KERALANEWSTrending

മനുഷ്യാവകാശ കമ്മീഷനെതിരെ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ രംഗത്ത്

മനുഷ്യാവകാശ കമ്മീഷനെതിരെ പരാമര്‍ശങ്ങളുമായി പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ രംഗത്ത്. , കോടികള്‍ ചെലവിട്ടു സ്ഥാപനങ്ങളെ തീറ്റി പോറ്റിയിട്ടും മനുഷ്യര്‍ക്ക് പഴയത് പോലെ സിവില്‍ കേസ് പോകേണ്ടി വരുന്നത്, ദശാബ്ദങ്ങള്‍ ചെലവഴിക്കേണ്ടി വരുന്നത്, കമ്മീഷനില്‍ ഇരിക്കുന്ന റിട്ട ജഡ്ജിമാര്‍ക്കു അല്‍പ്പമെങ്കിലും ഉളുപ്പ് ഉണ്ടാക്കുന്നുണ്ടോ ആവോ! എന്നും ഹരീഷ് ചോദിക്കുന്നു.യ നമ്പി നാരായണന്‍രെയും കെകെ സുരേന്ദ്രന്റെയും സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

സ്റ്റേറ്റ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ പൗരന്‍ എന്ത് ചെയ്യും? 3 വഴികളുണ്ട്. മാവോയിസ്‌റ് ബന്ധമാരോപിച്ചു തണ്ടര്‍ ബോള്‍ട്ട് അറസ്റ്റ് ചെയ്തു പീഡിപ്പിച്ച ശ്യാം ബാലകൃഷ്ണന് ഹൈക്കോടതിയില്‍ നിന്ന് തന്നെ റിട്ടിലൂടെ നഷ്ടപരിഹാരം ലഭിക്കാനുള്ള ഉത്തരവ് കിട്ടി. അത് അപൂര്‍വ്വത്തില്‍ അപൂര്‍വം പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യം.

മനുഷ്യാവകാശ കമ്മീഷന്‍ വിചാരണ നടത്തി നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്യുകയാണ് രണ്ടാമത്തെ വഴി. ചെയ്താലും സര്‍ക്കാര്‍ നല്കണമെന്നില്ല. കമ്മീഷന്‍ തന്നെ കമ്മീഷന്റെ വിധി നടപ്പാക്കി കിട്ടാന്‍ ഹൈക്കോടതിയില്‍ പോകേണ്ടതാണ്. എന്നാല്‍, സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കാറും പത്രാസും അനുഭവിക്കാന്‍ മാത്രമായി ആ പോസ്റ്റില്‍ ഇരിക്കുന്ന റിട്ടയേഡ് ജഡ്ജിമാര്‍ ആണെങ്കില്‍ അവര്‍ അവരുടെ ഉത്തരവ് നടപ്പാക്കി കിട്ടാന്‍ കോടതിയില്‍ പോകുമോ? ഇല്ല.

ഏത് സാധാരണക്കാരന്റെയും മുന്നിലുള്ള മൂന്നാമത്തെ വഴി, സിവില്‍ കോടതിയെ സമീപിക്കുകയാണ്. മുന്‍സിഫ്, സബ്ജഡ്ജ്, ജില്ലാ ജഡ്ജി, അങ്ങനെ ആ പ്രക്രിയ അപ്പീലുകള്‍ ആയി തുടരുമെങ്കിലും നീതി ലഭ്യമാക്കി എന്നു തോന്നിക്കാന്‍ എങ്കിലും ഒരുത്തരവിന് കഴിയും.
കാലതാമസം എടുക്കുമെങ്കിലും, രാഷ്ട്രീയ മേലാളന്മാരുടെ വാക്ക് കേട്ടു നിയമം കയ്യിലെടുത്ത് പൗരാവകാശ ലംഘനം നടത്തുന്ന, നിഷ്‌കളങ്കരേ ഉപദ്രവിക്കുന്ന പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും മുഖം ഒരു ദിവസമെങ്കിലും സമൂഹത്തില്‍ തുറന്നു കാട്ടാന്‍ ആ വഴിക്ക് കഴിയും.
അങ്ങേയറ്റം ശ്രമകരമായ ആ വഴിയാണ് സാധാരണക്കാര്‍ക്ക് പ്രാപ്യമായ വഴി.

മുത്തങ്ങ സംഭവം നടക്കുന്നത് 2003 ലാണ്. എകെ ആന്റണി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും. ഡയറ്റിലെ ലക്ച്ചറര്‍ ആയ സുരേന്ദ്രനെയും സി.കെ ജാനുവിനെയും പോലീസ് അതിക്രൂരമായി മര്‍ദിച്ചതിന്റെ വിഷ്വലുകള്‍ നമുക്ക് മുന്നിലുണ്ട്. ചര്‍ച്ചകളും സംവാദങ്ങളും നടത്തിയെങ്കിലും കേരളീയ പൊതുസമൂഹമോ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളോ ഇക്കാര്യത്തില്‍ ഇവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഒരു തുടര്‍ ഇടപെടലും നടത്തിയില്ല. എന്നുമാത്രമല്ല, മാറിമാറി ഭരിച്ച മുന്നണികള്‍ ഇത്ര നഗ്‌നമായ അനീതിയ്‌ക്കെതിരെ, സ്റ്റേറ്റ് അട്രോസിറ്റികള്‍ക്ക് എതിരെ നീതി ലഭ്യമാക്കാനുള്ള ഒന്നും ചെയ്തില്ല.

സുരേന്ദ്രന്‍ സുരേന്ദ്രന്റെ ചെലവില്‍ ഉദ്യോഗസ്ഥര്‍ക്കും സ്‌റേറ്റിനും എതിരെ സിവില്‍ കേസ് നടത്തി. സിവില്‍ കോടതികളില്‍ 17 വര്‍ഷത്തെ നീണ്ട നിയമയുദ്ധം എന്നത് ഒരു വക്കീലായ എനിക്ക് പോലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

ഇത്തരം കേസുകളില്‍ സ്റ്റേറ്റിന്റെ ചെലവില്‍ ലളിതമായി നീതി ലഭ്യമാക്കണമെന്ന പാര്‍ലമെന്റ് ന്റെ തീരുമാനമാണ് മനുഷ്യാവകാശ നിയമം. അതൊക്കെ വന്നിട്ട്, കോടികള്‍ ചെലവിട്ടു സ്ഥാപനങ്ങളെ തീറ്റി പോറ്റിയിട്ടും മനുഷ്യര്‍ക്ക് പഴയത് പോലെ സിവില്‍ കേസ് പോകേണ്ടി വരുന്നത്, ദശാബ്ദങ്ങള്‍ ചെലവഴിക്കേണ്ടി വരുന്നത്, കമ്മീഷനില്‍ ഇരിക്കുന്ന റിട്ട ജഡ്ജിമാര്‍ക്കു അല്‍പ്പമെങ്കിലും ഉളുപ്പ് ഉണ്ടാക്കുന്നുണ്ടോ ആവോ!
2003 മുതല്‍ 2020 വരെ ഡിസംബര്‍ 10 നുള്ള മനുഷ്യാവകാശ ദിനങ്ങളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും എംഎല്‍എ മാരും മനുഷ്യാവകാശത്തെപ്പറ്റി സര്‍ക്കാര്‍ ചെലവില്‍ എത്രയെത്ര പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടാകും
സുരേന്ദ്രന്‍മാര്‍ കോടതി വരാന്തയില്‍ ഇരുന്ന് അതൊക്കെ കേട്ടിട്ടുമുണ്ടാകും !
5 ലക്ഷമാണ് സുരേന്ദ്രന് നല്‍കാന്‍ വിധി. സിവില്‍ കോടതികളില്‍ സിവില്‍ നിയമങ്ങളില്‍ അവഗാഹമുള്ള ഒരു വക്കീലിനെ വെച്ചു 17 വര്‍ഷം കേസ് നടത്തിയാല്‍, കൂലിപ്പണിക്കാരന്റെ ദിവസക്കൂലി വെച്ചു ഫീസ് കണക്കാക്കിയാലും ഈ ഫീസ് മതിയാകുമോ എന്നു എനിക്ക് സംശയമുണ്ട്. ആ പണത്തിലല്ല, അനീതിയാണ് നടന്നതെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്ന ചരിതര്‍ഥ്യത്തിലായിരിക്കും സുരേന്ദ്രന്‍. പക്ഷെ സ്‌റേറ്റിനും, നമ്മള്‍ പൊതുസമൂഹത്തിനും അല്‍പ്പമെങ്കിലും ഉളുപ്പ് തോന്നേണ്ടതാണ്.
നമ്പിനാരായണന്റെ വഴിയേ കെകെ സുരേന്ദ്രനും. സ്റ്റേറ്റ് അട്രോസിറ്റികളുടെ ഇരകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പേരുകള്‍..അല്‍പ്പം മര്യാദ ഉണ്ടെങ്കില്‍ സ്റ്റേറ്റ് ഈ വിധിക്ക് അപ്പീല്‍ ഫയല്‍ ചെയ്യാതെ ഇനിയെങ്കിലും ആ പൈസ കൊടുക്കേണ്ടതാണ്. നമ്മള്‍ക്കെല്ലാം വേണ്ടി സുരേന്ദ്രനോട് മാപ്പ് പറയേണ്ടതാണ്.
നന്മയുള്ള ലോകമേ…. അത്രയെങ്കിലും നടക്കട്ടെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close