NEWSWORLD

ഭീതികളൊഴിയുന്നില്ല… ലോകരാജ്യങ്ങളുടെ ശത്രുവോ ചൈന ?

ലോക ജനതയെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിയുടെ പ്രഭവ കേന്ദ്രമാണ് ചൈന. വികസിത, വികസ്വര, അവികസിത രാജ്യങ്ങളെല്ലാം ഒരുപോലെ കനത്ത തിരിച്ചടി അതുമൂലം ഏറ്റുവാങ്ങി. അതിനു ശേഷവും പലകുറി നിരവധി വിവാദങ്ങളുമായി ചൈന ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. ഇരുപത് ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നവും ഹോങ്കോങ്ങിനു മേല്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ നിയമവും അതിന്റെ പേരിലുണ്ടായ പ്രതിഷേധ സമരവുമെല്ലാം ഉദാഹരണമാണ്. അധികം മാധ്യമ ശ്രദ്ധയേല്‍ക്കാതെ ചൈനയില്‍ മറ്റൊന്നു കൂടി സംഭവിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് ചൈനയിലെ വുഹാന്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ആഴ്ചകളായി പെയ്യുന്ന മഴയില്‍ തെക്കന്‍ ചൈന പൂര്‍ണമായും മുങ്ങിയെന്ന് വേണം പറയാന്‍. ആയിരത്തോളം പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. വന്‍തോതില്‍ ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. ഏകദേശം 15 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടില്ല.
വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പ്രവിശ്യകളിലൊന്നാണ് ഹുബെ. ലോകത്തിലെ ഏറ്റവും വലിയ ഡാം ത്രീ ഗോര്‍ജസ് സ്ഥിതി ചെയ്യുന്ന നദിയാണ് യാങ്സി. നദിയില്‍ നിന്ന് താഴെയുള്ള ഹുബെയിലെ നഗരമായ യിചാങ്ങില്‍ വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും മുങ്ങി. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കാര്‍ യാത്രക്കാരെ ഗ്ലാസുകള്‍ തകര്‍ത്ത് രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തുടര്‍ച്ചയായ 31 ദിവസം ജനങ്ങള്‍ക്കു സര്‍ക്കാര്‍ പേമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പു നല്‍കിയിരുന്നു. ജലാശയങ്ങളിലും അണക്കെട്ടുകളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ചൈനീസ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു നൂറ്റാണ്ടിലൊരിക്കല്‍ ഇത്തരത്തില്‍ വലിയ വെള്ളപ്പൊക്കമുണ്ടാകാറുണ്ടെന്ന് അധികൃതര്‍.
എന്നാല്‍ ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ചും ലോക രാജ്യങ്ങള്‍ സംശയമുയര്‍ത്തി. വൈറസ് വ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ വെള്ളപ്പൊക്ക ബാധിത പ്രദേശമാണ്. കൊറോണ വൈറസ് ചൈനയില്‍ ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും ലോക രാജ്യങ്ങള്‍ ചൈനയെ ഒറ്റപ്പെടുത്തണമെന്നും അമേരിക്ക ആരോപിച്ചിരുന്നു. ആരോപണ വിധേയമായ ലാബും വൈറസ് പഠന കേന്ദ്രവും ഇവിടെയാണ്. കോവിഡ്-19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ മത്സ്യ- മാംസ മാര്‍ക്കറ്റും ഇതിനകം തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. കോവിഡിന്റെ ഉത്ഭവ കേന്ദ്രത്തിലേക്ക് പഠനത്തിനായി പോകാന്‍ ലോകാരോഗ്യ സംഘടനയും തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര ഏജന്‍സികളോ ഉപഗ്രഹ ചിത്രങ്ങളോ കണ്ടെത്തുന്നതിനു മുമ്പ് കൊറോണ വൈറസിന്റെ ഉറവിടത്തിലെ തെളിവുകള്‍ നശിപ്പിക്കുകയാണ് ചെയ്തത് എന്നാണ് ഉയരുന്ന ആരോപണം. ഇതിനായി ചൈന ഡാം തുറന്നു വിട്ടു എന്നും ആരോപണമുണ്ട്. കോവിഡിനു ശേഷം അവിടെ പന്നികളില്‍ നിന്നു മനുഷ്യരിലേക്കു ബാധിക്കുന്ന എച്ച്1 എന്‍1 പനിയും എലികളില്‍ നിന്നും പടരുന്ന പ്ലേഗ് രോഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു രണ്ടും കോവിഡിനേക്കാള്‍ മാരകമായി ലോകജനതയില്‍ പടര്‍ന്നു പിടിക്കും എന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതിനു പിന്നാലെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ശക്തിയായി കോവിഡ് തിരിച്ചു വരുന്നു എന്ന വാര്‍ത്തകളും അവിടെ നിന്നുണ്ടാകുന്നുണ്ട്. ഏതായാലും ലോകജനത ഭയത്തോടെ കാണുന്ന ഭീതികളുടെ ഉറവിടമായി ചൈന മാറുകയാണ്.

Tags
Show More

Related Articles

Back to top button
Close