ഭൂരിപക്ഷം ആര്‍ക്ക്?

അധോസഭയായ ഹൗസില്‍ 435 സീറ്റില്‍ 218 നേടുന്നവര്‍ക്കാണ് ഭൂരിപക്ഷം. ഹൗസിലേക്ക് രണ്ടു വര്‍ഷം കൂടുമ്പോള്‍ വോട്ടെടുപ്പുണ്ട്. ഇപ്പോള്‍ ഹൗസില്‍ നിയന്ത്രണം ഡെമോക്രറ്റുകള്‍ക്കാണ്. പക്ഷെ സെനറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈയിലാണ്. സെനറ്റില്‍ 100 ല്‍ 51 കിട്ടണം ഭൂരിപക്ഷത്തിന്. ഉപരിസഭയിലെ 35 സീറ്റിലേക്ക് ഇപ്പോള്‍ വോട്ടെടുക്കുന്നു. ഒരു സെനറ്റര്‍ക്കു ആറു വര്‍ഷം കാലാവധിയുണ്ട്. കാലാവധി കഴിഞ്ഞവര്‍ പിരിയുന്ന ഒഴിവുകളിലേക്കാണ് വോട്ടെടുപ്പ്. ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലിബെര്‍ട്ടറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്: ജോ ജോര്‍ഗന്‍സണ്‍ എന്ന വനിത. ഇതിനു മുന്‍പ് 12 പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഈ പാര്‍ട്ടിക്ക് 2016 ല്‍ 40 ലക്ഷം വോട്ട് കിട്ടി: മൊത്തം വോട്ടിന്റെ 3.8%. വളരെ കടുത്ത മത്സരം ഉണ്ടാവുമ്പോള്‍ ഇത്രയും വോട്ടുകള്‍ പ്രധാന കക്ഷികള്‍ക്ക് നിര്ണായകമാവാം.
റാപ് ഗായകന് കാന്യെ വെസ്റ്റ് ഉള്‍പ്പെടെ ഏതാനും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്. ഇതില്‍ പുതുമയൊന്നുമില്ല. പക്ഷെ ഇവരൊന്നും പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാറില്ല. കോവിഡ് കാലമായതിനാല്‍ വന്‍ തോതില്‍ തപാല്‍ വോട്ടുകള്‍ ഇക്കുറി ഉണ്ടാവും. അത് കൊണ്ടു തന്നെ വോട്ടെണ്ണലില്‍ താമസം ഉണ്ടാവാം. ചില സംസ്ഥാനങ്ങള്‍ നവംബര്‍ മൂന്നിനു തന്നെ തപാല്‍ വോട്ടുകളും എണ്ണും. പക്ഷെ മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് അത് അനുവദിക്കാത്ത നിയമങ്ങളുണ്ട്. അപ്പോള്‍ അവരുടെ വോട്ടെണ്ണല്‍ നീളും. പ്രായം 65 കടന്നവര്‍ക്കു മിക്ക സംസ്ഥാനങ്ങളിലും തപാല്‍ വോട്ട് നിര്‍ബന്ധമാണ്. എട്ടു കോടിയോളം പേര് തപാല്‍ വോട്ടുകള്‍ ചെയ്യും എന്നാണ് കണക്ക്. ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ പലതും നേരത്തെ തന്നെ ബാലറ്റ് പേപ്പര്‍ തപാലില്‍ അയച്ചു കൊടുത്തിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പോളിങ് ബൂത്തുകള്‍ തുറന്നു. പലേടത്തും വലിയ തിരക്കുണ്ടായി എന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങിനെ വന്നാല്‍ നവംബര്‍ 3 നു ബൂത്തുകളില്‍ തിരക്ക് കുറയാം. ട്രംപ് ജയിച്ച 2016 ലെ തെരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേറെ വോട്ടുകള്‍ തപാല്‍ വഴിയാണ് വന്നത്. എന്നാല്‍ തപാല്‍ വോട്ടിങ്ങില്‍ തട്ടിപ്പു നടക്കും എന്ന് ആവര്‍ത്തിച്ചു ആരോപിക്കുന്ന ട്രംപ് തപാല്‍ വകുപ്പിനുള്ള പണം വെട്ടിക്കുറച്ചത് അവരുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. തപാല്‍ ബാലറ്റ് എത്തിച്ചേരാന്‍ താമസം ഉണ്ടാവാം. നവംബര്‍ 3 രാത്രി ഏതെങ്കിലും സ്ഥാനാര്‍ഥി ഒരു സംസ്ഥാനത്തു തിരുത്താന്‍ കഴിയാത്ത ലീഡ് നേടിയാല്‍ ആ സംസ്ഥാനം അയാള്‍ ജയിച്ചതായി മാധ്യമങ്ങള്‍ പ്രഖ്യാപിക്കും. അങ്ങിനെ നിര്‍ണായക സംസ്ഥാനങ്ങള്‍ ഒരു സ്ഥാനാര്‍ഥി അന്നു തന്നെ കീഴടക്കുന്നത് അപൂര്‍വമല്ല. രണ്ടിലൊരാള്‍ക്കു ഇങ്ങിനെ 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ തന്നെ കഴിഞ്ഞെന്നിരിക്കും, അന്നു രാത്രി തന്നെ. 2016 ല്‍ വോട്ടെണ്ണല്‍ ഒരു മാസം വരെ നീണ്ടു. അന്ന് ഹിലരി ക്ലിന്റണ് ജനകീയ വോട്ടുകള്‍ കൂടുതല്‍ നേടി. പക്ഷെ വോട്ടിങ്ങിന്റെ അന്ന് രാത്രി തന്നെ ട്രംപ് 270 കടന്നിരുന്നു. പിറ്റേന്നു പുലര്‍ച്ചെ മൂന്നു മണിക്കാണ് അദ്ദേഹം വിജയപ്രഖ്യാപന റാലി നടത്തിയത്. ഇക്കുറി തോറ്റാല്‍ ഫലം സ്വീകരിക്കില്ലെന്ന് ട്രംപ് പല തവണ പറഞ്ഞു കഴിഞ്ഞു. സുപ്രീം കോടതിയില്‍ പോകും എന്നും വ്യക്തമാക്കി. ബുഷ്-ഗോര്‍ കേസില്‍ കോടതി വിധി ഉണ്ടായത് തെരഞ്ഞെടുപ്പിന് 36 ദിവസം കഴിഞ്ഞാണ്.