KERALANEWS

ഭൂപടത്തില്‍ കാശ്മീര്‍ ഇല്ല, പതാകയില്‍ അശോകചക്രമില്ല, വിവാദചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷാനിമോള്‍ ഉസ്മാന്‍


ആലപ്പുഴ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ ഭൂപടത്തിനൊപ്പം ആശംസകള്‍ നേര്‍ന്ന അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്റെ നടപടി വിവാദത്തില്‍. കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് എംഎല്‍എ പോസ്റ്റ് ചെയ്തതെന്ന് കാട്ടി സിപിഎം അരൂര്‍ യൂണിറ്റും ബിജെപിയുമാണ് പൊലീസിനെ സമീപിച്ചത്. സ്വാതന്ത്ര്യ ദിനാശംസകള്‍ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തില്‍ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളും വികലമായാണ് ചിത്രീകരിച്ചിരുന്നത്. ചിത്രത്തിലെ കശ്മീരിന്റെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെയും കേരളത്തിന്റെയും ഗുജറാത്തിന്റെയും ഭാഗങ്ങള്‍ അങ്ങേയറ്റം വിലക്ഷണമായാണ് വരച്ചിരുന്നത്. നീല നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടത്തിന് കുറുകെ മൂവര്‍ണ്ണക്കൊടി ചിത്രീകരിച്ചിരുന്നുവെങ്കിലും അതില്‍ അശോക ചക്രം ഉണ്ടായിരുന്നില്ല. അത് പതാകയുടെ പിന്നില്‍ ഇന്ത്യന്‍ ഭൂപടത്തിന്റെ മദ്ധ്യഭാഗത്തായി ഭാഗികമായി മാത്രമാണ് ചിത്രീകരിച്ചിരുന്നത്.
കശ്മീര്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഭൂപടം പോസ്റ്റു ചെയ്ത ഷാനിമോള്‍ ഉസ്മാന്‍ ഭരണഘടനാ പ്രതിജ്ഞാലംഘനമാണ് നടത്തിയതെന്നാണ് സിപിഎം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്. എംഎല്‍എക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നുമാണ് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു വാര്‍ത്താ ഏജന്‍സിയായി പിറ്റിഐയോട് സംസാരിക്കവെ അറിയിച്ചത്. അതേസമയം പോസ്റ്റ് വിവാദമായതോടെ പേജ് അഡ്മിന് പറ്റിയ പിഴവാണെന്ന വിശദീകരണവുമായി ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി. പോസ്റ്റ് പിന്‍വലിച്ച് ഖേദപ്രകടനവും നടത്തിയിരുന്നു. വിക്കിപീഡിയയില്‍ നിന്നെടുത്ത ചിത്രമാണെന്നും കോപ്പി ചെയ്തപ്പോഴുണ്ടായ പിഴവിനെ തുടര്‍ന്നാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതെന്നുമായിരുന്നു വിശദീകരണം. എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പോസ്റ്റ് നീക്കം ചെയ്തുവെന്നും ഇത് മനപൂര്‍വം ഉണ്ടായ പിഴവല്ലെന്നും പേജ് അഡ്മിന്‍ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Back to top button
Close