CULTURALNEWS

ഭോപാല്‍; ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 36 വയസ്സ്

ഇന്ന് ഡിസംബര്‍ 3,ലോക മനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നിട്ടു ഇന്നേക്ക് 36 വര്‍ഷം തികയുന്നു.
1984 ഡിസംബര്‍ രണ്ട് ,നേരം പാതിരാത്രി.മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാല്‍ നഗരം ഡിസംബര്‍ മാസത്തിന്റെ തണുപ്പില്‍ പുതച്ചുമൂടി ഉറങ്ങുകയാണ്.ഭോപ്പാല്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കീടനാശിനി നിര്‍മാണശാലയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്നു 42 ടോണ്‍ മീതൈല്‍ ഐസോസൈനറെ എന്ന വാതകം സൂക്ഷിച്ചിരുന്ന ഒരു സംഭരണിയില്‍ നിന്നു വാതകം ചോര്‍ന്നു തുടങ്ങി.തണുത്ത രാത്രിയില്‍ വിറങ്ങലിച്ച ഭോപ്പാല്‍ നഗരത്തിലേക്ക് വിഷവാതകം അരിച്ചിറങ്ങി.കുഞ്ഞുങ്ങളെന്നോ,മൃഗങ്ങളെന്നോ പരിഗണനയില്ലാതെ വാതകം നിമിഷനേരംകൊണ്ട് ഓരോന്നായി വിഴുങ്ങി തീര്‍ത്തു.നേരം പുലര്‍ന്നു ലോകം കണ്ടത് നടുക്കുന്ന നിമിഷങ്ങളായിരുന്നു.ലോകം കണ്ട ഏറ്റവും വലിയ വ്യവസായ ദുരന്തം ‘ഭോപാല്‍ വിഷവാതക ദുരന്തം’നടുക്കുന്ന ആ കറുത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 36 വയസ്സ് തികയുകയാണ്.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചു വാതകം ചോര്‍ന്നു തുടങ്ങി നിമിഷങ്ങള്‍ക്കകം 2,259 പേര് വിഷവാതകം ശ്വസിച്ചു മരിച്ചു.രണ്ടാഴ്ചയ്ക്കകം 8000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു.കൂടാതെ എണ്ണായിരത്തിലധികം ജനങ്ങള്‍ പിന്നീട് വിഷവാതകം ശ്വസിച്ചതുമൂലമുണ്ടായ രോഗങ്ങളാല്‍ മരണമടഞ്ഞു.ജീവിച്ചിരിക്കുന്ന രക്തസാക്ഷികളടക്കം ഭോപ്പാല്‍ ദുരന്തം സമ്മാനിച്ചത് രോഗങ്ങളാല്‍ വലയുന്ന ഒരു തലമുറയെ ആണ്.അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇന്ത്യന്‍ സബ്സിഡറിയായ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് (UCIL) ഭോപ്പാലിലെ വ്യവസായ ശാലയില്‍ ഉത്പാദനം തുടങ്ങിയതിന്റെ എട്ടാം വര്‍ഷത്തില്‍ 1984 ഡിസംബര്‍ 2 നു രാത്രിയില്‍ 10:30 നു തുടങ്ങി പിറ്റെ ദിവസം രാവിലെ 6:00 നു നിയന്ത്രണ വിധേയമാകുംവരെ എട്ടു മണിക്കൂറോളം അവിടെ ഉണ്ടായ വിഷ വാതക ചോര്‍ച്ചയാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്.ഏകദേശം 40 ടണ്ണിനു മുകളില്‍ സംഭരിക്കപ്പെട്ടിരുന്ന കീടനാശിനി നിര്‍മ്മാണത്തിനു പ്രധാനമായി ഉപയോഗിക്കുന്ന മീഥൈല്‍ ഐസൊസയനേറ്റ് അഥവാ MIC എന്ന വിഷകരമായ രാസ സംയുക്തം സൂക്ഷിച്ചിരുന്ന ടാങ്കില്‍ വെള്ളം കയറുകയും തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനത്തില്‍ മര്‍ദ്ദം താങ്ങാനാവാതെ വന്‍തോതില്‍ വിഷവാതകം പുറന്തള്ളി. ഈ രാസ സംയുക്തത്തോടൊപ്പം കൊടും വിഷവാതകമായ ഫോസ്ജീന്‍ അടക്കം മറ്റു വിഷ വാതക സംയുക്തങ്ങളും അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു.രാത്രി പത്തരയോടെ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം വ്യാപിക്കാന്‍ തുടങ്ങി. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റു.പന്ത്രണ്ടരയോടെ വ്യവസായശാലയില്‍ മുഴങ്ങിയ അപായ സൈറണ്‍ നിര്‍ത്തി വെച്ചതിനാല്‍ അപകടം അധികം ആരും അറിയാതെ പോയത് സ്ഥിതിഗതികള്‍ ഗുരുതരമാക്കി.

വളരെ വേഗം വിഷവാതക മേഘം ഭോപ്പാല്‍ നഗരത്തിനു മുകളില്‍ അലയടിക്കുകയും ആയിരങ്ങള്‍ തത്ക്ഷണം മരിച്ചു വീഴുകയും ചെയ്തു.ദുരന്തകാരണങ്ങളെക്കുറിച്ചുള്ള 1985 ലെ പഠന റിപ്പോര്‍ട്ടുകള്‍ കമ്പനിയുടെ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. നിലവാരം കുറഞ്ഞ എളുപ്പത്തില്‍ ദ്രവിക്കുന്ന ലോഹങ്ങള്‍ കൊണ്ടുള്ള പൈപ്പുകള്‍ ഉപയോഗിച്ചതും, കൂടുതല്‍ മാരകമായ രാസവസ്തുക്കളുടെ (MIC ) ഉപയോഗവും, സുരക്ഷാ സംവിധാനങ്ങളുടെ പരിപാലനത്തിലെ പിഴവും, അറ്റ കുറ്റ പണികളിലെ പോരായ്മകളും , രാസവസ്തുക്കള്‍ വന്‍കിട സംഭരണിയില്‍ വന്‍തോതില്‍ സംഭരിച്ചത് അടക്കമുള്ള പിഴവുകളാണ് അവയില്‍ പ്രധാനം.ഭോപ്പാല്‍ ദുരന്തം മൂലം ദുരന്തം ഉണ്ടാകുന്ന സമയത്തെ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായിരുന്നു വാറണ്‍ ആന്‍ഡേഴ്സണ്‍. അറസ്റ്റ് ചെയ്യപ്പെട്ട ആന്‍ഡേഴ്സണ്‍ എന്നാല്‍ അന്നു തന്നെ ജാമ്യം നേടി അമേരിക്കയിലേക്ക് രക്ഷപ്പെട്ടു. ആന്‍ഡേഴ്‌സണ്‍ പിന്നീട് തിരിച്ചു വന്നില്ല. മൂന്നു വര്‍ഷത്തിനുശേഷം സി.ബി.ഐ ആന്‍ഡേഴ്സണിനും കമ്പനിക്കുമെതിരെ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. പക്ഷേ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ട തൊഴിച്ചാല്‍ നിയമത്തിന് മുമ്പില്‍ ആന്‍ഡേഴ്‌സനെ എത്തിയ്ക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയക്ക് ഒരു തീരാകളങ്കമായിഅവശേഷിച്ചു.2010 ജൂണില്‍ വാറണ്‍ ആന്‍ഡേഴ്‌സണ്‍ അടക്കം ഒമ്പതു ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ് നിരവധി പേര്‍ മരിക്കാനിടയായത് എന്നതിനാല്‍ ഇവര്‍ക്ക് കോടതി രണ്ടു വര്‍ഷം തടവും രണ്ടായിരം അമേരിക്കന്‍ ഡോളര്‍ പിഴയും ചുമത്തുകയുണ്ടായി. വിചാരണ നേരിടാതെ ആന്‍ഡേഴ്സണ്‍ 2014 ഒക്ടോബറില്‍ മരണമടഞ്ഞു.

നഷ്ടപരിഹാരം തേടി വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര ഗവണ്‍മെന്റുമായുണ്ടാക്കിയ ഉടമ്പടിപ്രകാരം 470 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരം നല്കാന്‍ യൂണിയന്‍ കാര്‍ബൈഡ് ഒടുവില്‍ സമ്മതിച്ചു. എന്നാല്‍ നഷ്ടപരിഹാരമായി ലഭിച്ച 470 മില്യണ്‍ ഡോളറില്‍ നല്ലൊരു ഭാഗം അര്‍ഹരിലേക്ക് എത്തിയില്ല. നഷ്ടപരിഹാരം നല്‍കാന്‍ കാര്‍ബൈഡിന് ചെലവായത് വെറും ഇരുപത് മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. കാരണം അപകടത്തെ തുടര്‍ന്ന് കമ്പനിയ്ക്ക് 450 മില്യണ്‍ ഡോളര്‍ ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നു.ഭോപ്പാല്‍ ദുരന്തം ഇന്ത്യയിലെ മനുഷ്യ ജീവന്റെ വില തുലോം തുച്ഛമാണെന്ന് കൂടി നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് ശരാശരി ഒരു ലക്ഷം രൂപയായിരുന്നു. അതേ സമയം വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഏകദേശം 24 കോടി രൂപ വീതമാണ് ലഭിച്ചത്.

ഭോപ്പാല്‍ വാതക ദുരന്തമുണ്ടാകുന്നതിന് തൊട്ടുമുന്‍പ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ ഇന്ത്യക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥന്‍ കമല്‍ പരീഖ് ചാള്‍സ്റ്റണിലെ യൂണിയന്‍ കാര്‍ബൈഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സേഫ്റ്റി വിഭാഗത്തോട് ഒരു സംശയം ചോദിച്ചു. കമ്പനിയില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന മീഥെയ്ല്‍ ഐസോസൈനേറ്റ് (എം.ഐ.സി) ചോര്‍ന്നാല്‍ തൊട്ടുമുന്‍പിലെ റയില്‍വേ ലൈനിലെ ആളുകളെ കൂട്ടക്കൊല ചെയ്യില്ലേ?കമ്പനിയുടെ മറുപടി ഇങ്ങനെയായിരുന്നു; അത്തരത്തിലൊരു സാധ്യതയുമില്ല.മോശം സാഹചര്യത്തില്‍പ്പോലും വിഷവാതകം റയില്‍വേ ലൈനിലേക്കെത്തില്ല. അത് അതിനപ്പുറത്തേക്ക് കടന്നുപോകും’. അതിനപ്പുറത്ത് ബസ്തിയാണ്. ആയിരക്കണക്കിന് പാവങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഒറിയ ബസ്തി, ജയ്പ്രകാശ്, ചോല ബസ്തികള്‍.വിഷവാതകം ബസ്തിയിലെത്തുമെന്നല്ലേ അതിനര്‍ഥം. അവരുടെ ജീവന് ഒരു വിലയുമില്ലെന്നോ – പരീഖ് തിരിച്ചുചോദിച്ചു. 1984 ഡിസംബര്‍ രണ്ടിലെ രാത്രി വിഷവാതകം ചോര്‍ന്നപ്പോള്‍ ഇരകളില്‍ ഭൂരിഭാഗവും ഈ ബസ്തികളിലെ പാവപ്പെട്ടവരായിരുന്നു.

കൊവിഡ് കാലം ഭോപ്പാലിലെ ഇരകള്‍ക്ക് ദുരന്തത്തിന്റെ രണ്ടാംവരവാണ്. മധ്യപ്രദേശില്‍ കൊവിഡ് പടര്‍ന്നപ്പോള്‍ ഭോപ്പാലില്‍ മരിച്ചുവീണവരില്‍ 80 ശതമാനവും ഈ ദുരന്തത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള ഇരകളാണ്.ജൂണ്‍ 11വരെ ഭോപ്പാലില്‍ മരിച്ച 60 പേരില്‍ 48 പേരും ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളായിരുന്നു.അതില്‍ അഞ്ചു ശതമാനം പേര്‍ കുട്ടികളുമാണ്. ഇത് അവസാനത്തെ കണക്കല്ല. കണക്ക് പറഞ്ഞാല്‍ അവസാനിക്കാന്‍ പോകുന്നുമില്ല.1994ലെ പഠന പ്രകാരം ഭോപ്പാല്‍ യൂണിയന്‍ കാര്‍ബൈഡ് പ്ലാന്റിന് സമീപത്ത് താമസിക്കുന്ന ഒരു ലക്ഷം പേര്‍ക്ക് വൃക്ക രോഗങ്ങള്‍, കാന്‍സര്‍, മൂത്രാശയ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങിയവയുണ്ട്.വികൃതമായ രൂപങ്ങളോട് രോഗം നിറഞ്ഞ ശരീരവുമായി ജനിച്ചവരുണ്ട്. മറ്റു രോഗങ്ങള്‍ സദാ അലട്ടുന്നവരുണ്ട്. കൊവിഡിനെ ഭോപ്പാലിന്റെ രണ്ടാം ദുരന്തമായി കാണാന്‍ നിരവധി കാരണങ്ങളുണ്ട്. മനപ്പൂര്‍വമുള്ള അവഗണനമൂലം സംഭവിച്ചതാണ് ഭോപ്പാല്‍ വാതക ദുരന്തം.അത് സംഭവിക്കാന്‍ പോകുന്നുവെന്ന് യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കും സംസ്ഥാനസര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും അറിയാമായിരുന്നു.

ഭോപ്പാലില്‍ വാതക ദുരന്തം വരാനിരിക്കുന്നുവെന്ന് ആദ്യം പറഞ്ഞത് കമല്‍ പരീഖ് തന്നെയായിരുന്നു. ബോംബെയില്‍നിന്നുള്ള എം.ഐ.സി നിറച്ച ടാങ്കുകള്‍ യാത്രാമധ്യേ ചോര്‍ന്നതിന്റെ ഞെട്ടലിലായിരുന്നു പരീഖ്. അന്ന് പരീഖിന്റെ ധൈര്യപൂര്‍വമുള്ള ഇടപെടലാണ് ഒരു ദുരന്തത്തെ വഴിമാറിയത്.ഫാക്ടറിയിലെ എം.ഐ.സി സപ്ലേ ചെയ്യുന്ന പൈപ്പുകള്‍ ചോര്‍ന്നാല്‍, ഫാക്ടറിയില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് തടയാന്‍ കഴിയാത്തതാണത്.തൊട്ടുമുന്‍പില്‍ റെയില്‍വേ ലൈനാണ്. യാത്രക്കാരെ കുത്തിനിറച്ച തീവണ്ടികള്‍ ഫാക്ടറിക്കു മുന്നില്‍ പ്ലാറ്റ്‌ഫോം കാത്ത് കിടയ്ക്കുന്നു. ഒരു ചെറിയ കാറ്റ് മതി വിഷവാതകം ട്രെയിന്‍ യാത്രക്കാരെ കൂട്ടക്കൊല ചെയ്യാന്‍.രീഖ് അന്നു തന്നെ നാഗ്പൂരിലെ മെറ്റീരിയോളജിക്കല്‍ ഹെഡ്ക്വാര്‍ട്ടറിലെത്തി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നടന്ന മെറ്റീരിയലോളജിക്കല്‍ പഠനങ്ങളുടെ പേപ്പറുകളുകള്‍ പരതി. ഒരാഴ്ചയോളം ഈ പേപ്പറുകളില്‍ പഠനം നടത്തിയ പരീഖ് ഭോപ്പാലിലെ അന്തരീക്ഷ ശാസ്ത്രം പരിശോധിച്ചു. പരീഖിന്റെ സംശയങ്ങള്‍ ശരിയായിരുന്നു.

ഭോപ്പാലിലെ സ്ഥിതി പ്രകാരം 75 ശതമാനവും വടക്കുനിന്ന് കിഴക്കോട്ട് വീശുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 20 കിലോമീറ്ററായിരിക്കും. ഡിസംബറിലെ രാത്രിയില്‍ ഭോപ്പാലിലെ താപനില ഒരിക്കലും ഏഴു ഡിഗ്രി സെല്‍ഷ്യസില്‍ താഴില്ല.അതുകൊണ്ട് എം.ഐ.സിയുടെ ചെറിയ ചോര്‍ച്ചപോലും സമീപപ്രദേശങ്ങളെ ബാധിക്കാം. അത് ട്രെയിന്‍ യാത്രക്കാരെ കശാപ്പു ചെയ്യാം.പരീഖ് ഈ തെളിവുകളെല്ലാം സമ്പാദിച്ച് സൗത്ത് ചാള്‍സ്റ്റണിലെ യൂണിയന്‍ കാര്‍ബൈഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സേഫ്റ്റി വിഭാഗത്തിലേക്കയച്ചു. അതിന് കിട്ടിയ മറുപടിയായിരുന്നു തുടക്കത്തില്‍ പറഞ്ഞത്. പരീഖ് പറഞ്ഞത് ആരും കേട്ടില്ല. ഡിസംബര്‍ രണ്ടിന് രാത്രി ബസ്തികള്‍ക്കു മുകളില്‍ മരണം നിഴല്‍ വിരിച്ചുനിന്ന ദിനത്തില്‍ പരീഖ് കമ്പനിക്കൊപ്പമുണ്ടായിരുന്നില്ല.അന്തരീക്ഷമലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.തലസ്ഥാനനഗരമായ ഡല്‍ഹിയില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍പോലുമാകാതെ ശ്വാസംമുട്ടുകയാണ്.രാജ്യത്തെ മറ്റു പല നഗരങ്ങളുടെയും സ്ഥിതി മെച്ചമല്ല. മലിനീകരണത്തിന്റെ രൂക്ഷത നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ത്തന്നെയാണ് ഡിസംബര്‍ രണ്ട് ദേശീയ മലിനീകരണ നിയന്ത്രണ ദിനം കടന്നുവരുന്നത്.

ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ സ്മരണയാണ് 1984 ഡിസംബര്‍ 2ന് ഉണ്ടായ ഭോപ്പാല്‍ വാതകദുരന്തം. ഈ ദുരന്തത്തെ സ്മരിച്ചുകൊണ്ടാണ് ഡിസംബര്‍ രണ്ട് മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്. ഒപ്പം, ദിനംപ്രതി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷത ഓര്‍മിപ്പിക്കുകകൂടിയാണ് ഈ ദിനം.ദുരന്തത്തില്‍ ജീവന്‍ ബലി നല്‍കിയ ആയിരങ്ങളുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു. മനുഷ്യന്റ അപകടകരമായ അശ്രദ്ധയുടേയും, സുരക്ഷാവീഴ്ചയുടേയും, അമിത ലാഭേച്ഛയും ഫലമായി ഇനിയും ഈ ഭൂമുഖത്ത് ക്ഷണിച്ചു വരുത്തുന്ന ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ എന്ന് ഈ ഭോപ്പാല്‍ ദിനത്തില്‍ നമുക്ക് ആശിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close