KERALANEWS

മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി ജെല്ലിഫിഷുകള്‍

തിരുവനന്തപുരം:മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി ജെല്ലിഫിഷുകള്‍.കഴിഞ്ഞ ദിവസം ഉച്ചയോടെ സമുദ്രാ ബീച്ചില്‍ ടണ്‍കണക്കിന് ജെല്ലിഫിഷുകള്‍ അടിഞ്ഞ് കയറിയത് കാരണം തീരത്ത് കമ്പവലയിടുന്നവര്‍ക്ക് ഇതോടെ മീന്‍പിടിത്ത ഉപകരണങ്ങള്‍ വയ്ക്കാനോ വലയുണക്കാനോ കഴിയാത്ത അവസ്ഥയിലെത്തിച്ചു.ഇന്നലെ രാവിലെയോടെ തീരം പൂര്‍ണമായി ജെല്ലിഫിഷുകള്‍ കൈയടക്കി.ഒടുവില്‍ തൊഴിലാളികളെത്തി ഉണക്കാനിട്ടിരുന്ന വലകളെല്ലാം തീരത്ത് നിന്ന് മാറ്റിയെങ്കിലും ദുര്‍ഗന്ധം സഹിക്കാനാകാതെ വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ടൂറിസം അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോവളത്തെ എല്ലാ ബീച്ചുകളിലും ശുചീകരണം നടത്തുന്ന സ്വകാര്യ കമ്പനിയുടെ തൊഴിലാളികളെത്തി ആഴത്തില്‍ കുഴിയെടുത്ത് ജെല്ലിഫിഷുകളെ തീരത്ത് കുഴിച്ച് മുടി.

ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ചൊറിഞ്ഞു തടിക്കുന്ന ഇവ മത്സ്യത്തൊഴിലാളികളുടെ പേടിസ്വപ്നമാണ്. ശരീരത്തില്‍ 90 ശതമാനത്തില്‍ അധികം ജലമുള്ള ജീവിയാണ് ജെല്ലി ഫിഷ്. പേര് ഫിഷ് എന്നാണെങ്കിലും ഇവ മത്സ്യമല്ല. കുടയുടെ ആകൃതിയിലുള്ള ശരീരമുള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാമെങ്കിലും അടുത്ത കാലത്തായി ഇവ വലയില്‍ വ്യാപകമായി കുടുങ്ങുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വലയില്‍ കുടുങ്ങുന്ന ഇവയെ വലയില്‍ നിന്നു നീക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു.

മനുഷ്യനേക്കാള്‍ ഇരട്ടി വലുപ്പമുള്ളവ മുതല്‍ മനുഷ്യരുടെ ചെറുവിരന്റെ അത്ര വലുപ്പമുള്ള ജീവികള്‍ ജെല്ലി ഫിഷ് വിഭാഗത്തിലുണ്ട്. പക്ഷേ ഇത്തരം ജെല്ലിഫിഷുകള്‍ക്കെല്ലാം അവയുടെ ശരീരത്തിന്റെ ആകാരത്തിനനുസരിച്ച് തന്നെ വിഷം ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. നീരാളിക്കൈകള്‍ പോലെ പടര്‍ന്നു കിടക്കുന്ന ടെന്റക്കിള്‍സുകളിലൂടെയാണ് ഇവ വിഷം ശത്രുവിന്റെ ദേഹത്തേല്‍പ്പിക്കുന്നത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഇവയുടെ വിഷമേറ്റാല്‍ ഷോക്കേറ്റ പോലുള്ള അവസ്ഥയുണ്ടാകുകയോ ബോധം നഷ്ടപ്പെടുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം. 70 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രത്തില്‍ രൂപം കൊണ്ടവയാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. രണ്ടു കിലോ വരെയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ബോക്സ് ജെല്ലി ഫിഷിന്റെ ഭാരം. ഇവയ്ക്ക് ആകെ 24 കണ്ണുകളാണുള്ളത്. ബോക്സ് പോലെ കാണപ്പെടുന്ന ശരീരഭാഗത്തിന് ചുറ്റുമായാണ് കണ്ണുകളുടെ സ്ഥാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close