CULTURALTrending

മതസൗഹാർദ്ദത്തിന്റെ ആഘോഷങ്ങൾ കൂടിയാണ് മലയാളിയുടെ ഓരോ ആഘോഷങ്ങളും; ശാരീരിക അകലം പാലിക്കുമ്പോഴും മാനസിക അടുപ്പം കാത്തുസൂക്ഷിക്കണം; ചെറിയ പെരുന്നാൾ‌ സന്ദേശവുമായി പാളയം ഇമാം

ബഹുമാന്യരായ സഹോദരങ്ങളെ സഹോദരിമാരെ, ഈദ് ഉൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ സമാ​ഗതമായിരിക്കുകയാണ്. ഈദ് ഉൽ ഫിത്തർ നാഥന്റെ, അള്ളഹുവിന്റെ ഭാ​ഗത്ത് നിന്നുള്ള സമ്മാനമാണ്. വിശുദ്ധ റമദാന്റെ പകലുകളിൽ നോമ്പെടുക്കുകയും നമസ്കരിക്കുകയും രാത്രികളിൽ നമസ്കാരം കൊണ്ടു വിശുദ്ധ ഖുർ ആൻ പാരായണം കൊണ്ടും ധന്യമാക്കുകയും ചെയ്ത വിശ്വാസികൾക്ക് ജ​ഗന്നിയന്താവായ ദൈവം തമ്പുരാൻ അള്ളാഹു നൽകുന്ന സമ്മാനമാണ് ഈദ് ഉൽ ഫിത്തർ. ഈദ് ഉൽ ഫിത്തർ ദിനത്തിൽ നമസ്കാരം നിർവഹിക്കുവാൻ വേണ്ടി നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്ന വിശ്വാസി. പള്ളികളിലേക്കും ഈദ് ​ഗാഹുകളിലേക്കും പുറപ്പെടുന്ന വിശ്വാസി. ഈ കോവിഡ് കാലം പള്ളികളും ഈദ് ​ഗാഹുകളും അത്രക്ക് സജീവമല്ലെങ്കിൽ പോലും സഹോദരങ്ങളെ, സഹോദരിമാരെ, വിശ്വാസികൾ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നുണ്ട്.

പെരുന്നാൾ നമസ്കാരത്തിന് വേണ്ടി പുറപ്പെടുന്ന വിശ്വാസിയോട് മലക്കുകൾ പറയുകയാണ്, അവന് വേണ്ടി പ്രാർത്ഥിക്കുകയാണ്, നിന്റെ നാഥന്റെ അനു​ഗ്രഹങ്ങൾ നേടിയെടുക്കുവാൻ, നിന്റെ നാഥന്റെ കാരുണ്യം നേടിയെടുക്കുവാൻ നീങ്ങുക. നിന്റെ നാഥൻ പകൽ നോമ്പെടുക്കുവാൻ നിന്നോട് നിർദ്ദേശിച്ചപ്പോൾ പകൽ നീ നോമ്പെടുത്തു. രാത്രി നമസ്കരിക്കാൻ നിന്നോട് പറഞ്ഞപ്പോൾ രാത്രി നീ നമസ്കരിച്ചു. നമസ്കാരം കൊണ്ടും നോമ്പ് കൊണ്ടും നിന്റെ ജീവിതത്തെ റമദാനിൽ നീ കൂടുതൽ ധന്യമാക്കി. ദൈവത്തിന്റെ സമ്മാനവും അവന്റെ കൃപയും നേടിയെടുക്കുക. അള്ളാഹുവിന്റെ കാരുണ്യത്തിലേക്ക് നീ നീങ്ങുക എന്ന് വിശ്വാസികൾ ഈദ് നമസ്കാരത്തിന് വേണ്ടി പുറപ്പെടുന്ന വഴിയോരങ്ങളിൽ നിന്നുകൊണ്ട് മലക്കുകൾ പറയുമെന്ന് പ്രവാചകൻ നമ്മെ ഉണർത്തുകയാണ്.

സഹോദരങ്ങളെ, സഹോദരിമാരെ, സന്തോഷത്തിന്റെ ദിനമാണ് ഈദ്. ഒരിക്കൽ പ്രവാചകന്റെ വീട്ടിൽ കൊച്ചുകുട്ടികൾ ചേർന്ന് പാട്ട് പാടുകയാണ്. പ്രവാചകൻ ആശിർവദിക്കുകയാണ്. കൊച്ചുകുട്ടികൾ ഇങ്ങനെ പ്രവാചകന്റെ മുന്നിൽ പാട്ട് പാടുമ്പോൾ അബൂബക്കർ സിദ്ദിഖ് റഹിയള്ളാഹു കയറി വന്നു. അബൂബക്കർ റഹിയള്ളാഹു ചോദിക്കുകയാണ്, പ്രവാചകന്റെ വീട്ടിലാണോ നിങ്ങളുടെ പാട്ടുംകൂത്തും? പ്രവാചകൻ ഇത് കേട്ടു. അബൂബക്കറെ, എല്ലാ ജനവിഭാ​ഗങ്ങൾക്കും ആഘോഷ ദിനങ്ങളുണ്ട്. ഇത് നമ്മുടെ ആഘോഷ ദിനമാണ്. അവര് പാടട്ടെ, അവര് ഉല്ലസിക്കട്ടെ. അവർ ആനന്ദിക്കട്ടെ. ആനന്ദമാകാവുന്നതാണ്. ആഘോഷമാകാവുന്നതാണ്. കോവിഡിന്റെ എല്ലാ നിയന്ത്രണങ്ങളും ഉൾക്കൊണ്ടുകൊണ്ടാവണം നമ്മുടെ ആനന്ദവും നമ്മുടെ ആഘോഷങ്ങളും.

തന്നെ ശാരീരിക അകലം, അതുപോലെ തന്നെ കോവിഡ് നിയന്ത്രണങ്ങൾ ഒരുപാടുണ്ട് നമുക്കറിയാം. അത്തരം നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടുള്ള ആഘോഷം ഒരിക്കലും നമ്മുടെ ഭാ​ഗത്ത് നിന്നും പാടില്ല. പുതിയ കാലഘട്ടത്തിൽ പല രീതിയിൽ നമുക്ക് ആഘോഷിക്കാമല്ലോ. സോഷ്യൽ മീഡിയയിലൂടെ, മൊബൈലിലൂടെ, ഫോണിലൂടെ, ആശയ വിനിമയങ്ങളിലൂടെ പരസ്പര ബന്ധം നമുക്ക് പുതുക്കാമല്ലോ.

നമ്മുടെ സഹോദര സമുദായങ്ങൾ – ഹൈന്ദവരും ക്രൈസ്തവരുമായിട്ടുള്ള ആളുകൾ അവർക്ക് നമുക്ക് ഈദിന്റെ ആശംസകൾ നേരാമല്ലോ. ഈദ് എല്ലാവരുടേതുമാണ്. അത് ഒരു മതവിഭാ​ഗത്തിന്റേതാണെങ്കിലും അത് എല്ലാവരും ചേർന്നുകൊണ്ട് സന്തോഷത്തോട് കൂടി ആഘോഷിക്കേണ്ടതാണ്. അതുകൊണ്ട് നമ്മൾ ഈദിന്റെ ആശംസകൾ നമ്മുടെ സഹോദര സമുദായങ്ങൾക്ക് നേരണം. കോവിഡില്ലാത്ത കാലത്ത് അവർ നമ്മുടെ വീട്ടിൽ വന്നിരുന്നു. ആഘോഷങ്ങൾ പങ്കുവെച്ചിരുന്നു. നമ്മുടെ വീട്ടിൽ വന്നുകൊണ്ട് ആഹാരം കഴിച്ചിരുന്നു. അതുപോലെ തന്നെ അവരുടെ ആഘോഷ ദിനങ്ങളിൽ നമ്മെ അവരും അവരുടെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുടെ വീട്ടിൽ നിന്ന് നമ്മൾ ആഹാരം കഴിക്കുകയും ചെയ്തിരുന്നു. അതാണ് യഥാർത്ഥത്തിൽ നമ്മുടെ മതസൗഹാർദ്ദം എന്ന് പറയുന്നത്.

മതസൗഹാർദ്ദത്തിന്റെ ആഘോഷങ്ങൾ കൂടിയാണ് മലയാളിയുടെ ഓരോ ആഘോഷങ്ങളും. അത് ഓണമാണെങ്കിലും, അത് ഈദുൽ ഫിത്തർ ആണെങ്കിലും ഈദ് ഉൽ അദഹയാണെങ്കിലും അതുപോലെ തന്നെ അത് ക്രിസ്തുമസ് ആണെങ്കിലും വിഷുവാണെങ്കിലും ഓരോ ആഘോഷങ്ങളും മതത്തിനും ജാതിക്കും അപ്പുറത്തിരുന്നുകൊണ്ട്, മലയാളികൾ മുഴുവൻ പേരും ഒരുമിച്ചിരുന്നുകൊണ്ട് ആഘോഷിക്കുന്നതാണ്. ജനങ്ങളുടെ ആഘോഷമാക്കി ഈദിനെ ഇപ്പോഴും നമ്മൾ മാറ്റണം. പക്ഷേ, സാമൂഹിക ശാരീരിക അകലം നമുക്ക് ഉണ്ടെങ്കിലും സഹോദരങ്ങളെ, നമ്മുടെ ബന്ധങ്ങൾ നമ്മൾ പുതുക്കണം. നമ്മുടെ സുഹൃത്തുക്കളോട്, നമ്മുടെ അയൽക്കാരോട്, നമുക്ക് ആശയവിനിമയം നടത്താം. നമുക്ക് മൊബൈലിലൂടെ, സോഷ്യൽ മീഡിയയിലൂടെ, വാട്സാപ്പിലൂടെ, ആശയവിനിമയം നടത്തിക്കൊണ്ട് പെരുന്നാൾ‌ ആശംസിച്ചുകൊണ്ട്, ഈദുൽ ഫിത്തർ ആശംസകൾ നേർന്നുകൊണ്ട് സഹോദരങ്ങളെ നമുക്ക് മുന്നോട്ട് പോകാം.

ഈദ് ദിനത്തിൽ അഥിതികളായി ആളുകൾ നമ്മുടെ വീട്ടിലേക്ക് കയറിവരും. അഥിതികളെയും അയൽക്കാരെയുമൊക്കെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് വിശ്വാസികളുടെ വിശ്വാസത്തിന്റെ പൂർത്തീകരണത്തിന്റെ ഭാ​ഗമാണ്. പ്രവാചകൻ പറഞ്ഞു: ആരെങ്കിലും അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു എങ്കിൽ അയാൾ അയൽക്കാരനെ ആദരിക്കട്ടെ. ആരെങ്കിലും അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു എങ്കിൽ, അയാൾ അഥിതിയെ ആദരിക്കട്ടെ. ആരെങ്കിലും അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു എങ്കിൽ, അയാൾ നല്ലത് പറയട്ടെ, അല്ലെങ്കിൽ മൗനം പാലിക്കട്ടെ.

സഹോദരങ്ങളെ, സഹോദരിമാരെ, അതുപോലെതന്നെ ഈ ഈദിന്റെ ദിനം നമുക്കിടയിലുള്ള പരസ്പര ബന്ധങ്ങൾ നന്നാക്കേണ്ടുന്ന ദിനമാണ്. പരസ്പരം പിണങ്ങിപ്പോയ ആളുകളുണ്ടാകും, പരസ്പരം സംസാരിക്കാതെ നിൽക്കുന്ന ആളുകൾ, ഈദ് ​ഗാഹുകൾ നമ്മുടെ നാട്ടിൽ സജീവമായിരുന്ന ഘട്ടത്തിൽ, പള്ളികളിൽ നമ്മുടെ നമസ്കാരം ജനനിബിഢമായി നാം നിർവഹിച്ചിരുന്ന കാലഘട്ടത്തിൽ, പള്ളികളിൽ വെച്ച് ആലുകൾ പരസ്പരം ആശ്ലേഷിക്കുകയും മുസാഫത്ത് ചെയ്യുകയും ചെയ്തിരുന്ന ഒരു നല്ല കാലം നമുക്ക് ഉണ്ടായിരുന്നു. കോവിഡിന്റെ മുമ്പുള്ള ഈദുകൾ. പക്ഷേ ഇന്ന് നമുക്കതിന് സാഹചര്യമില്ല. ഇന്ന് നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല എന്നുള്ളതാണ്. ശാരീരികമായി നമ്മൾ കെട്ടിപ്പിടിക്കുന്നില്ലെങ്കിലും, ശാരീരികമായി നമുക്ക് അകലമുണ്ടെങ്കിലും മാനസികമായി നമുക്ക് അകലമില്ല.

നമ്മോട് പിണങ്ങി നിൽക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഫോണിൽ വിളിച്ച് ആ പിണക്കം തീർക്കുവാൻ, അവരോട് സലാം പറയുവാൻ നമുക്ക് സാധിക്കണം. ഈ പെരുന്നാൾ ദിനത്തിൽ നമുക്ക് അതിന് കഴിയുന്നില്ലെങ്കിൽ എന്നാണ് നമുക്ക് അതിന് സാധിക്കുക? അങ്ങനെ പരസ്പര ബന്ധങ്ങൾ പുതുക്കിക്കൊണ്ട്, ജാതിമത സൗഹൃദങ്ങൾ നന്നാക്കിക്കൊണ്ട്, അതുപോലെ തന്നെ പരസ്പരം പിണങ്ങി നിൽക്കുന്ന ആളുകളുണ്ടെങ്കിൽ അവരുടെ ബന്ധം നവീകരിച്ചുകൊണ്ട്, നല്ലൊരു ഈദ് ആ​ഘോഷമാക്കി, പരമാവധി സമൂഹ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തി ഈദിന്റെ സന്ദേശങ്ങൾ കൈമാറിക്കൊണ്ട് മുന്നോട്ട് പോകുക. ഏവർക്കും ഹൃദ്യമായിട്ടുള്ള ചെറിയ പെരുന്നാൾ ആസംസകൾ നേരുകയാണ്. ഈദ് മുബാറക്..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close