട്ടെ ട്വന്റി ട്വന്റി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുന്നത്തുനാട്ടില്‍ 42,701 വോട്ടുകളും തൃക്കാക്കരയില്‍ 4300 വോട്ടുകളും കൊച്ചിയില്‍ 19550 വോട്ടുകളും കോതമംഗലത്ത് 2693 വോട്ടുകളും മൂവാറ്റുപുഴയില്‍ 3444 വോട്ടുകളുമാണ് ട്വന്റി ട്വന്റിയ്ക്ക് നേടാന്‍ സാധിച്ചത്.കുന്നത്തുനാട്ടിലും കൊച്ചിയിലും യുഡിഎഫിനെ ട്വന്റി ട്വന്റി കുറച്ചൊക്കെ കുഴപ്പത്തിലാക്കിയെന്ന് പറയാം.

തദ്ദേശതെരഞ്ഞെടുപ്പിനേക്കാള്‍ 2000 വോട്ട് കിഴക്കമ്പലത്ത് പോലും കുറഞ്ഞു.കൊച്ചിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഷൈനി ആന്റണി 19,550 വോട്ട് നേടിയപ്പോള്‍ യുഡിഎഫിനുണ്ടായത് വലിയ തോല്‍വിയാണ് .കോണ്‍ഗ്രസ്സിന്റെ ടോണി ചമ്മണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ജെ മാക്‌സിയോട് തോറ്റത് 14,079 വോട്ടുകള്‍ക്ക്. പെരുമ്പാവൂരില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ചിത്ര സുകുമാരന്‍ 17,994 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭൂരിപക്ഷം 2624 വോട്ടായി ചുരുങ്ങി.കോതമംഗലത്തും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് 7978വോട്ട് നേടിയപ്പോള്‍ 6605 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുപുറം എല്‍ഡിഎഫിലെ ആന്റണി ജോണിനോട് തോറ്റു. തൃക്കാക്കരയിലും,എറണാകുളത്തും നാലാം സ്ഥാനത്താണെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഗണ്യമായി കുറക്കാന്‍ ട്വന്റി ട്വന്റിക്കായി.ട്വന്റി ട്വന്റിയുടെ സാന്നിധ്യം വലിയ വെല്ലുവിളിയാകും എന്ന് വിലിരുത്തപ്പെട്ട മണ്ഡലം തൃക്കാക്കരയാണ്. എന്നാല്‍, അവിടെ വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടിലെ നാല് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാന്‍ ട്വന്റി ട്വന്റിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, തദ്ദേശതെരഞ്ഞടുപ്പിലെ മുന്നേറ്റം ഇക്കുറി ആവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. വന്‍തോതിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും താരനിബിഡമായ നേതൃനിരയുമൊക്കെ രാഷ്ട്രീയ കേരളത്തിന് ഏറെ ആകാംക്ഷ ഉണ്ടാക്കിയിരുന്നു. എന്നാല്‍, തദ്ദേശതെരഞ്ഞെടുപ്പല്ല നിയമസഭാ തെരഞ്ഞെടുപ്പ് എന്ന ബോധ്യം പകര്‍ന്നാണ് ജനങ്ങള്‍ ട്വന്റി ട്വന്റിയെ ഇക്കുറി സ്വീകരിച്ചത് എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

കുന്നത്തുനാട്ടില്‍ വിപി സജീന്ദ്രനെ പിവി ശ്രീനിജന്‍ തോല്‍പ്പിച്ചത് 2815 വോട്ടുകള്‍ക്കാണ്. കുന്നത്തുനാട്ടില്‍ ട്വന്റി ട്വന്റി പിടിച്ച വോട്ടുകളാണ് ഈ തോല്‍വിയുടെ പ്രധാന കാരണം. കനത്ത തിരിച്ചടിയ്ക്കിടയിലും ട്വന്റി ട്വന്റിയ്ക്ക് ആശ്വസിക്കാനാകുന്ന ഏക കാര്യവും ഇത് തന്നെ. ട്വന്റി ട്വന്റിയുടെ സ്വന്തമെന്ന് വിശേഷണമുണ്ടായിരുന്ന കിഴക്കമ്പലത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ 2000 വോട്ടുകളാണ് ട്വന്റി ട്വന്റിയ്ക്ക് കുറഞ്ഞത്. തൃക്കാക്കരയിലും എറണാകുളത്തും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ട്വന്റി ട്വന്റിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്വന്റി ട്വന്റിയ്ക്ക് മാത്രമല്ല സമാന നിലയില്‍ മത്സര രംഗത്തുണ്ടായിരുന്ന വി ഫോര്‍ കേരള എന്ന സംഘടനയ്ക്കും തങ്ങളുടെ സാന്നിധ്യം പോലും അറിയിക്കാന്‍ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിനായി ട്വന്റി ട്വന്റി ശക്തമായ മുന്നൊരുക്കം തന്നെ നടത്തിയിരുന്നു. എന്നാല്‍ ഇത്തരം സംഘടനകള്‍ക്ക് വളരെ എളുപ്പത്തില്‍ വഴങ്ങുന്ന മണ്ണല്ല കേരളത്തിലേതെന്ന് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതുകയായിരുന്നു.

കിഴക്കമ്പലം പഞ്ചായത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 -ക്ക് രൂപം നല്‍കിയത്.2013ലാണ് ട്വന്റി 20 ചാരിറ്റബിള്‍ സൊസൈറ്റി രൂപവല്‍കരിക്കുന്നത്. കിറ്റക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പദ്ധതി പ്രകാരം കമ്പനി രൂപം നല്‍കിയ സൊസൈറ്റിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവര്‍ജ്ജനം അടക്കമുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ചാണ് അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മക്ക് അന്ന് ഇടതുപക്ഷവും ബിജെപിയും പിന്തുണ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്ന പരിപാടിക്കില്ലെന്ന് പലതവണയായി കിറ്റക്സ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും 2015-ലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അവര്‍ മല്‍സര രംഗത്തിറങ്ങുകയായിരുന്നു.ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അതിനകം ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിപ്രവര്‍ത്തിച്ചിരുന്നു ഈ കൂട്ടായ്മ.

കമ്പനി നിയമിച്ച സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഓരോ വീടുകളും കയറിയിറങ്ങി അവരുടെ ജീവിതനിലവാരവും ആവശ്യങ്ങളും രേഖപ്പെടുത്തി. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ താഴെ തട്ടിലുള്ളവര്‍, മധ്യവര്‍ഗക്കാര്‍, അതിനും മുകളില്‍ നില്‍ക്കുന്നവര്‍ എന്നിങ്ങനെ മൂന്നു തട്ടുകളായി തിരിച്ചു. ഇവര്‍ക്കെല്ലാം വെവ്വേറെ കാര്‍ഡുകള്‍ നല്‍കി. ഈ കാര്‍ഡുള്ളവര്‍ക്ക് പച്ചക്കറി-പലചരക്ക് സാധനങ്ങള്‍ തൊട്ട് ഗൃഹോപകരണ ഉത്പന്നങ്ങള്‍ വരെ പകുതി വിലയ്ക്കു ലഭ്യമാക്കി. പാടങ്ങള്‍ സൗജന്യമായി ഉഴുതു കൊടുത്തു. വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായിച്ചു. ലക്ഷംവീടു കോളനികളില്‍ ഉള്‍പ്പെടെ സൗജന്യ കുടിവെള്ള ടാപ്പുകള്‍ നല്‍കി. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി. തങ്ങളുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള രാഷ്ട്രീയക്കാര്‍ എതിരു നില്‍ക്കുന്നതിനാല്‍, പഞ്ചായത്തില്‍ അധികാരത്തില്‍ എത്തണം എന്നൊരാവശ്യം ഈ കൂട്ടായ്മ പിന്നീട് ജനങ്ങള്‍ക്കു മുന്നിലേക്കു വെച്ചു. അങ്ങനെയാണ്, ട്വന്റി 20 2015-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ആ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി 19-ല്‍ 17 വാര്‍ഡിലും ട്വന്റി 20 ജയിച്ചു. ട്വന്റി 20 ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് കേവലം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ട്വന്റി 20 പഞ്ചായത്ത് ഭരണമേറ്റെടുത്തത്. 2020ല്‍ നാല് പഞ്ചായത്തുകളില്‍ ഭരണം നേടി ട്വന്റി ട്വന്റി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായി. ഇതിനു പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ട്വന്റി ട്വന്റി എത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close