Breaking NewsKERALANEWSTop News

മന്ത്രിസ്ഥാനം ഉറപ്പിച്ച് റോഷി അ​ഗസ്റ്റിൻ; രണ്ടാം മന്ത്രി ലഭിച്ചില്ലെങ്കിൽ അധികമായി ലഭിക്കുക രണ്ടു കാബിനറ്റ് പദവികൾ; ശക്തമായ ഇടപെടലുമായി ഭരണത്തിൽ സ്വാധീനമുറപ്പിക്കാൻ കേരള കോൺ​ഗ്രസ് എം

കോട്ടയം: കേരളാ കോൺഗ്രസ്(എം)നു രണ്ടു മന്ത്രി പദവികൾ ലഭിച്ചില്ലെങ്കിൽ അധികമായി രണ്ടു കാബിനറ്റ് പദവികൾ കൂടി ലഭിച്ചേക്കുമെന്നു സൂചന. ചീഫ് വിപ്പ് പദവിക്കു പുറമേ കാബിനറ്റ് റാങ്കോടുകൂടി മുന്നോക്ക വിഭാഗ വികസന കോർപ്പറേഷനോ, തത്തുല്യമായ മറ്റേതെങ്കിലും കോർപ്പറേഷൻ ജോസ് കെ.മാണിക്കായി നൽകി കേരളാ കോൺഗ്രസിനെ തൃപ്തിപെടുത്താനാണ് സിപിഎം നീക്കം. ഒരു തരത്തിലും രണ്ടാം മന്ത്രി സ്ഥാനം ലഭിച്ചില്ലായെങ്കിൽ ഈ ഫോർമുല കേരളാ കോൺഗ്രസ് അംഗീകരിച്ചേക്കുമെന്നാണ് സൂചന.

അതേ സമയം അഞ്ചോ അതിലധികമോ എം.എൽ.എ മാർ ഉണ്ടാകുന്ന പക്ഷം രണ്ടു മന്ത്രി സ്ഥാനം നൽകാമെന്നായിരുന്നു മുന്നണി പ്രവേശ സമയത്ത് സിപിഎം കേരളാ കോൺഗ്രസിനു നൽകിയ വാഗ്ദാനം. പാർട്ടി ശക്തി കേന്ദ്രമായ കോട്ടയത്തു നിന്നും മന്ത്രി വേണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. എൻ.ജയരാജിനെ കൂടി മന്ത്രിയാക്കണമെന്ന ആവശ്യം ഉഭയകക്ഷി യോഗത്തിൽ കേരളാകോൺഗ്രസ് ആവശ്യപെട്ടു.
അതേ സമയം വകുപ്പുകളെ സംബന്ധിച്ച് പൂർണമായ ധാരണ ഇടതു മുന്നണിയിലായിട്ടില്ല.

കേരളാ കോൺഗ്രസിനു താൽപര്യമുള്ള റവന്യു, ഭക്ഷ്യ-സിവിൽ സപ്ലൈസ്, കൃഷി വകുപ്പുകൾ സിപിഐയാണ് ഇടതുമുന്നണിയിൽ കാലങ്ങളായി കൈവശം വച്ചുപോരുന്നത്. ഈ മൂന്നു വകുപ്പുകളും വിട്ടു നൽകാനും സിപിഐ ഒരുക്കമല്ല. സിപിഎം സമ്മർദ്ദം ശക്തമാക്കിയാൽ കൃഷി വകുപ്പ് സിപിഐ വിട്ടു നൽകാൻ തയ്യാറായേക്കും. അതോടൊപ്പം ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ജലസേചനം തുടങ്ങിയ വകുപ്പുകളും കേരളാ കോൺഗ്രസിനു ലഭിച്ചേക്കും. പൊതുമരാമത്ത് സിപിഎം വിട്ടു നൽകാൻ തയ്യാറാണെങ്കിലും കേരളാകോൺഗ്രസിനുള്ളിൽ പൊതുമരാമത്ത് അത്ര സ്വീകാര്യമല്ല.

സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചവര്‍ക്കും അതുപോലെത്തന്നെ മുറുമുറുപ്പുകള്‍ക്ക് ഇടവരുത്താതെ പാര്‍ട്ടിയ്ക്ക് ഉള്ളില്‍ ഉള്ളവര്‍ക്കും എങ്ങനെ പദവികള്‍ തുല്യമായി വീതിക്കാം എന്ന ചൂടുപിടിച്ച ചര്‍ച്ചകളും ആലോചനകളും ആണ് സിപിഎം നേതൃത്വങ്ങളില്‍നടക്കുന്നത്. മന്ത്രിസഭാംഗങ്ങളുടെ എണ്ണം നിലവിലെ 20ല്‍ നിന്ന് 21 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ സിപിഎം-12, സിപിഐ-4, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-1, ദള്‍ ഗ്രൂപ്പുകള്‍-1 എന്ന നിലയില്‍ വിഭജിച്ചാല്‍ പിന്നീടു 2 മന്ത്രി സ്ഥാനമുണ്ട്. നാലില്‍ രണ്ടു പേരെ പരിഗണിക്കണോ അതോ അവര്‍ക്കിടയില്‍ ഊഴം വച്ചു നല്‍കണോ എന്നതെല്ലാം ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 2 മന്ത്രിസ്ഥാനം ചോദിച്ച കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും സിപിഐയുടെ പക്കലുള്ള ചീഫ് വിപ് പദവിയും നല്‍കാനുള്ള സാധ്യതയും തള്ളിക്കള്ളയാന്‍ ആകില്ല.പാര്‍ട്ടി തീരുമാനിക്കുന്നത് പോലെ ഒരു മന്ത്രിസ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ആണ് തീരുമാനമെങ്കില്‍ റോഷി അഗസ്റ്റിന്‍ മന്ത്രിയായി എത്തും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറു ഏകാംഗ പാര്‍ട്ടികളാണ് ഇടതുപക്ഷത്തിന് പിന്തുണയുമായി നിയമസഭയിലുള്ളത് ഇവര്‍ക്കാര്‍ക്കും സീറ്റു കൊടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കണമെന്ന അഭിപ്രായവും ശക്തമാണ്. തിരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ എല്‍ജെഡി നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കണ്ടു മന്ത്രിസ്ഥാനം എന്ന ആവശ്യം ഉന്നയിച്ചിരുന്നു.’പരിഗണിക്കാം’ എന്ന മറുപടിയാണ് അന്നു ലഭിച്ചത്. പ്രശ്‌ന പരിഹാര വഴികളുടെ തുടക്കം കുറിച്ചുകൊണ്ട് ജനതാദളിനോടും (എസ്) ലോക് താന്ത്രിക് ജനതാദളിനോടും (എല്‍ജെഡി) എത്രയും വേഗം ലയിക്കാന്‍ സിപിഎം ആവശ്യപ്പെട്ടു. ഇരു ദളിനെയും രണ്ടു പാര്‍ട്ടികളായി കണ്ടു രണ്ടു മന്ത്രിസ്ഥാനം നല്‍കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി. ലയനത്തിനു ശ്രമിക്കാം എന്ന മറുപടിയാണ് ദളുകള്‍ നല്‍കിയിരിക്കുന്നത്.

ഇരുപാര്‍ട്ടികളും ലയനത്തിനു തയാറായാല്‍ പിന്നെ ഏകാംഗ കക്ഷികള്‍ അഞ്ചായി കുറയും. അതില്‍ കോവൂര്‍ കുഞ്ഞുമോന്‍ ഇടതുമുന്നണിയിലെ ഘടക കക്ഷിയല്ല. മുന്നണിക്കു പുറത്തു നിര്‍ത്തി സഹകരിപ്പിക്കുന്ന കുഞ്ഞുമോനെ മന്ത്രിസഭാ രൂപീകരണത്തില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയാല്‍ നാലു പേരാണ് അവശേഷിക്കുന്നത്: രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്-എസ്), അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), കെ.ബി.ഗണേഷ്‌കുമാര്‍ (കേരള കോണ്‍ഗ്രസ്-ബി), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍.).

സിപിഎമ്മിനും സിപിഐക്കും കൂടി നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ചെറുകക്ഷികളെ അവഗണിക്കേണ്ടെന്ന് സിപിഎം തീരുമാനം. തിങ്കള്‍ മുതല്‍ ബുധന്‍ വരെ വിവിധ കക്ഷികളുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ 17ലെ എല്‍ഡിഎഫ് യോഗത്തിനു മുന്‍പായി സിപിഐയുമായി ഒരു വട്ടം കൂടി ആശയവിനിമയം നടത്തി മന്ത്രിസഭാ വിഭജനം അന്തിമമാക്കാനാണു ധാരണ.

മന്ത്രിസഭയില്‍ ഇക്കുറി പുതുമുഖങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെകെ ശൈലജയ്ക്ക് പുറമെ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎം മണിയുടെയും കെടി ജലീലിന്റെയും കാര്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കുക. എം ബി രാജേഷും മന്ത്രിസഭയിലെത്തിയേക്കും. ആര്‍ ബിന്ദു, പി നന്ദകുമാര്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവര്‍ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close