Election 2021KERALANEWSTop News

മതവും മാർക്സിസവും മാറ്റി നിർത്താത്ത മ‍ഞ്ചേശ്വരത്തിന്റെ മനസ്സ് എവിടേക്ക്

മഞ്ചേശ്വരം: കേരളത്തിൽ ശക്തമായ ത്രികോണ രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാം പേരാണ് മഞ്ചേശ്വരത്തിന്റേത്. അകതാരിലെ മോഹം ആരോടെന്ന് മറ്റുള്ളവർക്ക് അറിയാൻ സാധിക്കാത്ത നാടൻ പെൺകൊടിയുടെ മനസ്സാണ് ഈ സപ്തഭാഷാ സുന്ദരിക്കും. മൂന്ന് മുന്നണികൾക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ വിജയത്തെ സ്വാധീനിക്കുന്ന ഘടകമെന്തെന്ന് മനസ്സിലാക്കാൻ ഇനിയും രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. ഹിന്ദു രാഷ്ട്രീയത്തിനും മുസ്ലീം രാഷ്ട്രീയത്തിനും മതേതര ഇടത് രാഷ്ട്രീയത്തിനും ബലാബലം നിൽക്കാൻ കഴിയുന്ന മണ്ണിലെ ജനവിധി പക്ഷേ കേരള രാഷ്ട്രീയത്തിന്റെ നി​ഗൂഢതകളിൽ ഒന്നാണ്. മഞ്ചേശ്വരത്തെ മനുഷ്യർ എങ്ങനെ ചിന്തിക്കുമെന്ന് പ്രവചിക്കാൻ സാധിക്കില്ല എന്നതാണ് കഴിഞ്ഞ കാല അനുഭവം. അത് തന്നെയാണ് മൂന്ന് മുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതും. വി. ര​മേ​ശ​ൻ (എ​ൽ.​ഡി.​എ​ഫ്​), എം.​കെ.​എം. അ​ഷ്റ​ഫ്​ (യു.​ഡി.​എ​ഫ്​), കെ. ​സു​രേ​ന്ദ്ര​ൻ (എൻഡിഎ) എന്നിവരാണ് ഇക്കുറി മഞ്ചേശ്വരത്ത് മാറ്റുരയ്ക്കുന്നത്.

മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകൾ സംസാരിക്കുന്നവരാണ് ഇവിടുത്തെ വോട്ടർമാർ. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും എൻഡിഎയ്ക്കും ജനപിന്തുണയുള്ള മണ്ഡലത്തിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ പരാജയപ്പെട്ടത് വെറും 89 വോട്ടുകൾക്കായിരുന്നു. എന്നാൽ 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എംസി കമറുദ്ദീൻ ലീഡ് ഉയർത്തി.

2011ലെ നിയമസഭ തെരഞ്ഞെടുപ്പിൻറെ തനിയാവർത്തനമായിരുന്നു 2016ലും മഞ്ചേശ്വരത്ത് നടന്നത്. യുഡിഎഫിനായി മുസ്ലീം ലീഗിലെ പിബി അബ്ദുൾ റസാഖും ബിജെപിയ്ക്കായി കെ സുരേന്ദ്രനും സിപിഎമ്മിനായി സിഎച്ച് കുഞ്ഞമ്പുവുമായിരുന്നു സ്ഥാനാർഥികൾ. 2011ൽ കെ സുരേന്ദ്രനെ 5828 വോട്ടുകൾക്കാണ് അബ്ദുൾ റസാഖ് പരാജയപ്പെടുത്തുന്നത്. എന്നാൽ 2016ലെ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ പോരാട്ടം നടന്നതോടെ അബ്ദുൾ റസാഖിൻറെ ലീഡ് 100ൽ താഴേക്ക് എത്തുകയായിരുന്നു. വെറും 89 വോട്ടിനാണ് സുരേന്ദ്രൻ ഇത്തവണ പരാജയപ്പെടുന്നത്. പിബി അബ്ദുൾ റസാഖ്- 56,870, കെ സുരേന്ദ്രൻ- 56,781, സിഎച്ച് കുഞ്ഞമ്പു- 42,565 എന്നിങ്ങനെയാണ് 2016ൽ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ. സിപിഎം സ്ഥാനാർഥിയ്ക്ക് 0.42 ശതമാനവും സുരേന്ദ്രന് 2.66 ശതമാനവും വോട്ട് വർധിച്ചപ്പോൾ ജയിച്ചെങ്കിലും ലീഗ് നേതാവിന് വോട്ടിൽ 1.67 ശതമാനത്തിൻറെ ഇടിവുണ്ടായി.

2018 ഒക്ടോബറിൽ ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് എംഎൽഎ പിബി അബ്ദുൾ റസാഖ് മരിക്കുമ്പോഴും സുരേന്ദ്രൻ നൽകിയ കേസ് കോടതിയിൽ നടക്കുന്നുണ്ടായിരുന്നു. 2019 ൽ സുരേന്ദ്രൻ കേസ് പിൻവലിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. എന്നാൽ ഇതിന് മുമ്പ് തന്നെ ലോക് സഭ തെരഞ്ഞെടുപ്പും ജനങ്ങളെ തേടിയെത്തി.

മഞ്ചേശ്വരം ഉൾപ്പെടുന്ന കാസർകോട് ലോക് സഭ മണ്ഡലം എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത തെരഞ്ഞെടുപ്പായിരുന്നു 2019ൽ നടന്നത്. കോൺഗ്രസ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനും സിപിഎമ്മിലെ കെപി സതീഷ് ചന്ദ്രനും ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറുമായിരുന്നു ഇവിടെ സ്ഥാനാർഥികൾ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന് ഉണ്ടായിരുന്നതെങ്കിൽ ലോക് സഭ തെരഞ്ഞെടുപ്പിൽ ഉണ്ണിത്താനെ അകമഴിഞ്ഞ് പിന്തുണക്കുകയായിരുന്നു മഞ്ചേശ്വരം. 11,113 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയ്ക്ക് ലഭിച്ചത്. യുഡിഎഫ്- 68,217, എൻഡിഎ- 57,104, എൽഡിഎഫ്- 32,796 എന്നിങ്ങനെയായിരുന്നു മഞ്ചേശ്വരം മണ്ഡലത്തിൽ ലോക് സഭാ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം. എൻഡിഎ സ്ഥാനാർഥിയേക്കാൾ യുഡിഎഫിന് ലഭിച്ചത് 11,113 വോട്ടുകൾ. സംസ്ഥാനാമാകെ അലയടിച്ച യുഡിഎഫ് തരംഗത്തിനൊപ്പം മഞ്ചേശ്വരവും നീങ്ങി.

2019ലെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ലീഗിനായി എംസി കമറുദ്ദീനും ബിജെപിയ്ക്കായി ലോക് സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് നിന്ന് ജനവിധി തേടിയ രവീശ തന്ത്രി കുണ്ടാറും സിപിഎമ്മിനായി എം ശങ്കർ റേയും വോട്ട് തേടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഭൂരിപക്ഷം വലിയോ തോതിൽ ഉയർത്തിയാണ് കമറുദ്ദീൻ യുഡിഎഫിനായി മണ്ഡലം നിലനിർത്തിയത്. എന്നാൽ ലോക് സഭ തെരഞ്ഞെടുപ്പിലെ അധിപത്യം നിലനിർത്താൻ ആയതുമില്ല.

കമറുദ്ദീന് 65,407 വോട്ടുകൾ ലഭിച്ചപ്പോൾ, രണ്ടാമതെത്തിയ രവീശ തന്ത്രിയുടെ ജനപിന്തുണ 57,484 വോട്ടിൽ ഒതുങ്ങി. ശങ്കർ റേയ്ക്ക് ലഭിച്ചത് 38,233 വോട്ടുകളും. കമറുദ്ദീൻറെ ഭൂരിപക്ഷം 7,923. 4.40 ശതമാനത്തിൻറെ വർധനവാണ് ലീഗിന് ഇത്തവണ ഉണ്ടായത്. ബിജെപിയ്ക്ക് 0.42 ശതമാനവും, സിപിഎമ്മിന് 3.30 ശതമനാവും വോട്ട് കുറഞ്ഞു.

പിന്നാലെ എത്തിയ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് മേൽക്കൈ നേടി. മണ്ഡല പരിധിയിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ മൂന്നിടത്ത് യുഡിഎഫും രണ്ട് വീതം സ്ഥലങ്ങളിൽ എൻഡിഎയ്ക്കും എൽഡിഎഫിനുമാണ് ഭരണം. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ എൻഡിഎയും യുഡിഎഫും തുല്യശക്തികളായപ്പോൾ എൻഡിഎ പിന്തുണയോടെ കോൺഗ്രസ് വിമതയാണ് പ്രസിഡൻറായത്. എൻമകജെ, കുമ്പള, മംഗൽപാടി പഞ്ചായത്തുകൾ യുഡിഎഫും, മീഞ്ച, പൈവളികെ പഞ്ചായത്തുകൾ എൻഡിഎയും, പുത്തിഗെ, വോർക്കാടി പഞ്ചായത്തുകൾ ഇടതുപക്ഷവുമാണ് നിലവിൽ ഭരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close