KERALANEWSTrending

മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയ ആർടിഒയോട് ‘രണ്ടെണ്ണം അടിച്ചാലോ?’എന്ന ചോദ്യം; യുവാവാവിന് കിട്ടിയത് എട്ടിന്റെ പണി

ചെറുതോണി: ലോക്ഡൗണ്‍ കഴിഞ്ഞതിന്റെയും ബിവറേജസ് തുറന്നതിന്റെയും ആഘോഷം തിരുന്നതിന് മുന്‍പേ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. മദ്യപിച്ച് ലക്കുകെട്ട് ബൈക്കുമായി നിരത്തില്‍ ഇറങ്ങിയ യുവാവിനാണ് ഇടുക്കി ആര്‍ടിഒടെ വക ഏകദേശം പതിനയ്യായിരം രൂപയുടെ ഫൈന്‍ സമ്മാനം.
വാഴവര സ്വദേശിയായ യുവാവ് ലോക്ഡൗണ്‍ കഴിഞ്ഞതിന്റെ ആഘോഷമൊക്കെ കഴിഞ്ഞ് ബൈക്കില്‍ തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് ഇടുക്കി ആര്‍ടിഒ ആര്‍.രമണന്റെ ഔദ്യോഗിക വാഹനത്തിനു മുന്‍പില്‍ ചെന്നു പെട്ടത്.

കട്ടപ്പനയില്‍ ഔദ്യോഗിക ആവശ്യത്തിനു പോയി ഇടുക്കിക്ക് മടങ്ങുകയായിരുന്നു ആര്‍ടിഒ. നിയന്ത്രണമില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ പോക്കു കണ്ടപ്പോള്‍ തന്നെ കാര്യം അത്ര പന്തിയല്ലെന്ന് വ്യക്തമായതോടെ. യുവാവിനെ ആര്‍ടിഒ പിന്തുടര്‍ന്ന് അനുകൂല സാഹചര്യം ഒത്തു വന്നതോടെ ആര്‍ടിഒ വാഹനം ബൈക്കിനു മുന്നിലെത്തി കുറുകെ നിര്‍ത്തുകയായിരുന്നു. സുബോധം ഇല്ലാതിരുന്ന യുവാവിനെ അനുനയിപ്പിച്ച് സ്വന്തം വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.യുവാവിന്റെ ബൈക്ക് ഡ്രൈവറെ കൊണ്ട് എടുപ്പിച്ചശേഷം ആര്‍ടിഒ തന്നെയാണ് പിന്നീട് വാഹനം ഓടിച്ചത്.

ലിഫ്റ്റ് തന്നയാള്‍ ആര്‍ടിഒ ആണെന്ന് അറിയാതെ യുവാവ് വാഹനത്തില്‍ കയറിയ ഉടനെ തന്നെ മടിയില്‍ ഇരുന്ന മദ്യക്കുപ്പിയെടുത്ത് മദ്യപിക്കാനായി ആര്‍ടിഒയെ ക്ഷണിക്കുകയും ചെയ്തു. വഴിയോരത്ത് വാഹനം നിര്‍ത്തി അല്‍പം മദ്യപിക്കാമെന്ന് യുവാവ് വളരെ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചെങ്കിലും അല്‍പദൂരം കൂടി കഴിയട്ടെയെന്ന് പറഞ്ഞ് ഇയാളെ അടക്കി ഇരുത്തുകയായിരുന്നു. പിന്നീട് വാഹനം തന്ത്രപൂര്‍വം ഇടുക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് ഇനിയൊരു കമ്പനിയാകാമെന്ന് ആര്‍ടിഒ യുവാവിനോട് പറഞ്ഞത്.

പൊലീസ് സ്റ്റേഷനും കാക്കിയുമെല്ലാം കണ്ടപ്പോഴാണു യുവാവിന് പിന്നെ കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്.വാഹന പരിശോധനയില്‍ ഇയാള്‍ക്ക് ലൈസന്‍സില്ലെന്നും വാഹനത്തിന് ഇന്‍ഷുറന്‍സില്ലെന്നും കണ്ടെത്തി. ഇയാള്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല. കോവിഡ് കാലമായതിനാല്‍ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം യുവാവിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ലൈസന്‍സില്ലാത്തതിനും ഹെല്‍മറ്റ് ധരിക്കാത്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഇന്‍ഷുറന്‍സില്ലാത്തതിനും ഫൈന്‍ അടപ്പിച്ച ശേഷമേ വാഹനം വിട്ടു നല്‍കുകയുള്ളൂവെന്ന് ആര്‍ടിഒ ആര്‍.രമണന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close