INDIANEWSTrending

മണ്ഡപത്തിൽ മദ്യപിച്ചെത്തി വരന്റെയും സുഹൃത്തുക്കളുടെയും കോപ്രായം; വിവാഹം വേണ്ടെന്ന് വച്ച് വധു

ലക്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിൽ വിവാഹദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് വരന്റെയും സുഹൃത്തുക്കളുടെയും കോപ്രായം കാട്ടലുകളിൽ ദേഷ്യപ്പെട്ട് വിവാഹം വേണ്ടെന്ന് വച്ച് നവവധു. മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലേക്ക് എത്തിയതിന് പിന്നാലെ സമാന സ്ഥിതിയിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി നൃത്തം ചെയ്യാന്‍ പ്രതിശ്രുത വരന്‍ ആവശ്യപ്പെട്ടതോടെയാണ് 22 കാരിയായ വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

പ്രയാഗ് രാജിലെ പ്രതാപ്ഗഡ് നഗരത്തിലെ തിക്രിയിലാണ് സംഭവം. രവീന്ദ്ര പട്ടേല്‍ എന്നയാളുമായി ആയിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിനത്തില്‍ മദ്യപിച്ച് നില തെറ്റിയെത്തിയ വരനും സുഹൃത്തുക്കളും വേദിയിൽ നടത്തിയ കാട്ടിക്കൂട്ടലുകള്‍ അവഗണിച്ചെങ്കിലും വരന്‍റെ സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട് കയ്യില്‍ പിടിച്ച് സുഹൃത്തുക്കളുടെ മുന്നിലേക്ക് വധുവിനെ എത്തിച്ചതോടെ യുവതിയുടെ നിയന്ത്രണം വിടുകയായിരുന്നു. സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യില്ലെന്ന് വധു രവീന്ദ്ര പട്ടേലിനോട് തറപ്പിച്ച് പറഞ്ഞു. ഇതില്‍ കുപിതനായി ഇയാള്‍ വേദിയില്‍ വച്ച് വധുവിനോട് കലഹിക്കാന്‍ ആരംഭിച്ചു. ഇതോടെയാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

വിവാഹ സമ്മാനമായി നല്‍കിയ പണവും ആഭരണവും മറ്റ് സമ്മാനങ്ങളും തിരികെ നല്‍കാന്‍ വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതിനാല്‍ സമ്മാനങ്ങള്‍ തിരികെ നല്‍കാനാവില്ലെന്ന നിലപാടായിരുന്നു വരന്‍റെ ബന്ധുക്കള്‍ സ്വീകരിച്ചത്. ഇതോടെ ഇവരെ വധുവിന്‍റെ വീട്ടുകാര്‍ ബന്ധനത്തിലാക്കി.

വരന്‍ പൊലീസിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസെത്തിയിട്ടും വിവാഹത്തിന് യുവതി വഴങ്ങാതിരുന്നതോടെ സമ്മാനങ്ങള്‍ തിരികെ നല്‍കണമെന്ന് പൊലീസും വ്യക്തമാക്കി. ഇതോടെ സമ്മാനങ്ങള്‍ തിരികെ നല്‍കി വരനും വീട്ടുകാരും മടങ്ങുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close