INDIANEWS

മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍, ഒന്‍പത് എംഎല്‍എ മാര്‍ പിന്തുണ പിന്‍വലിക്കുന്നു

ഗുവാഹത്തി : മണിപ്പൂരില്‍ ഒമ്പത് എംഎല്‍എമാര്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ബിരേന്‍ സിംഗ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിക്കുന്നു. ഇതോടെ ബിജെപിക്ക് സംസ്ഥാന നിയമസഭയിലുള്ള ഭൂരിപക്ഷം നഷ്ടമായേക്കാം എന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത് ജൂണ്‍ 19ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിച്ചേക്കാം. പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ച ഒന്‍പത് എംഎല്‍എമാരില്‍ നാലുപേര്‍ കോണ്‍റാഡ് സാല്‍മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലുള്ളവരാണ്. അവരില്‍ ഉപമുഖ്യമന്ത്രി വൈ .ജോയ്കുമാര്‍ സിംഗും കാബിനറ്റ് മന്ത്രിമാരായ എന്‍. കയിസി, എല്‍. ജയന്ത കുമാര്‍ സിംഗ് , ലെറ്റ്പയോ ഹൗകിപ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ മന്ത്രി സ്ഥാനം രാജി വച്ചതിനുശേഷമാകും പിന്തുണ പിന്‍വലിക്കുക. ബിജെപി എംഎല്‍എമാരായ എസ്.സുഭാഷ്ചന്ദ്ര സിംഗും റ്റി.റ്റി ഹവോകിപും സാമുവല്‍ ജെന്‍ടാറും പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവരെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയായ രവീന്ദ്ര സിംഗും സ്വതന്ത്ര എംഎല്‍എ ഷഹാബുദ്ദീനുമാണ് ബാക്കി രണ്ടുപേര്‍.

ബിജെപിയിലേക്കു മാറിയ ഏഴു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു രാജ്യസഭയില്‍ വോട്ടുചെയ്യാനുള്ള അവസരവും പ്രവേശനവും 2017ല്‍ മണിപ്പൂര്‍ ഹൈക്കോടതി നിഷേധിച്ചിരുന്നു. ഇതും ഇപ്പോഴത്തെ അസ്ഥിരതക്ക് ഒരു കാരണമാണെന്നു പറയപ്പെടുന്നു. മുന്‍പ് ‌കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന റ്റി.എച്ച് ശ്യാംകുമാര്‍ സിംഗ് ബിജെപിയെ പിന്‍തുണച്ച് ക്യാബിനറ്റ് മന്ത്രി സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ സ്പീക്കര്‍ ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള ട്രൈബ്യൂണലില്‍ കോണ്‍ഗ്രസ് പരാതിനല്‍കിയതിനേത്തുടര്‍ന്ന് അദ്ദേഹം അയോഗ്യനാക്കപ്പെട്ടു.

2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മാത്രമായി ആകെയുള്ള 60 സീറ്റില്‍ 28 എണ്ണം ലഭിച്ചിരുന്നു. അന്ന് ബിജെപിക്ക് 21 സീറ്റാണ് ലഭിച്ചത്. പക്ഷെ എന്‍പിപി യില്‍ നിന്നും എന്‍പിഎഫില്‍ നിന്നും നാലുപേരും എല്‍ജെപി യില്‍ നിന്നും റ്റിഎംസിയില്‍ നിന്നും ഓരോരുത്തരും ഒപ്പം ഒരു സ്വതന്ത്രനും പിന്തുണച്ചപ്പോള്‍, ബിജെപി അധികാരത്തിലെത്തുകയായിരുന്നു. ഭരണത്തില്‍ വന്നതിനുശേഷം കോണ്‍ഗ്രിസില്‍ നിന്ന് ഏഴുപേര്‍ കൂടി എത്തുകയും ബിജെപിയുടെ ഭൂരിപക്ഷം വര്‍ധിക്കുകയും ചെയ്തു. കൂറുമാറിയതിനേത്തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട ഏഴ് കോണ്‍ഗ്രസ് എംഎല്‍എ മാരുടെ പ്രവേശനം തടയപ്പെടുകയും റ്റി.എച്ച് ശ്യാംകുമാറിനെ വിലക്കുകയും ചെയ്തതോടെ മന്ത്രിസഭയുടെ അംഗസംഖ്യ52 ആയി കുറഞ്ഞിരുന്നു. അതില്‍ 23 പേര്‍ ബിജെപിയേയും 21 പേര്‍ കോണ്‍ഗ്രസിനേയും നിലവില്‍ പിന്‍തുണക്കുന്നു. ബിജെപിയോടുള്ള പിന്‍തുണ പിന്‍വലിക്കുന്ന ഒന്‍പതുപേര്‍ കോണ്‍ഗ്രസില്‍ ചേരുന്നതോടെ ഇവരുടെ അംഗബലം 29 ലേക്കുയരുകയും ബിജെപി ക്കു ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്യും.

Tags
Show More

Related Articles

Back to top button
Close