മനുഷ്യശരീരത്തിലെ അപൂര്‍വതകള്‍ ഒപ്പി എടുത്ത കലാക്കാരന്; വിടപറഞ്ഞത് കലാകേരളത്തിന്റെ അതുല്യപ്രഭ

മലപ്പുറം : പ്രശസ്ത കാരിക്കേച്ചറിസ്റ്റു കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കോട്ടക്കല്‍ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കല്‍ നടത്തുന്ന ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കാന്‍ സ്വദേശമായ കോട്ടയത്തു നിന്ന് എത്തിയ അദ്ദേഹത്തിന് രാത്രിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മെട്രോ വാര്‍ത്ത എക്സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റാണ്. ദീര്‍ഘകാലം ദീപിക ദിനപ്പത്രത്തില്‍ സേവനമനുഷ്ഠിച്ച തോമസ് ആന്റണി കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു.

ചിത്രകലയിലെ വിവിധ സങ്കേതങ്ങള്‍ കാരിക്കേച്ചര്‍ രചനയില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കലാലോകത്ത് വെത്യസ്ഥനായ വ്യക്തിയാണ് തോമസ് ആന്റണി. കഴിഞ്ഞ വര്‍ഷം വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി. തോമസ് ആന്റണി വരച്ച, സിംബാബ് വെയുടെ മുന്‍ നേതാവ് റോബര്‍ട്ട് മുഗാബെയുടെ ചിത്രം വേള്‍ഡ് പ്രസ് കാര്‍ട്ടൂണില്‍ കാരിക്കേച്ചര്‍ വിഭാഗത്തില്‍ പുരസ്കാരം കരസ്ഥമാക്കിയിരുന്നു്. പോര്‍ച്ചുഗലില്‍ നടന്ന ചടങ്ങിലായിരുന്നു ഈ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങിയത്. ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ വരച്ച പ്രശസ്ത ഫുട്ബോള്‍ താരങ്ങളുടെ കാരിക്കേച്ചര്‍ പ്രദര്‍ശനവും ഈയിടെ ഏറെ ചര്‍ച്ചയായിരുന്നു.

നമ്മുക്ക് ചിരപരിചിതരായവരുടെ മുഖങ്ങള്‍ അവരുടെ ആകൃതിയില്‍ വരകള്ക്കിടയില് വികൃതി ഒളിപ്പിച്ചു വരയ്ക്കുന്ന രീതിയാണ് തോമസ് ആന്റണിയുടേത് .കഴിഞ്ഞ വര്‍ഷത്തെ ഇറാന് കാര്‍ട്ടൂണ്‍ അവാര്‍ഡും തോമസ് ആന്റണിയെ തേടി എത്തിയിരുന്നു.
2018ലെ പത്രവാര്‍ത്തകളില്‍ നിന്നും തെരഞ്ഞെടുത്ത കാരിക്കേച്ചര്‍ വിഭാഗത്തിലാണ് തോമസ് ആന്റണിക്ക് വേള്‍ഡ് പ്രസ് കാര്‍ട്ടൂണ്‍ അവാര്‍ഡ് ലഭിച്ചത്. 54 രാജ്യങ്ങളില്‍ നിന്നായി 227 പ്രസിദ്ധീകരണങ്ങളില്‍ നിന്നും 300ല്‍ പരം രചനകളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഏഷ്യയില്‍ നിന്നും അവാര്‍ഡിന് അര്‍ഹനായത് തോമസ് ആന്റണി മാത്രമാണ്.

അമ്പതോളം അന്തര്‍ദേശീയ കാര്‍ട്ടൂണ്‍ എക്സിബിഷനുകളില്‍ തോമസ് ആന്റണി പങ്കെടുത്തിട്ടുണ്ട്. കേരള ലളിതകലാ അക്കാഡമി എക്സിക്യൂട്ടീവ് അംഗം, കേരള ചിത്രകലാ പരിഷത്ത് ജനറല്‍ സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.2007 ലെ യു എന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡും ഈ കലാക്കാരന് കരസ്ഥമാക്കിയിട്ടുണ്ട്.കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറിയായി തോമസ് ആന്റണിയെ തിരഞ്ഞെടുത്തതും ഈ വര്‍ഷമായിരുന്നു. ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭിന്ന സ്വരങ്ങള്‍ കേട്ടിരരുന്ന അക്കാദമിയെ ഐക്യത്തിന്റെ വഴിയില്‍ നയിക്കാന്‍ തോമസ് ആന്റണിയ്ക്ക് സാധിക്കുമെന്നൊരു വിശ്വാസവും അക്കാദമി അംഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു.അതിനിടയിലാണ് വില്ലനായി മരണമെത്തുന്നുത്.
തോമസ് ആന്റണി എന്ന അതുല്യകലാക്കാരന്റെ ഓര്‍മ്മകള്‍ക്കു മുന്നിൽ മീഡിയ മംഗളത്തിന്റെ കണ്ണീര് പ്രണാമം