
തിരുവനന്തപുരം:ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കുന്നുവെന്ന വാര്‍ത്ത അഭ്യൂഹമാണെന്ന വ്യവസായമന്ത്രി ഇ.പി ജയരാജന്റെ വാദം തെറ്റ്. മന്ത്രിയുടെ അറിവോടെയാണ് രതീഷിന്റെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നീക്കമെന്ന് രതീഷ് ഡയറക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ നിന്നുതന്നെ വ്യക്തമായി. മൂന്നര ലക്ഷം രൂപ ശമ്പളമായി അനുവദിക്കണമെന്ന് രതീഷ് ആവശ്യപ്പെട്ടിരിന്നുവെന്ന് തെളിയിക്കുന്ന കത്തും ലഭിച്ചു.
ഇത് പകുതിയായി വെട്ടിക്കുറച്ച് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജ് മന്ത്രിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു. മുന്‍ ഖാദി ബോര്‍ഡ് സെക്രട്ടറി വാങ്ങിയിരുന്ന ശമ്പളം 80000 രൂപ. കെ.എ രതീഷിന് 175000 രൂപ നല്‍കാനായിരുന്നു നീക്കം. ഇത് പുറത്ത് വന്നതോടെയായിരുന്നു എല്ലാം അഭ്യൂഹമെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം. കത്ത് തുടങ്ങുന്നത് തന്നെ ചെയര്‍മാന്റെ നിര്‍ദേശ പ്രകാരമെന്ന് വ്യക്തമാക്കിയാണ്.
മന്ത്രി ഇ.പി ജയരാജനാണ് ഖാദി ബോര്‍ഡ് ചെയര്മാന്. ഇതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. പിന്നാലെ മൂന്നര ലക്ഷം രൂപ ശമ്പളമായി തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എ രതീഷ് ഖാദി ബോര്‍ഡിന് നല്കിയ കത്തും പുറത്തുവന്നു. മുമ്പ് ഇന്‍ക്വല്‍ എം.ഡിയായിരുന്ന കാലത്ത് ഈ ശമ്പളം ഉണ്ടായിരുന്നുവെന്നാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് നല്കിയ കത്തില്‍ രതീഷ് പറഞ്ഞിരുന്നത്. എന്നാല്‍ കിന്‍ഫ്ര എം.ഡിക്ക് നല്കുന്ന ശമ്പളം നല്കിയാല് മതിയെന്ന്കാട്ടി മന്ത്രിക്ക് ശോഭന ജോര്‍ജ്ജ് ശുപാര്‍ശ നല്‍കുകകായിരുന്നു. അങ്ങനെയാണ് 175000 രൂപ ശമ്പളം എന്നതിലേക്ക് എത്തിയത്.