KERALANEWSSocial MediaTrending

മന്ത്രിയായ രാജീവേട്ടന് ആശംസകൾ അറിയിച്ച് ശോഭാ സുരേന്ദ്രൻ; എയറിൽ കയറ്റാൻ മത്സരിച്ച് സ്വന്തം പാർട്ടിക്കാരും എതിർപക്ഷവും; സ്വീകരിക്കണോ ബഹിഷ്കരിക്കണോ എന്നറിയാതെ വെട്ടിലായി കേരളത്തിലെ ബിജെപി പ്രവർത്തകർ

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയായ തിരഞ്ഞെടുത്ത രാജീവ് ചന്ദ്രശേഖറിന് ആശംസകൾ അറിയിച്ച് വെട്ടിലായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സർക്കാർ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി നൽകിയതായി പ്രസ്താവിച്ച് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനു താഴെ പ്രതിഷേധവും പരിഹാസവും ഉയരുകയാണ്.

സംസ്ഥാനത്തെ പ്രമുഖരായ ബിജെപി നേതാക്കളെ ഒഴിവാക്കി രാജീവ് ചന്ദ്രശേഖറിന് മന്ത്രിസ്ഥാനം കൊടുത്തത് എന്തിനാണെന്നായിരുന്നു പലരുടെയും ചോദ്യം. അതേസമയം രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള വാർത്താ ചാനലിന് വിലക്ക് പ്രഖ്യാപിച്ച കേരളത്തിലെ ബിജെപി നേതാക്കളും ഇതോടെ കൺഫ്യുഷനിൽ ആയിരിക്കുകയാണ്.

കേരളത്തിലെ ബിജെപിയെ തകർക്കാൻ നോക്കുന്ന ചാനലിന്റെ മുതലാളിയെ മന്ത്രി ആക്കിയതിൽ എന്തിനാണ് സന്തോഷിക്കുന്നതെന്നും ആർക്കും പ്രയോജനപ്പെടാതെ പോകുന്ന മന്ത്രിസ്ഥാനമെന്നും പോസ്റ്റിനു താഴെ അഭിപ്രായമുയരുന്നു. പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചവരെ തഴഞ്ഞ് നൽകിയ സ്ഥാനമെന്നും അണികളുടെ വികാരം മനസിലാകുന്ന നേതൃത്വമില്ലാത്തതാണ് കേരളത്തിൽ ബിജെപിടിയുടെ പ്രശ്നമെന്നും കമന്റുണ്ട്.

പ്രമുഖ വ്യവസായിയും കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംവുമാണ് മലയാളിയായ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എന്‍ഡിഎ വൈസ്‌ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഏഷ്യാനെറ്റിന്റെ മേധാവി കൂടിയാണ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്ത് ബിജെപിയുടെ പ്രഖ്യാപിത ശക്രുക്കളിൽ ഒന്നാണ് ഏഷ്യാനെറ്റ് ന്യൂസ്. നിരവധി തവണ ചാനലിലെ ബ​ഹിഷ്കരിക്കുകയും ചാനലിനെതിരെ കാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്ത പാർട്ടിയാണ് ബിജെപി. ഏഷ്യാനെറ്റ് ചാനൽ ദേശവിരുദ്ധ ചാനലാണ് എന്നായിരുന്നു ബിജെപിയുടെ പ്രചാരണം.

രണ്ട് ദിവസം മുമ്പും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൈരളി പോലും ചെയ്യാത്ത കാര്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തതെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. ‘ബി.ജെ.പിക്കെതിരെ കള്ളക്കഥകൾ ചമയ്ക്കാൻ പ്രത്യേകം സംഘത്തെ നിയമിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്. ഇതാണോ ഇവരുടെ മാദ്ധ്യമ പ്രവർത്തനം. ഏഷ്യാനെറ്റ് സിപിഎമ്മിനെതിരെ ഒരു വാർത്ത പോലും കൊടുക്കില്ല. അവർ മുഖ്യമന്ത്രി പിണറായി വിജയന് ക്യാപ്റ്റ്ൻ പദവി നൽകി ആനുകൂല്യങ്ങൾ പറ്റുകയായിരുന്നെന്നും’ സുരേന്ദ്രൻ വ്യക്തമാക്കി. ഇന്ന് അതേ ചാനലിന്റെ ഉടമ കേന്ദ്രമന്ത്രിയായി അധികാരമേൽക്കുമ്പോൾ എന്തുപറയണം എന്ന ആശങ്ക ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close