KERALANEWS

മറിയം റഷീദ, നമ്പിയുടെ കിടക്കയിൽ ട്യൂണ മത്സ്യത്തെ പോലെ പുളഞ്ഞു; ചാരക്കേസിന് എരിവും പുളിയും നൽകാൻ അന്ന് അച്ച് നിരത്തിയത് ഇങ്ങനെ; കോൺ​ഗ്രസ് ​ഗ്രൂപ്പ് പോരിന് ചൂട്ട് പിടിച്ചത് പത്രങ്ങളും

തിരുവനന്തപുരം: ശൂന്യതയിൽ നിന്നും ഉയർന്ന് വന്ന കഥയിൽ നിറംപിടിപ്പിച്ചെഴുതി മുഖ്യധാരാ മാധ്യമങ്ങളും രം​ഗത്ത് വന്നതോടെയാണ് ഐഎസ്ആർഒ ചാരക്കേസ് ആളിക്കത്തുന്നത്. കേരളീയ സമൂഹത്തിന് രൂക്ഷമായി വിമർശിക്കാൻ വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയായിരുന്നു ചാരക്കേസിന് തിരക്കഥ ഒരുക്കിയത്. ഉന്നത ഉദ്യോ​ഗസ്ഥരും പണവും പദവിയും സുന്ദരികളായ യുവതികളും കിടപ്പറയുമെല്ലാം പാകത്തിന് ചേർത്ത തിരക്കഥ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അച്ച് നിരത്തി അച്ചടിച്ച് വിതരണം ചെയ്തപ്പോൾ ക്രൂശിക്കപ്പെട്ടത് നിരവധി നിരപരാധികളായിരുന്നു.

മറിയം റഷീദ നമ്പിയുടെ കിടക്കയിൽ ട്യൂണ മത്സ്യത്തെ പോലെ പുളഞ്ഞു.”കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എ ഗ്രൂപ്പിന്റെ ഉപജാപക ശാലകളിൽ ഉരുത്തിരിഞ്ഞ ചാരക്കേസ് മലയാളികളെ വിശ്വസിപ്പിച്ച, മനോരമയുടെ വരികൾ ആണിത്. ഒരു ജീനിയസ് ആയ ശാസ്ത്രജ്ഞന്റെ ജീവിതവും ഒരു രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളും തകർത്ത ആ വ്യാജ വാർത്താ പരമ്പര പിന്നീട് മറ്റു പത്രങ്ങളും അന്നത്തെ പ്രതിപക്ഷവും ഏറ്റു പിടിച്ചു. തങ്ങളുടെ മാനസ പുത്രനെ അധികാരത്തിൽ ഏറ്റാനായിരുന്നു മനോരമ അന്ന് നിറംപിടിപ്പി്ച കഥകൾ അച്ചടിച്ചിറക്കിയത്.

1992 ൽ ഇന്ത്യയും റഷ്യയുമായി ക്രയോജനിക് വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള 235 കോടി രൂപയുടെ ഒരു കരാറിൽ ഒപ്പിട്ടു. അന്ന് അമേരിക്കയും ഫ്രാൻസും അതിലും കൂടിയ തുകയ്ക്ക് ഇന്ത്യയുമായി ഇതേ കരാർ ഉറപ്പികാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അമേരിക്ക 950 കോടിക്കും, ഫ്രാൻസ് 650 കോടിക്കും. പക്ഷെ റഷ്യ കുറഞ്ഞതുകയ്ക്ക് ഇന്ത്യയുമായി കരാർ ഒപ്പിട്ടതുമൂലം അമേരിക്കയ്ക്കും ഫ്രാൻസിനും ആ കച്ചവടം നഷ്ടമായി.

അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ബുഷ്‌ സീനിയർ, റഷ്യൻ പ്രസിഡണ്ട്‌ യെൽസിന് എഴുതിയ ഭീഷണിക്കത്തിൽ, ഈ കരാർ റദാക്കണമെന്നും ഇല്ലെങ്കിൽ രാജ്യത്തെ കരിമ്പട്ടികയിൽ പെടുത്തും എന്നും ഭീഷണിപ്പെടുത്തി. ഈ ഭീഷണിയിൽ ഭയന്ന റഷ്യൻ ഭരണകൂടം ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ വിസമ്മതിച്ചു. ഈ അവസ്ഥയിലാണ് ഇന്ത്യ സ്വന്തമായി ക്രെയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ദൌത്യത്തിലെ ആദ്യപടിയും ഏറ്റവും സുപ്രധാനമായ കാര്യവുമായിരുന്നു അത്.

നമ്പി നാരായണൻ എന്ന ഐ എസ് ആർ ഒ യിലെ ഏറ്റവും സമർഥനായ ശാസ്ത്രജ്ഞനായിരുന്നു അതിന്റെ ചുമതല. 1992 ലാണ് ഈ പ്രോജക്റ്റ് തുടങ്ങുന്നത്. ഇന്ത്യയെ ബഹിരാകാശ ഗവേഷണ രംഗത്തെ എലൈറ്റ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ നിരയിലെയ്ക്കുയർത്താൻ പര്യാപ്തമായ ഈ പ്രൊജക്ടിനെ മറ്റു രാജ്യങ്ങൾ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്.

ഈ പോജക്ടിന്റെ ഡയറക്ടരായിരുന്ന ഡോ നമ്പി നാരായനണനെ 1994 ൽ, അന്ന് വരെ വികസിപ്പിചെടുത്തിട്ടിലായിരുന്ന, ക്രയോജനിക് സാങ്കേതിക വിദ്യ മാലിക്കാരായ രണ്ടു ചാര വനിതകൾക്ക് വിറ്റു എന്ന കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ആ പ്രോജക്റ്റ് അവസാനിച്ചു. ഇന്ത്യയുടെ ബഹിരാകാശമോഹങ്ങൾക്ക് താൽക്കാലിക വിരാമമായി. ആ കേസ് ഇല്ലായിരുന്നു എങ്കിൽ, രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ, നമുക്ക് ലഭിക്കുമായിരുന്ന ഒരു സാങ്കേതിക വിദ്യ, അതുമൂലം ഭാരതത്തിന്‌ അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുമായിരുന്ന സ്ഥാനം, അധികാരം, എല്ലാം അവസാനിച്ചു. അതായത്, ഈ കേസുമൂലം, ഇത് മെനഞ്ഞെടുത്തവർ എന്തൊക്കെ ആഗ്രഹിച്ചോ അതെല്ലാം നടന്നു.

കരുണാകരന് അധികാരം നഷ്ടപ്പെടുകയും പിന്നീട് രാജ്യത്തെ പരമോന്നത നീതിപീഠം നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയും ചെയ്തെങ്കിലും നമ്പി നാരായണൻ ഇന്നും നീതിക്കായി പോരാടുകയാണ്. തനിക്ക് വേണ്ടത് നഷ്ടപരിഹാരമല്ല, ​ഗൂഢാലോചനയിൽ പങ്കാളികളായവരെ വെളിച്ചത്ത് കൊണ്ട് വരികയാണ് എന്ന് ആ പ്രതിഭ പറയുന്നതും അതുകൊണ്ടാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close