KERALA

‘മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്, കേരളം വേറെ ലെവലാണ് മിസ്റ്റര്‍’

പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായി വിജയനെ പരിഹസിച്ച കെ സുരേന്ദ്രന് മറുപടിയുമായി ഡിവൈ എഫ്‌ ഐ നേതാവ് എ.എ റഹീം. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ നടപ്പാവും പിന്നെയല്ലേ കേരളത്തില്‍ എന്ന് പറഞ്ഞ കെ സുരേന്ദ്രന് മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നതെന്ന മറുപടിയാണ് എ എ റഹീം നല്‍കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹീമിന്റെ പ്രതികരണം. ബംഗാളില്‍ സിപിഎം ഭരണം നടത്തിയ മുപ്പത് വര്‍ഷക്കാലയളവില്‍ ഒരു വര്‍ഗീയ കലാപം പോലും നടന്നില്ലെന്നും റഹീം അവകാശപ്പെട്ടുന്നു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.. ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകര്‍ക്കാനും വന്നാല്‍ അത് കേരളത്തില്‍ നടക്കില്ല തന്നെ. ‘അങ്ങ് മമതയുടെ ബംഗാളില്‍ നടന്നു, പിന്നെയല്ലേ കേരളം’ എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്. ഈ ചുവന്ന കൊടിക്കു കീഴില്‍ മുപ്പത്തിമൂന്നു വര്‍ഷം ബംഗാള്‍ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാര്‍ട്ടിക്കാര്‍. അന്ന് ഉത്തരേന്ത്യ മുഴുവന്‍ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആര്‍എസ്എസ് അലഞ്ഞപ്പോള്‍ ചെങ്കൊടി പറക്കുന്ന ബംഗാളില്‍ ഒരു മനുഷ്യനെയും മതത്തിന്റെ പേരില്‍ കൊല്ലാന്‍ പോയിട്ട് ഒന്നു പോറലേല്‍പ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകര്‍ന്നില്ല, ഒരു വര്‍ഗീയ കലാപവും നടന്നില്ല. മമതയെ കയറ്റി ഇടതുപക്ഷത്തെ ഇറക്കി, എന്നിട്ടായിരുന്നു കലാപങ്ങള്‍. ഇന്ന് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കര്‍ണാടകയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍.് കേരളം വേറെ ലെവലാണ് മിസ്റ്റര്‍. കേരളം തലയുയര്‍ത്തി നില്‍ക്കും. ഷൂസ് നക്കുന്നവര്‍ക്കൊപ്പമല്ല, നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് ഈ നാട്. നേരം വെളുക്കാത്തതും ബിജെപിക്കാര്‍ക്ക് മാത്രമാണ്. ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കര്‍ഷകരെയും, വിദ്യാര്‍ഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകള്‍ കാണൂ. ജനങ്ങള്‍ തീയിട്ട ബിജെപി ഓഫീസുകള്‍ കാണൂ. രാജ്യം ഭരിക്കുന്നവര്‍ക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തില്‍. വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടില്‍ വച്ചാല്‍ മതി- എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ നടപ്പാക്കില്ല പൗരത്വ ഭേഗദതി ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമാണെന്നും സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. ഭരണഘടാന വിരുദ്ധമായ പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്നുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്. പിണറായിക്കുള്ള മറുപടി പാര്‍ലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവുമെന്നായിരുന്നു പിണറായിക്കുള്ള സുരേന്ദ്രന്റെ മറുപടി. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളില്‍ നടപ്പാവും പിന്നെയല്ലേ കേരളത്തില്‍. പിന്നെ ഈ നിയമം കേരളത്തില്‍ വലിയതോതില്‍ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്‌ളാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സല്‍ബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ? എന്നും സുരേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close