മക്കളെ കാണാന്‍ ക്യൂന്‍സ് ലാന്‍ഡിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്

മെല്‍ബണ്‍: എന്‍എസ്ഡബ്ല്യൂവില്‍ നിന്നുള്ള കൊറോണാ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ക്യൂന്സ്ലാന്ഡ് എന്‍എസ്ഡബ്ല്യൂവുമായുള്ള അതിര്‍ത്തികള്‍ അടച്ചിരിക്കുന്നത് തങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്ന് വെളിപ്പെടുത്തി എന്‍എസ്ഡബ്ല്യൂവിലെ നിരവധി കുടുംബങ്ങള്‍ രംഗത്തെത്തി. ക്യൂന്സ്ലാന്ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ക്കശമായ നിബന്ധനകള്‍ മൂലം നിരവധി കുടുംബാംഗങ്ങള്‍ പരസ്പരം വേര്‍പിരിഞ്ഞ് അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ജീവിക്കേണ്ട ഗതികേട് തുടരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. നിലവിലെ നിയമങ്ങള്‍ പ്രകാരം ക്യൂന്‍സ്ലാന്‍ഡിന്റെ അതിര്‍ത്തിക്ക് വെളിയില്‍ അതായത് ബോര്‍ഡര്‍ ബബിളില്‍ കഴിയുന്ന രക്ഷിതാക്കള്‍ക്ക് ക്യൂന്സ്ലാന്ഡിലേക്ക് വന്ന് തങ്ങളുടെ കുട്ടികളെ കാണാന്‍ സാധിക്കും.
എന്നാല്‍ തങ്ങള്‍ രണ്ടാഴ്ച മുന്നോടിയായി ക്വാറന്റൈനില്‍ കഴിഞ്ഞുവെന്ന് തെളിയിക്കണമെന്നത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ ഇവര്‍ ക്യൂന്‍സ്ലാന്‍ഡിലെ നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞിരിക്കണം. ഇവര്‍ക്ക് വിമാനമാര്‍ഗം മാത്രമാണ് ക്യൂന്സ്ലാന്ഡിലേക്ക് വരാന്‍ അനുവാദമുള്ളത്. കൂടാതെ ക്യൂന്സ്ലാന്ഡിലെത്തുന്നവര് കോര്‍ട്ട് ഓഫ് ഓര്‍ഡര്‍ അല്ലെങ്കില്‍ ലീഗല്‍ എഗ്രിമെന്റ് എന്നിവയിലൊന്ന് നിര്‍ബന്ധമായും തെളിവായി ഹാജരാക്കുകയും വേണം. ഇത്തരം രക്ഷിതാക്കള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനില്‍ ഇളവിനായും റോഡ് മാര്‍ഗം വരാനുമായി ക്യൂന്സ്ലാന്ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. എന്നാല്‍ വളരെ അത്യാവശ്യമായതോ ഒഴിച്ച് കൂടാനാവാത്തതോ ആയ സാഹചര്യങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ ഇളവുകള്‍ അനുവദിക്കുകയുള്ളൂ.