INDIANEWSTop News

മരുന്നുകൾ, ആശുപത്രി കിടക്കകൾ, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവയ്ക്ക് പ്രാധാന്യം; കോവിഡിൽ അനാഥരാകുന്ന കുട്ടികൾക്കായി പുനരധിവാസപദ്ധതികളും; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ബിജെപി; താഴെ തട്ടിൽ പ്രവർത്തകരെ സജീവമാക്കാനും നിർദ്ദേശം

ന്യൂഡൽഹി: കോവിഡിനെ നേരിടാൻ സാമൂഹികപ്രവർത്തനങ്ങൾ സജീവമാക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി ബി.ജെ.പി കേന്ദ്രനേതൃത്വം. എം.പി.മാരും എം.എൽ.എ.മാരും മണ്ഡലങ്ങളിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകണമെന്നും നിർദ്ദേശമുണ്ട്. കോവിഡ് പ്രതിരോധവീഴ്ചകളെച്ചൊല്ലി കേന്ദ്രസർക്കാരിനും പാർട്ടിക്കുമെതിരേ വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ, താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. മരുന്നുകൾ, ആശുപത്രി കിടക്കകൾ, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവയ്ക്ക് പ്രാധാന്യംനൽകണമെന്നും നേതൃത്വം കീഴ്ഘടകങ്ങൾക്കും പാർട്ടി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകി.

മോദിസർക്കാരിന്റെ ഏഴാംവാർഷികത്തിന് ആഘോഷങ്ങൾ ഒഴിവാക്കണം. കോവിഡിൽ അനാഥരാകുന്ന കുട്ടികൾക്കായി പുനരധിവാസപദ്ധതികൾ ആവിഷ്കരിക്കാൻ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ ആവശ്യപ്പെട്ടു. ഈ മാസം 30-നാണ് മോദി സർക്കാരിന്റെ ഏഴാം വാർഷികം.

കർഷകസമരം കൈകാര്യംചെയ്തതിനെച്ചൊല്ലിയുയർന്ന വിമർശനങ്ങൾ അടങ്ങുംമുമ്പാണ് കോവിഡ് പ്രതിരോധരംഗത്തെ വീഴ്ചകളെച്ചൊല്ലി ആക്ഷേപങ്ങളുയരുന്നത്. രണ്ടാംതരംഗം നേരിടുന്നതിൽ സർക്കാരും ഭരണസംവിധാനങ്ങളും ജനങ്ങളും അലംഭാവംകാട്ടിയെന്ന് ആർ.എസ്‌.എസ്‌. മേധാവി മോഹൻ ഭാഗവത് തന്നെ വിമർശിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നേതാക്കളോടും പ്രവർത്തകരോടും കേന്ദ്രനേതൃത്വം നിർദേശിച്ചത്.

ജനങ്ങൾക്ക് സഹായമെത്തിക്കാൻ അടിയന്തരനടപടിയുണ്ടാകണം. മരുന്നുകൾ, ആശുപത്രി കിടക്കകൾ, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവയ്ക്ക് പ്രാധാന്യംനൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. പാർട്ടി എം.എൽ.എ.മാരും എം.പി.മാരും മണ്ഡലങ്ങളിലെ ആശുപത്രികൾ സന്ദർശിക്കുകയും കോവിഡ് മരണംനടന്ന വീടുകളിൽ അടിയന്തരസഹായമെത്തിക്കുകയും വേണമെന്ന് പാർട്ടി നിർദേശിച്ചു. ഇത്തവണ കോവിഡ് പ്രതിരോധനടപടികൾക്കായി സർക്കാരെടുത്ത നടപടികൾ ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണമാർഗങ്ങൾ പാർട്ടിയും കേന്ദ്ര വാർത്താവിതരണമന്ത്രാലയവും തയ്യാറാക്കുന്നുണ്ട്.

അതിനിടെ, കോവിഡ് പ്രതിരോധ മരുന്നായ ആയുഷ് – 64 ന്റെ വിതരണം സേവാ ഭാരതിക്ക് നൽകി കേന്ദ്ര ആയുർവേദ ഗവേഷണ കൗൺസിൽ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സി.സി.ആർ.എസ്. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എൻ. ശ്രീകാന്ത് ഇറക്കിയ സർക്കുലറിലാണ് മരുന്നിന്റെ വിതരണ ചുമതല സേവാ ഭാരതിക്ക് നൽകിയതായി പരാമർശിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കോവിഡ് പ്രതിരോധ ഔഷധമാണ് ആയുഷ് – 64. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തുടനീളം സേവനം നടത്തുന്ന സേവാഭാരതിക്ക് ലഭിച്ച അംഗീകാരമാണിത് . ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ആയുഷ് വകുപ്പുകളുമായി ചേർന്നാണ് സേവാഭാരതി ആയുഷ് 64 ന്റെ വിതരണം നടത്തുന്നത്.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിതരണവും സേവാ ഭാരതി ഏറ്റെടുത്തു. ആയുഷ് 64 ന്റെ കേരളത്തിലെ വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി. വിജയൻ റീജിയണൽ ആയുർവേദിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് ഡോ. സുഭോസിന്റെ കൈയിൽ നിന്ന് മരുന്ന് ഏറ്റുവാങ്ങി നിർവഹിച്ചു.

ആയുഷ് – 64 മരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്യാനാവശ്യമുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആയുഷ് മന്ത്രാലയ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. മരുന്ന് വിതരണം ചെയ്യാനായി വോളന്റിയർമാർക്ക് പ്രത്യേക പാസ് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ചെറുതുരുത്തിയിലെ ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിലാണ് ആയുഷ്-64 എത്തിച്ചിരുന്നത്. കൊറോണ പോസിറ്റീവ് സർട്ടിഫിക്കറ്റും ആധാർ കാർഡുമായി വരുന്ന രോഗികളുടെ ബന്ധുക്കൾക്ക് മെയ് 11 മുതൽ മരുന്നുകൾ നൽകി തുടങ്ങിയിരുന്നു.

ആർഎസ്എസിന്റെ സേവന വിഭാഗമാണ്‌ സേവാഭാരതി. 1979 ൽ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകുമായിരുന്ന ഡോക്ടർജി എന്നറിയപ്പെടുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത്. വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹ്യ പരിഷ്‌കരണം, കുട്ടികളുടെ സംരക്ഷണം, വനിതാ സംരക്ഷണം, ദുരന്ത നിവാരണം എന്നീ മേഖലകളിൽ സേവാഭാരതി പ്രവർത്തിച്ചു വരുന്നു. സേവാഭാരതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ 602 ജില്ലകളിലായി 836 സംഘടനകളും പ്രവർത്തിക്കുന്നു. സേവാഭാരതിയുടെ 75 ശതമാനത്തോളം പദ്ധതികളും ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close