
ന്യൂഡല്‍ഹി: അയോധ്യ മാതൃകയില്‍ മഥുരയില്‍ സ്ഥിതി ചെയ്യുന്ന മോസ്ക് നീക്കം ചെയ്യണമന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ബിജെപിയ്ക്കോ കേന്ദ്രസര്‍ക്കാരിനോ പങ്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നത് ‘കൃഷ്ണജന്മഭൂമിയാണ്’ എന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ചില സംഘടനകള്‍ സ്വന്തം നിലയ്ക്കാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ‘കോടതിയിലോ മറ്റെവിടെയെങ്കിലുമോ ഞങ്ങള്‍ ഇതില്‍ കക്ഷിയല്ല. അതുകൊണ്ട് ഇതില്‍ പ്രതികരിക്കുന്നത് ഉചിതമായിരിക്കില്ല’ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോടു ചേര്‍ന്നുള്ള മോസ്ക് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് മഥുരയിലെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കഴിഞ്ഞ ദിവസം ഫയലില്‍ സ്വീകരിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവായ ഔറംഗസേബിന്റെ കാലത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു ഹിന്ദുക്ഷേത്രം തകര്‍ത്ത ശേഷമാണ് അവിടെ മോസ്ക് സ്ഥാപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഈ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപിയുടെ നിലപാട് വ്യക്തമാക്കി അമിത് ഷാ രംഗത്തെത്തിയത്.പള്ളി സ്ഥിതി ചെയ്യുന്നത് അടക്കമുള്ള 13.37 ഏക്കര്‍ സ്ഥലവും ഹിന്ദുസമൂഹത്തിന് അവകാശപ്പെട്ടതാണെന്നും ഇവിടം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം. മുന്‍പ് സിവില്‍ കോടതിയെ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു.