Breaking NewsKERALANEWSTop News

മന്ത്രിസഭയെ പോലും പാടെ അവ​ഗണിച്ച് മന്ത്രി കെ ടി ജലീൽ; ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ബന്ധുവിനെ നിയമിക്കാൻ കാറ്റിൽ പറത്തിയത് ചട്ടങ്ങളും കീഴ്വഴക്കങ്ങളും; ഉദ്യോ​ഗസ്ഥരുടെ നിർ​ദ്ദേശങ്ങൾക്കും പുല്ലുവില

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ തന്റെ ബന്ധുവായ കെ.ടി. അദീബിനെ നിയമിക്കാൻ മന്ത്രി കെ ടി ജലീൽ മന്ത്രിയഭയെ പോലും നോക്കുകുത്തി ആക്കിയെന്ന് റിപ്പോർട്ടുകൾ. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരുടെ തസ്തികയിലേക്കുള്ള യോ​ഗ്യതയിൽ മാറ്റം വരുത്തുമ്പോൾ മന്ത്രിസഭയുടെ അം​ഗീകാരം വേണമെന്ന് ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടും യോഗ്യതയിൽ മാറ്റംവരുത്തിയ ഫയൽ മന്ത്രിസഭായോഗത്തിലെത്താതിരിക്കാൻ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടു. തന്റെ ബന്ധുവിനെ നിയമിക്കാനായി മനപൂർവമാണ് ജലീൽ ഇത്തരം ഒരു നീക്കം നട‌ത്തിയതെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്.

സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ കെ.ടി. അദീബിന്റെ ഡെപ്യൂട്ടേഷൻ നിയമനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ എതിർത്തിരുന്നെങ്കിലും മന്ത്രിയുടെ താത്പര്യപ്രകാരം ഉദ്യോഗസ്ഥർ പിൻവാങ്ങിയെന്നു രേഖകൾ വ്യക്തമാക്കുന്നു. പൊതുഭരണ വകുപ്പിന്റെ അഭിപ്രായം മറികടന്നായിരുന്നു ജലീലിന്റെ ഇടപെടൽ. യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്നും ജലീൽ നിർദേശിച്ചു. ഫയലിൽ പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടതിന്റെ രേഖകളും പുറത്തുവന്നു.

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരുടെ തസ്തിക സൃഷ്ടിച്ചതും വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചതും ധനവകുപ്പിന്റെ അഭിപ്രായത്തോടെ മന്ത്രിസഭാ തീരുമാനപ്രകാരമാണ്. അതിനാൽ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റംവരുത്തുമ്പോൾ മന്ത്രിസഭാ യോഗത്തിൽ വെക്കേണ്ടതുണ്ടോയെന്നാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ആരാഞ്ഞത്.

പുറംകരാർ ജോലി, തസ്തിക സൃഷ്ടിക്കൽ എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് ഫയൽ നേരത്തേ മന്ത്രിസഭാ യോഗത്തിൽ വെച്ചത്. അതിനാൽ അധികയോഗ്യത നിശ്ചയിച്ചുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്നായിരുന്നു മന്ത്രി ജലീലിന്റെ നിർദേശം. ഈ ഫയലിൽ 2016 ഓഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി ഒപ്പുവെക്കുകയും ചെയ്തു.

അദീബിന്റെ നിയമനകാര്യത്തിൽ ജലീൽ അമിത താത്പര്യം കാട്ടിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വ്യക്തമാക്കുന്നു. വ്യവസ്ഥകളനുസരിച്ച്, സ്വകാര്യബാങ്കിലെ ജീവനക്കാരനായ അദീബിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനാകില്ലെന്ന് വകുപ്പിലെ അഡീഷണൽ സെക്രട്ടറി ഫയലിൽ എഴുതിയിരുന്നു. ഇതിനുപിന്നാലെ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെടലുമുണ്ടായി.

സംസ്ഥാന ധനകാര്യ വികസന കോർപ്പറേഷൻ എം.ഡി.യായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. അദീബിന്റെ നിയമനത്തിൽ മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതിനാൽ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നു നീക്കണമെന്നായിരുന്നു ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

അതേസമയം,​ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ലോകായുക്ത വിധിച്ചിട്ടും ജലീൽ രാജിവയ്‌ക്കാത്ത സാഹചര്യത്തിൽ ഗവർണർ പ്രശ്നത്തിൽ ഇടപെട്ടേക്കും. മുഖ്യമന്ത്രിയുടെ നിലപാട് അറിയാനാണ് രാജ്ഭവൻ കാക്കുന്നതെന്നാണ് സൂചന.

അതിനിടെ, ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ഇന്നു സര്‍ക്കാരിനു കൈമാറും. പ്രത്യേക ദൂതന്‍ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫിസിനു ഉത്തരവ് കൈമാറുക. കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്താ കണ്ടെത്തല്‍ ഇതെ തുടര്‍ന്നയിരുന്നു വിധി. ഉത്തരവ് ലഭിച്ചുകഴിഞ്ഞ് മുഖ്യമന്ത്രി നടപടിയെടുക്കാതിരുന്നാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നാണ് പരാതിക്കാര്‍ അറിയിച്ചത്. അതേസമയം ലോകായുക്ത വിധിയ്‌ക്കെതിരെ മന്ത്രി കെ.ടി.ജലീല്‍ ഇന്നു ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close