INDIANEWS

മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂടി ബിജെപിയിലേക്ക് ചേക്കേറി. അഞ്ചു ദിവസം മുന്‍പ് മറ്റൊരു എംഎല്‍എയും ഇതുപോലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ 230 അംഗങ്ങളുള്ള നിയമസഭയില്‍, പ്രതിപക്ഷ പാര്‍ട്ടി സീറ്റുകളുടെ എണ്ണം 90 ആയി കുറഞ്ഞിട്ടുണ്ട്.
നേപ്പാനഗര്‍ എംഎല്‍എ സാവിത്രി കാസ്ദേക്കറാണ് ഏറ്റവും ഒടുവിലായി രാജിവച്ചത്. രാജിക്കു ശേഷം ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, പാര്‍ട്ടി പ്രസിഡന്റ് വി ഡി ശര്‍മ എന്നിവരുടെ സാന്നിധ്യത്തില്‍ അവര്‍ ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. ബുന്ദേല്‍ഖണ്ഡ് മേഖലയുടെ വികസനത്തിന് കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപിച്ച് ജൂലൈ 12 ന് ബഡാ മല്‍ഹാരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന അന്നു തന്നെ അദ്ദേഹത്തെ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. ഇതോടെ 24 എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ടത്.
‘നിയമസഭാംഗമെന്ന നിലയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ഞാന്‍ ഭോപ്പാലിലേക്ക് ഇടയ്ക്കു പോകുമായിരുന്നു. അവിടെ വികസനം നിലച്ച അവസ്ഥയിലായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായിപ്പോഴും എന്നെ അവഗണിച്ചിട്ടേ ഉള്ളൂ ,” ബിജെപി അംഗത്വം നേടിയ ശേഷം സാവിത്രി കാസ്ദേക്കര്‍ പ്രതികരിച്ചു.

Tags
Show More

Related Articles

Back to top button
Close