
മനുഷ്യ ശരീര പഠനങ്ങളില്‍ നിര്‍ണായകമായി പുതിയൊരു അവയവംകൂടി കണ്ടെത്തി ശാസ്ത്രലോകം. നെതര്‍ലന്‍ഡ്സ് കാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. പുതിയൊരു ഉമിനീര്ഗ്രന്ഥിയാണ് നൂറ്റാണ്ടുകള്‍ മറഞ്ഞിരുന്നശേഷം ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. കാന്‍സര്‍ പഠനങ്ങളില്‍ നിര്‍ണായകമാകും കണ്ടുപിടിത്തമെന്നാണ് വിശ്വസിക്കപ്പെടുന്നത്. തലയിലും കഴുത്തിലും മുഴകള്‍ കാരണം ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ചികിത്സക്കിടെ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഗ്രന്ഥിയുടെ കണ്ടുപിടിത്തംവഴി കഴിയും. റേഡിയോ തെറാപ്പി ആന്‍ഡ് ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ വിവരിച്ചത്.
തലയിലും കഴുത്തിലും മുഴകള്‍ കാരണം റേഡിയേഷന് ചികിത്സനടത്തിയവരില് അപ്രതീക്ഷിതമായി ചില പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗവേഷകര്‍ പുതിയ പഠനം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ സ്കാനില്‍ നാസോഫാരിങ്സിന്റെ പിന്‍ഭാഗത്ത് ചില അപ്രതീക്ഷിത മേഖലകള്‍ കണ്ടെത്തുകയായിരുന്നു. പ്രധാന ഉമിനീര് ഗ്രന്ഥികള്‍ക്ക് സമാനമായാണ് ഈ പ്രദേശങ്ങള്‍ കാണപ്പെട്ടത്. മൂന്ന് പ്രധാന ഗ്രന്ഥികളും മ്യുക്കസില്‍ വ്യാപിച്ച് കിടക്കുന്ന ആയിരത്തിലധികം ചെറിയ ഗ്രന്ഥികളും ചേര്‍ന്നതാണ് മനുഷ്യന്റെ സാലിവറി ഗ്ലാന്‍ഡ് സിസ്റ്റം. ആഹാരം കഴിക്കുന്നതിനും രുചിക്കുന്നതിനും ദഹിക്കുന്നതിനുമൊക്കെ പ്രധാന പങ്കുവഹിക്കുന്നത് ഈ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന സലൈവ അഥവാ ഉമിനീരാണ്.