INSIGHTNEWS

മറവികളില്‍ മായാതെ ‘ഓപ്പറേഷന്‍ കൊക്കൂണ്‍ ‘

പതിനാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒക്ടോബര്‍ 18ന് രാജ്യത്തെ ചാനലുകളിലെല്ലാം ഒരു ബ്രേക്കിംഗ് ന്യൂസ് പോയി.’വീരപ്പന്‍ എന്ന കാട്ടുകള്ളന്‍ ദൗത്യ സംഘവുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപെട്ടിരിക്കുന്നു’ .അന്ന് ഇത് കേട്ടവര്‍ക്കൊക്കെ വിശ്വസിക്കാന്‍ അല്പം പ്രയാസമായിരുന്നു. കാരണം കഴിഞ്ഞ പത്തുനാല്പതു വര്‍ഷക്കാലമായി നാട്ടിലെ കുഞ്ഞുങ്ങള്‍ കേട്ടുവളര്‍ന്ന കഥകളില്‍ കൊമ്പന്‍ മീശയും മേലിയിച്ച ശരീരവുമുള്ള ആ ആനക്കൊമ്പുവേട്ടക്കാരന് ഗബ്ബാര്‍സിങ്ങിന്റെ പരിവേഷമായിരുന്നു. ഇന്ത്യയിലെ പോലീസുകാരെ വട്ടംചുറ്റിച്ച ഒരാള്‍ ഉണ്ടെങ്കില്‍ അത് വീരപ്പന്‍ മാത്രമാണ്.കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിങ്ങനെ മൂന്നു സംസ്ഥാനങ്ങളിലായി, 6000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പടര്‍ന്നു കിടക്കുന്ന കൊടുംകാടായിരുന്നു വീരപ്പന്റെ സാമ്രാജ്യം.അതിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ വീരപ്പന്റെ അനുവാദം വേണം.വീരപ്പനറിയാതെ ഒരിലപോലും ആ വനത്തിനുള്ളില്‍ അനങ്ങില്ല എന്നൊരു അവസ്ഥയായിരുന്നു.വീരപ്പനുമുന്നില്‍ കിങ്‌മേക്കര്‍മാര്‍പോലും പകച്ചു നിന്നു.നാടിനെയും നാട്ടുകാരേയും വിറപ്പിച്ച വീരപ്പന്‍ കൊല്ലപ്പെട്ട ദിവസമാണിന്ന്.

1952യില്‍ കര്‍ണാടകത്തിലെ ഗോപിനാദം എന്ന സ്ഥലത്തു ജനിച്ച വീരപ്പന് ഓര്‍മ്മകള്‍ കുറ്റകൃത്യത്തിന്റേതാണ്. 10 വയസ്സുള്ളപ്പോള്‍ മുതല്‍ വീരപ്പന്‍ തന്റെ കുറ്റകൃത്യങ്ങള്‍ ചെയ്തു തുടങ്ങിയിരുന്നു.ആദ്യമാദ്യമൊക്കെ ഫോറെസ്റ് ഓഫീസര്‍മാര്‍ തന്നെയാണ് കാട്ടില്‍ കയറി മോഷണം നടത്തുവാന്‍ വീരപ്പനെ പ്രോത്സാഹിപ്പിച്ചത് എന്ന് പറയപ്പെടുന്നു.കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വീരപ്പനെ കൈപിടിച്ച് നടത്തിയ ഗുരു സേവി ഗൗണ്ടറുടെ സഹായത്തോടെ ,1955യില്‍ മുനിസ്വാമി വീരപ്പന്‍ എന്ന ബാലന്‍ ആനവേട്ടക്കാരനാവുന്നത് 14-ാം വയസ്സിലാണ്.പന്ത്രണ്ട് വയസ്സില്‍ തന്നെ ദാരിദ്ര്യത്തിലായിരുന്ന വീരപ്പന്‍ ചില്ലറ മോഷണങ്ങളും പിടിച്ചുപറിയും നടത്തിത്തുടങ്ങിയിരുന്നു. കൊമ്പനെ വെടിവെച്ചിട്ട് കൊമ്പുവിറ്റപ്പോള്‍ അന്നു കിട്ടിയത് വെറും 60 രൂപയായിരുന്നു. ഏതാണ്ട് പത്ത് കൊല്ലം മരംവെട്ടും ആനവേട്ടയും ചെറിയ മോഷണവുമായി കഴിഞ്ഞു.1965 ലാണ് ആദ്യമായി പിടിയിലാവുന്നത്. പിന്നെയും കുറേക്കാലം മോഷണവും ആനവേട്ടയും ആയി വീരപ്പന്‍ കാട്ടില്‍ കഴിഞ്ഞു. 36-ാംവയസ്സിലാണ് വീരപ്പന്‍ ഒരു കൊള്ളസംഘത്തിന്റെ നേതാവായി മാറുന്നത്.1965ലാണ് ആദ്യമായി പിടിയിലായെങ്കിലും പിന്നെയും കുറേക്കാലം മോഷണവും ആനവേട്ടയുമൊക്കെയായി വീരപ്പന്‍ കാട്ടില്‍ തന്നെ കഴിഞ്ഞു.പിന്നീട് 36-ാം വയസ്സിലാണ് വീരപ്പന്‍ കൊള്ളസങ്കേടത്തില്‍ ചേരുന്നതും തലവനാവുന്നതും.ആയുധങ്ങളും അനുയായികളും ഉന്നതരുടെ സഹായവും സ്വാധീനവും ഉള്ള ഒരു വലിയ കൊള്ളസങ്കേതത്തിന്റെ തലവനായി വീരപ്പന്‍ മാറി.

നാല്‍പ്പതാം വയസ്സില്‍ വീരപ്പന്‍ ചുവടുമാറ്റി ചവിട്ടി.ആനവേട്ടയ്ക്കു പകരം മനുഷ്യവേട്ടയില്‍ വീരപ്പന്‍ ആനന്ദം കണ്ടെത്തി.1983യില്‍ കുടകില്‍ വെച്ച് തന്റെ ആനവേട്ടയ്ക്കു കുറുകെ നിന്ന കെ എം പ്രിത്വി എന്ന ഫോറെസ്റ് ഗാര്‍ഡിനെ വീരപ്പന്‍ വെടി വെച്ച് കൊന്നു.വീരപ്പന്റെ ആദ്യത്തെ കൊലപാതകം.1986യില്‍ ബൂടിപ്പടയില്‍വെച്ചു അറസ്റ്റുചെയ്യപെടുന്നുണ്ടെങ്കിലും പോലീസുകാര്‍ക്ക് കൈകൂലികൊടുത്തു വീരപ്പന്‍ കടന്നുകളഞ്ഞു.അക്കൊല്ലം തന്നെ സിദ്ധാരാമ നായിക് എന്ന ഫോറെസ്റ്റ് ഉദ്യോഗസ്ഥനെയും വെടിവെച്ചു കൊന്നു.പിന്നെ അടുത്തകൊല്ലം ഫോറെസ്റ് ഓഫീസറായ ചിദംബരത്തെയും ,തന്റെ എതിര്‍ ഗ്യാങിലെ നാല് പേരെയും തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തി.1989യില്‍ ബേഗൂര്‍ ഫോറെസ്റ് റേഞ്ചില്‍ നിന്ന് മൂന്നു ഫോറെസ്റ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ വധിക്കുന്നു.പിന്നീട് 1990യില്‍ തന്റെ സഹോദരിയുടെ ആത്മഹത്യയ്ക്കു പ്രതികാരമായി ഡെപ്യൂട്ടി ഫോറെസ്റ് കണ്‍സെര്‍വാട്ടര്‍ ആയ ശ്രീനിവാസനെ തട്ടിക്കൊണ്ടുപോയി തല വെട്ടി മാറ്റുന്നു.മുറിച്ചുമാറ്റിയ തല കണ്ടെടുത്തത് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 1991യില്‍ വീരപ്പന്‍ പൂര്‍ണമായി തട്ടിക്കൊണ്ടുപോകലുകളിലേക്കു കടന്നു.പിന്നീട് പ്രദേശത്തെ ഒരു ക്വാറി മുതലാളിയുടെ മകനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപയോളം മോചന ദ്രവ്യമായി ചോദിച്ചു മകനെ വിട്ടയച്ചു.ആ വര്‍ഷം തന്നെയാണ് വീരപ്പനെ പിടികൂടുന്നതിന് കര്‍ണാടകം തമിഴ്‌നാട് സര്‍ക്കാര്‍ സംയുക്തമായി പ്രത്യേക ദൗത്യ സേനയ്ക്ക്(സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് )രൂപം കൊടുക്കുന്നത്.പതിനൊന്നു കോടി രൂപ വീരപ്പനെ പിടികൂടുന്നതിനുള്ള ദൗത്യ സംഘത്തിന് വേണ്ടി മാത്രം ഓരോ മാസവും ചിലവഴിച്ചു.ഇന്ത്യ കണ്ട ഏറ്റവും വലിയ നരവേട്ടയായിരുന്നു വീരപ്പന് വേണ്ടി ഭാണകൂടം നടത്തിയത്.തമിഴ്‌നാടിന്റെ ഭാഗത്തു നിന്ന് സഞ്ജയ് അറോറ ഐപിസ് യും കര്‍ണാടകയുടെ ഭാഗത്തു നിന്ന് ശങ്കര്‍ ബിദ്രി,വാള്‍ട്ടര്‍ ദേവാരം എന്നിവരുമായിരുന്നു സംഘത്തിന്റെ തലവന്മാര്‍.അധികം താമസിക്കാതെ തന്നെ വീരപ്പന്റെ അടുത്ത അനുയായിയായ ഗുരുനാഥന്‍ കൊല്ലപ്പെട്ടു.അതിന്റെ പ്രതികാരമായി ചാമരാജ്നഗര്‍ ജില്ലയിലെ രാമപുരം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു വീരപ്പനും സംഘവും ഏഴ് പോലീസുകാരെ വധിച്ചു അവിടെയുണ്ടായിരുന്ന ആഭരണങ്ങളുമൊക്കെയായി കടന്നുകളഞ്ഞു.

ആസ്ത്മാ രോഗിയാണെങ്കിലും ദിവസവും 25 കിലോമീറ്റര്‍ വീരപ്പന്‍ സംഘാംഗങ്ങളോടൊപ്പം സഞ്ചരിച്ചിരുന്നു. കാട്ടരുവികളും പുഴകളുമുള്ള സ്ഥലത്തുകൂടിയായിന്നു സഞ്ചാരം അധികവും. വഴിമധ്യേ സ്വാമി പ്രതിമകള്‍ കാണുന്നിടത്തെല്ലാം പൂജകള്‍ നടത്തും. ആഴ്ചയില്‍ രണ്ടുതവണമാത്രം കുളിച്ചിരുന്നപ്പോള്‍ പോലും തോക്ക് സമീപത്തുസൂക്ഷിച്ചിരുന്ന വീരപ്പന്‍ പുകവലിയും മദ്യപാനവും തൊട്ടുതീണ്ടിയിട്ടില്ലാത്തയാളാണെന്നതാണ് മറ്റൊരു പ്രത്യേകത. സ്ത്രീകളെ വളരെ ബഹുമാനിക്കുന്ന വീരപ്പന്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളൊന്നും സഹിക്കുമായിരുന്നില്ലത്രേ.1993യില്‍ തമിഴ്‌നാട് പോലീസിലെ റാംബോ ഗോപാലകൃഷ്ണന്റെയും ദൗത്യസംഘത്തിന്റെയും കയ്യില്‍ നിന്ന് തലനാരിഴയ്ക്ക് വീരപ്പന്‍ രക്ഷപെട്ടങ്കിലും ആ ഓപ്പറേഷനില്‍ വീരപ്പന്റെ അടുത്ത അനുയായിയായ ആന്റണി രാജ് കൊല്ലപ്പെട്ടു.അക്കൊല്ലം തന്നെ വീരപ്പനെ പിടികൂടുവാന്‍ ബിസ്ഫ് ചുമതലയേറ്റു.എന്നാല്‍ ഭാഷ അവര്‍ക്കൊരു തടസ്സമായ അവര്‍ക്ക് ഹിന്ദി മാത്രം സംസാരിച്ചുകൊണ്ടു വീരപ്പനെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു .വീരപ്പന്റെയും തമിഴ്‌നാട് പോലീസിന്റെയും ശത്രുത ഒരേസമയം നേടിയ ബിഎസഫ് സംഘം വീരപ്പനെ പിടികൂടുന്നതില്‍ പരാജയപെട്ടു.അതുമാത്രമല്ല വീരപ്പന്റെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്തു.പിന്നീടുള്ള വര്‍ഷങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആക്രമണങ്ങളില്‍ നിരവധി പോലീസ്, ബിഎസ്എഫ്, എസ്ടിഎഫ് സംഘാംഗങ്ങള്‍ വധിക്കപ്പെട്ടു. വീരപ്പന്റെ അനുയായികളും ഇടയ്ക്കിടെ കൊല്ലപ്പെട്ടു. ഇതിനിടെ തട്ടിക്കൊണ്ടുപോകലുകളും വീരപ്പന്‍ തുടര്‍ന്നുകൊണ്ടിരുന്നു.

2000 -ല്‍ ആയിരുന്നു ഏറ്റവും ഹൈ പ്രൊഫൈല്‍ ആയ തട്ടിക്കൊണ്ടുപോകല്‍ സംഭവിച്ചത്.കന്നഡയിലെ സൂപ്പര്‍ സ്റ്റാറായിരുന്ന രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി 108 ദിവസം തന്റെ താവളത്തില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചു.ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ സ്‌കിറ്റുകളില്‍ മാത്രം ഉറങ്ങി ശീലിച്ച രാജ്കുമാര്‍ കരിയിലാപുരത്തു 108 ദിവസം കിടന്നുറങ്ങി.അമ്പതുകോടി മോചന ദ്രവ്യമായി ആവശ്യപ്പെട്ട വീരപ്പന്‍ ഒടുവില്‍ പണം വാങ്ങി അദ്ദേഹത്തെ വിട്ടയച്ചു.100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ് പുറത്തു പ്രചരിച്ചിട്ടുള്ള കഥകള്‍.സര്‍ക്കാരിന്റെയും ഒരുപക്ഷേ വീരപ്പന്റെയും കണക്കുകൂട്ടലുകളെല്ലാം തെറ്റിയതു കര്‍ണാടകയിലെ മുന്‍മന്ത്രി നാഗപ്പയെ തട്ടിക്കൊണ്ടുപോയപ്പോഴാണ്. 108 ദിവസത്തെ തടവിനുശേഷം മോചിതനായ രാജ്കുമാറിനെപ്പോലെ നാഗപ്പയും തിരികെ വരുമെന്ന് എല്ലാവരും കണക്കുകൂട്ടി. പക്ഷേ, മൂന്നരമാസത്തിനുശേഷം കണ്ടെത്തിയതു നാഗപ്പയുടെ ജഡമായിരുന്നു.1997 -ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന് കരുതി, സേനാനി, കൃപാകര്‍ എന്നീ രണ്ടു വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാരെ വീരപ്പന്‍ തട്ടിക്കൊണ്ടുപോകുന്നുണ്ട്. അവരെ തന്റെ കൂടെ 11 ദിവസം പാര്‍പ്പിച്ചു.അവരോട് പല കഥകളും പങ്കുവെച്ചു.കാട്ടിനുള്ളില്‍ പത്തിരുപത്തഞ്ച് കൊള്ളസംഘങ്ങളുണ്ടെന്നും, അവര്‍ ചെയ്യുന്ന കൊള്ളയും കൊലയും ഒക്കെ തന്റെ തലയിലാണ് കെട്ടിവെക്കപ്പെടുന്നത് എന്നും വീരപ്പന്‍ പറഞ്ഞതായി മോചിതരായ ശേഷം ഈ ഫോട്ടോഗ്രാഫര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
2003 -ല്‍ വിജയകുമാര്‍ STF-ന്റെ തലപ്പത്തു വരുമ്പോഴേക്കും വീരപ്പന്റെ പ്രതാപം ക്ഷയിച്ചുതുടങ്ങിയിരുന്നു.വീരപ്പനും വിജയകുമാറും പഴയ ശത്രുക്കളായിരുന്നു.1993യില്‍ വിജയകുമാര്‍ മാസങ്ങളോളം പണിപ്പെട്ടിട്ടുണ്ട് വീരപ്പനെ പിടികൂടുവാന്‍.കരിയിലയുടെ അനക്കം വെച്ച് അടുത്തുവരുന്ന മൃഗത്തെ തിരിച്ചറിഞ്ഞിരുന്നു വീരപ്പന് തന്റെ ഗാങ്ങില്‍ വിജയകുമാറിന്റെ ഒരു ചാരന്‍ നുഴഞ്ഞു കയറിയത് അറിയാന്‍ കഴിഞ്ഞില്ല.വീരപ്പന്റെ സംഘത്തില്‍ ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നത് തിരിച്ചറിഞ്ഞു തക്കം പാര്‍ത്തിരിക്കുകയായിരുന്നു വിജയകുമാര്‍.അതിനിടെയാണ് കണ്ണിനു ചികിത്സ തേടുവാനായി വീരപ്പന്‍ കാടുവിട്ടു മലയിറങ്ങി ഒരു ആംബുലന്‍സില്‍ പട്ടണത്തിലേക്കെത്തിയത്.ആ ആംബുലന്‍സ് ഓടിച്ചിരുന്നത് മഫ്ടിയിലുള്ള വിജയകുമാറിന്റെ പോലീസുകാരനായിരുന്നു.ആശുപത്രിയിലേക്കുള്ള വഴിയില്‍ പാടി എന്ന സ്ഥലത്തുവെച്ചു ആളൊഴിഞ്ഞ ഒരിടത്തു വാഹനം നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപെട്ടു.നാലുപാടുനിന്നും ആംബുലന്‍സ് വളഞ്ഞ എസ്ടിഎഫ് സംഘം തുരുതുരാ വെടിയുതിര്‍ത്തു.വെടിവെപ്പില്‍ വീരപ്പന്‍ കൊല്ലപ്പെട്ടു. വീരപ്പനെ ജീവനോടെ പിടിക്കേണ്ട എന്നായിരുന്നു വിജയകുമാര്‍ നല്‍കിയ ഉത്തരവ് എന്ന് പറയപ്പെടുന്നു.ഓപ്പറേഷന്‍ കൊക്കൂണ്‍ എന്നായിരുന്നു വിജയകുമാര്‍ തന്റെ ദൗത്യത്തിനിട്ട പേര്.ഏകദേശം പത്തുമാസത്തോളം നീണ്ടുനിന്നു ഈ ഓപ്പറേഷന്‍.’വീരപ്പന്‍ കാച്ചിങ് ദി ബ്രിഗാര്‍ഡ് ‘എന്ന പുസ്തകത്തില്‍ ഈ സംഭവത്തെക്കുറിച്ചു വിജയകുമാര്‍ വിശദീകരിക്കുന്നുണ്ട്.ഇത്രയേറെ പോലീസുകാരെ അണ്ടര്‍ കവര്‍ വിന്യസിച്ച മറ്റൊരു കോവേര്‍ട് ഓപ്പറേഷനും ഒരുപക്ഷെ ഇന്ത്യന്‍ പോലീസ് ചരിത്രത്തില്‍ തന്നെ കാണില്ല.ഉത്തരേന്ത്യയില്‍ പോയി ശിഷ്ടകാലം കഴിച്ചുകൂടാം എന്ന് ഭാര്യ മുത്തുലക്ഷ്മി വീരപ്പനോട് പറഞ്ഞപ്പോഴൊക്കെ വീരപ്പന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു.’ഈ കാടാണ് എന്റെ ജീവന്‍..ഇതുവിട്ടു പുറത്തേക്കിറങ്ങിയാല്‍ അടുത്തനിമിഷം അവരെന്നെ കൊല്ലും..’ആ പറഞ്ഞത്തത് അക്ഷരംപ്രതി ശരിയായിരുന്നു.

കര്‍ണാടക, കേരള, തമിഴ്‌നാടന്‍ വനങ്ങള്‍ അടക്കിഭരിച്ച വീരപ്പന്‍, തന്റെ 30 വര്‍ഷത്തോളം നിണ്ടുനിന്ന കുറ്റകൃത്യജീവിതത്തിനിടയില്‍ സഞ്ചരിച്ചുകൂട്ടിയത് എത്ര കോടിയാണെന്ന് പോലും ആര്‍ക്കും നിശ്ചയമില്ലെന്നതാണ് സത്യം. പോലീസിന്റെ ഏകദേശ കണക്കനുസരിച്ച്, 2000 ഓളം ആനകളെ കൊന്ന് 88000 പൗണ്ട് ആനക്കൊമ്പുകള്‍ വീരപ്പന്‍ സ്വന്തമാക്കിയിരുന്നു.ചുരുങ്ങിയത് 75 കോടിയോളം രൂപ ചന്ദനം കടത്തി വീരപ്പന്‍ സ്വന്തമാക്കിയെന്നായിരുന്നു കണക്ക്.യഥാര്‍ത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ് ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വീരപ്പന്‍ കൊല്ലപ്പെട്ടു, എന്നാലീ കണക്കില്ലാത്ത സ്വത്തുകളെവിടെ? ഒരു വ്യാഴവട്ടത്തിനിപ്പുറവും ആര്‍ക്കും കണ്ടെത്താനാകാത്ത രഹസ്യമാണത്.സത്യമംഗലം വനത്തിലെ ഗുഹകളിലും കുഴികളിലുമെല്ലാമായി ഈ നിധി ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നാണു അന്നും ഇന്നും വിലയിരുത്തുന്നത്.പ്ലാസ്റ്റിക് ചാക്കുകളാക്കി പണവും ആനക്കൊമ്പുമൊക്കെ കാട്ടിലെവിടെയോ കുഴിച്ചിട്ടിട്ടുണ്ട് എന്നാണ് ഇപ്പോഴും കരുതുന്നത്.ആ പണമൊക്കെ എവിടെയെന്നു രഹസ്യം വീരപ്പനോടൊപ്പം തന്നെ മണ്ണടിഞ്ഞു.എന്തായാലും കാട്ടിലെവിടെയോ ആ മഹാനിധി ഒളിഞ്ഞു കിടപ്പുണ്ട് എന്നാണു പറയുന്നത്.അത്ര എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒന്നല്ല,വീരപ്പന്റെ ജീവിതം എന്നുമാത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close