KERALATrending

മകനെ കുത്തിക്കൊന്ന കേസില്‍ ഒടുവില്‍ വിധി

തൃശൂര്‍: നീണ്ട ഒന്‍പതു വര്‍ഷത്തെ തോരാത്ത കണ്ണുനീരിനും പ്രാര്‍ഥനയ്ക്കും ഫലമുണ്ടായ സമാധാനത്തിലാണ് മണ്ണുത്തി പട്ടിക്കാട് താണിപ്പാടം ചിറ്റേത്ത് അബ്രഹാമും മേരിയും. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി ടാക്സി ഡ്രൈവറായി ജോലി നോക്കുന്നിടെയായിരുന്നു മകന്റെ കൊലപാതകം. പ്രതികളുടെ ശിക്ഷയെ കുറിച്ചറിഞ്ഞപ്പോഴും അബ്രഹാമിനും മേരിക്കും കരച്ചിലടക്കാന്‍ ആവുന്നുമില്ല. കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും 17 വര്‍ഷം അധിക കഠിനതടവും മൂന്നുലക്ഷം രൂപ വീതം പിഴയും വിധിച്ചു. ശിക്ഷ പ്രത്യേകമായി അനുഭവിക്കണം. അപൂര്‍വ വിധിയാണിതെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് താണിപ്പാടം ചിറ്റേത്ത് അബ്രഹാമിന്റേയും മേരിയുടേയും മകന്‍ അനൂപിനെ (25) 2011 നവംബര്‍ ഒന്നിനാണ് ക്രൂരമായി കൊലചെയ്തത്. കേസിലെ പ്രതികളായ തിരുവനന്തപുരം പുല്ലുവിള കാക്കത്തോട്ടം കോളനി ബിജു എന്ന സെബാസ്റ്റ്യന്‍ ജോസഫ് (സാത്താന്‍ ബിജു 41), മലപ്പുറം മക്കരപറമ്പ് ചേരിക്കത്തൊടി നൗഫല്‍ (40) എന്നിവരെ ഇരട്ട ജീവപര്യന്തം കഠിനതടവിനും 17 വര്‍ഷം അധിക കഠിന തടവിനും 3 ലക്ഷം രൂപ വീതം പിഴയടക്കുന്നതിനും തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം 3 വര്‍ഷം അധികം കഠിനതടവ് അനുഭവിക്കണം.
എറണാകുളത്തെ ശ്രീദുര്‍ഗ ട്രാവല്‍സില്‍ കമ്മീഷന്‍ വ്യവസ്ഥയിലായിരുന്നു കൊല്ലപ്പെട്ട അനൂപ് വണ്ടിയോടിച്ചിരുന്നത്. നാട്ടിലെ ജോലി മതിയാക്കി ഗള്‍ഫിലേക്ക് തന്നെ തിരിച്ചുപോകാന്‍ പദ്ധതിയുണ്ടായിരുന്നു. അതിനുള്ള ശ്രമത്തിലുമായിരുന്നു. അപ്പോഴാണ് വിധി രണ്ടംഗ സംഘത്തിന്റെ രൂപത്തില്‍ അനൂപിന്റെ ജീവിതത്തില്‍ വില്ലനാകുന്നത്. അന്നത്തെ ദുരന്ത ദിനത്തെ കുറിച്ച് ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് അനൂപിന്റെ അച്ഛനും അമ്മയും. കൊലയാളി സംഘം ക്രൂരമായി കൊലപ്പെടുത്തിയ തങ്ങളുടെ പൊന്നുമോന്റെ മൃതദേഹം തങ്ങളുടെ വീടിന്റെ മുന്നിലൂടെ തന്നെ അവര്‍ കൊണ്ടുപോയതിന്റെ ഞട്ടെല്‍ ഇപ്പോഴും ഇരുവര്‍ക്കുമുണ്ട്. 2011 ഒക്ടോബര്‍ 31ന് രാത്രിയാണ് വാഹനം വാടകയ്ക്ക് വിളിച്ചത്. പിറ്റേന്ന് പുലര്‍ച്ചെ മൂന്നിനു വടകരയ്ക്ക് പോയി വരുന്നതിനെന്ന വ്യാജേനയാണ് വാടകയ്ക്കെടുത്തത്. മുന്‍ധാരണയനുസരിച്ച് ടൂറിസ്റ്റ് ഹോമില്‍ പുലര്‍ച്ചേ അനൂപ് വാഹനവുമായിച്ചെന്ന് ഇരുവരേയും കയറ്റി. പുതുക്കാട് എത്തിയപ്പോള്‍ അനൂപിന്റെ കഴുത്തില്‍ തോര്‍ത്തുമുണ്ടിട്ട് നൗഫല്‍ മുറുക്കി. സാത്താന്‍ ബിജു ഇതേസമയം അനൂപിനെ കുത്തിക്കൊന്നു. അനൂപിന്റെ ശരീരത്തില്‍ 27 മുറിവുകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹം കുതിരാന്‍ ഇരുമ്പുപാലത്തിനടുത്തു പെരുംതുമ്പ എന്ന റിസര്‍വ് വനത്തിലാണ് ഉപേക്ഷിച്ചത്. അനൂപിന്റെ വീടിന് മുന്നിലൂടെ തന്നെയാണ് മൃതദേഹം കൊണ്ടുപോയി കുതിരാനിലെ പെരുതുമ്പ കാട്ടില്‍ തള്ളിയത്.
കുതിരാന്‍ ഇരുമ്പുപാലത്തിനടുത്ത് പെരുംതുമ്പ കാട്ടില്‍ മൃതദേഹം ഒളിപ്പിക്കുന്നതിനെത്തിയ ഇരുവരെയും കര്‍ഷകന്‍ സജി തോമസ് കണ്ടിരുന്നു. വാഹനം കഴുകിയത് ആലത്തൂരിനടുത്ത കിണ്ടിമുക്ക് എന്ന സ്ഥലത്താണ്. ഇതിനു ദൃക്സാക്ഷിയായത് താറാവുവളര്‍ത്താന്‍ എത്തിയ ആന്ധ്രാ സ്വദേശി മുരളിയാണ്. അനൂപിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി ദേശീയപാതയില്‍ ഉപേക്ഷിച്ചതും കണ്ടെത്തി. വാഹനത്തിലും പ്രതികളുടെ വസ്ത്രങ്ങളിലും കണ്ട രക്തം അനൂപിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. കേസ് നടക്കുന്നതിനിടെ പലവട്ടം പ്രതികളെ കാണേണ്ടിവന്നിട്ടുണ്ടെന്ന് അബ്രഹാം പറഞ്ഞു. ജയില്‍ ജീവിതത്തില്‍ കൊലയാളികള്‍ക്ക് യാതൊരുവിധ കുഴപ്പങ്ങളും ഉണ്ടായതായി തോന്നിയില്ല. പക്ഷേ, പൊന്നുപോലെ നോക്കിവളര്‍ത്തിയ മകന്‍ അവരുടെ കൊലക്കത്തിക്ക് ഇരയാവുകയും ചെയ്തു. കൊലയാളികള്‍ക്ക് ഏതൊക്കെ ശിക്ഷ ലഭിച്ചാലും തങ്ങളുടെ മകനെ തിരിച്ചുനല്‍കാനാവില്ലല്ലോയെന്നാണ് ഇവരുടെ വിലാപം. അബ്രഹാമിന്റെ മൂത്ത മകന്‍ അനീഷിന് ഷിപ്പിങ് കമ്പനിയിലാണ് ജോലി. വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ട അനൂപിന്റെ പിതാവ് അബ്രഹാമും കോടതിയില്‍ എത്തി. ഒരു തെറ്റും ചെയ്യാത്ത മകനെ വധിച്ച പ്രതികള്‍ക്കു മരണശിക്ഷ വേണമെന്നായിരുന്നു ആഗ്രഹമെന്നു വിധിയെ സ്വാഗതം ചെയ്ത് അബ്രഹാം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close