AMERICA 2020

മറൈന്‍ വണ്‍ ഹെലികോപ്റ്റര്‍; അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വ്യോമയാനം

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വ്യോമയാനമാണ് മറൈന്‍ വണ്‍ ഹെലികോപ്റ്റര്‍. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന എയര്‍ ഫോഴ്‌സ് വണ്‍ വിമാനം പോലെ, പ്രസിഡന്റിന്റെ ഹ്രസ്വ ദൂരയാത്രകള്‍ക്കു വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്യപ്പെട്ട ഒന്ന്.മറൈന്‍ വണ്‍ ഹെലികോപ്റ്ററില്‍ അല്ല അമേരിക്കന്‍ പ്രസിഡണ്ട് പോകുന്നത്, മറിച്ച് പ്രസിഡന്റ് ഏത് ഹെലികോപ്റ്ററില്‍ പോകുന്നുവോ, അതാണ് മറൈന്‍ വണ്‍. ജൂലൈ 12, 1957ല്‍, ഐസന്‍ഹോവറാണ് മറൈന്‍ വണ്‍ ആദ്യമായി ഉപയോഗിച്ച അമേരിക്കന്‍ പ്രസിഡന്റ്. പരമപ്രധാനമായ വസ്തുത, മറൈന്‍ വണ്‍ ഒരു ഹെലികോപ്റ്ററല്ല, പ്രത്യേകമായി നിര്‍മ്മിച്ച സെക്യൂരിറ്റി ഹെലികോപ്റ്ററുകളുടെ ഒരു കൂട്ടമാണ്.പ്രസിഡന്റ് സഞ്ചരിക്കുന്നത് ഇവയിയിലേതുമാവാം.

അമേരിക്കന്‍ സായുധ സേനയിലെ ‘നൈറ്റ് ഹോക്‌സ്’ എന്നറിയപ്പെടുന്ന മറൈന്‍ ഹെലികോപ്റ്റര്‍ സ്‌ക്വാഡ്രണ്‍ വണ്ണിലെ സികോര്‍സ്‌കി VH 3D സീകിംഗ് ഹെലികോപ്റ്ററോ , അല്ലെങ്കില്‍ VH 60N ‘വൈറ്റ് ഹോക്’ ഹെലികോപ്റ്ററോ ആയിരിക്കും മറൈന്‍ വണ്‍ ആയി തിരഞ്ഞെടുക്കുക.വ്യോമയാന ലൈവറി പ്രകാരം, വൈറ്റ് ടോപ് വിഭാഗത്തില്‍പ്പെട്ടതാവും ഇവ രണ്ടും. രാത്രിയോ പകലോ എന്ന ഭേദമില്ലാതെയാക്കുന്ന ശക്തിയേറിയ പ്രത്യേക ലൈറ്റുകളുടെ വെളിച്ചത്തിലായിരിക്കും മറൈന്‍ വണ്‍ സഞ്ചരിക്കുക. കൊടുങ്കാറ്റും പേമാരിയോ മുതലായ ഏതൊരു വിധ പ്രതികൂല കാലാവസ്ഥയും ഹെലികോപ്റ്ററിനെ ബാധിക്കില്ല.അവയെല്ലാം തരണം ചെയ്യാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കിയാണ് മറൈന്‍ വണ്‍ നിര്‍മ്മിക്കുന്നത്. HMX വണ്‍ എന്നറിയപ്പെടുന്ന മറൈന്‍ ഹെലികോപ്റ്റര്‍ സ്‌ക്വാഡ്രണിലെ ഏറ്റവും മികച്ച പൈലറ്റുമാരായിരിക്കും മറൈന്‍ വണ്‍ പറത്തുക. ബീസ്റ്റ് ഡ്രൈവര്‍മാരെ പോലെ, സി.ഐ.എ പരിശീലനം കൊടുത്ത ലോകത്തിലെ ഏറ്റവും മികച്ച പോരാളികളുമായിരിക്കും ഇവര്‍.

സാധാരണ, ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത അഞ്ച് ഹെലികോപ്റ്ററുകള്‍ക്കൊപ്പമാണ് മറൈന്‍ വണ്‍ പറക്കുക.ഡീക്കോയ് ഹെലികോപ്റ്ററുകള്‍ എന്നറിയപ്പെടുന്ന മറ്റു ഹെലികോപ്റ്ററുകളില്‍, പ്രസിഡണ്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും. നേരിട്ടുണ്ടാവുന്നൊരു ആക്രമണത്തില്‍ സംഭവിച്ചേക്കാവുന്ന അപകട സാധ്യതകള്‍ ഈ മുന്‍കരുതലില്‍ പകുതിയായി കുറയും. മൂന്ന് എന്‍ജിനുകളുടെ സമ്പൂര്‍ണ്ണ സുരക്ഷയോടൊപ്പം,തികച്ചും മിസൈല്‍പ്രൂഫ് ആണ് മറൈന്‍ വണ്‍. റഡാര് ജാമറുകള്‍ ഡീക്കോയ് ഫ്‌ളെയറുകള്‍ തുടങ്ങിയ പ്രാരംഭ പ്രതിരോധ ഉപാധികള്‍ മുതല്‍ ഏറ്റവും മികച്ച മിസൈല്‍ ആര്‍മര്‍, മിസൈല്‍ വാണിംഗ് സംവിധാനം, മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്.200 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുണ്ട് ഈ ഹെലികോപ്റ്ററിന്റെ ഉള്‍വശത്തിന്.ഒരേ സമയം, 14 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഇതിനുണ്ട്. അഥവാ എന്‍ജിനുകളില്‍ ഒന്ന് പ്രവര്‍ത്തന രഹിതമായാലും നിഷ്പ്രയാസം മറൈന്‍ വണ്‍ മുന്നോട്ടു തന്നെ കുതിക്കും.
പ്രസിഡന്റിന് മാത്രമായുള്ള പ്രത്യേക ലൈനുകളും, സദാസമയം വൈറ്റ് ഹൗസും പെന്റഗണുമായി ബന്ധം പുലര്‍ത്തുന്ന റേഡിയോ ഫ്രീക്വന്‍സികളും മറൈന്‍ വണ്ണില്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഈ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം നിഷ്ഫലമായാലും അടിയന്തരഘട്ടങ്ങളില്‍ പ്രസിഡണ്ടിനെ എയര്‍ ഡ്രോപ്പ് ചെയ്യാനുള്ള മൂന്ന് മിനിപാരഷൂട്ട് ഘടിപ്പിച്ച എസ്‌കേപ്പ് പോഡുകളും മറൈന്‍ വണ്ണില്‍ സദാ സജ്ജമായിരിക്കും.GPS, TCAS കൂടാതെ അമേരിക്കന്‍ പ്രസിഡണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി മാത്രമുള്ള സ്‌പെഷ്യല്‍ നാവിഗേഷന്‍ സിസ്റ്റവും ഇതില്‍ ഉണ്ടാവും.

അമേരിക്കയിലെ ഏറ്റവും മികച്ച ശബ്ദനിയന്ത്രണ സംവിധാനം മറൈന്‍ വണ്ണിന് അകത്തും പുറത്തുമുണ്ടാവും.അതിനാല്‍ത്തന്നെ ,ഓഫീസില്‍ സംസാരിക്കുന്നത്ര താഴ്ന്ന ശബ്ദത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിന് ഇതിനകത്ത് സംസാരിക്കാന്‍ സാധിക്കും. 6 മറൈന്‍ വണ്‍ ഹെലികോപ്റ്ററുകളും സി-5 ഗ്യാലക്‌സി, അല്ലെങ്കില്‍ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങളിലായിരിക്കും ലോകത്തെവിടെയും കൊണ്ടുപോവുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം, അമേരിക്കന്‍ പ്രസിഡണ്ട് മറൈന്‍ വണ്ണില്‍ ഉണ്ടെങ്കില്‍, കടലിലോ കരയിലോ ഹെലികോപ്റ്റര്‍ താഴെ ഇറങ്ങിയിട്ടുണ്ടെങ്കില്‍, പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി ഒരു മറൈന്‍ യൂണിറ്റ് മുഴുവന്‍ ആ പരിസരത്ത് എവിടെയെങ്കിലുമുണ്ടാവും.അവര്‍ മറൈന്‍ യൂണിറ്റിനെ കാണുന്നില്ലെങ്കിലും, മറൈന്‍ യൂണിറ്റവരെ കാണുന്നുണ്ടാകും. ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്, പ്രസിഡണ്ടുമായി വളരെ അടുപ്പമുണ്ടായിരുന്ന അരിസോണയില്‍ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവായ ബ്രൂസ് ബബ്ബിറ്റ് ഈയടുത്ത് ഒരു വെളിപ്പെടുത്തല്‍ നടത്തി. ക്ലിന്റണുമായി വളരെ രഹസ്യമായി നടത്തേണ്ടിയിരുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് സ്ഥലമായി നിശ്ചയിച്ചത് ഗ്രാന്‍ഡ് കാന്യണ്‍ പര്‍വതനിരകളായിരുന്നു. പ്രസിഡണ്ട് എത്തുന്നതിനു മുന്‍പേ അവിടെയും ഒരു മറൈന്‍ യൂണിറ്റ് അദ്ദേഹത്തെ കാത്തു നിന്നിരുന്നുവത്രേ! സൂര്യനു താഴെ അമേരിക്കന്‍ പ്രസിഡണ്ട് എവിടെ പറന്നിറങ്ങിയാലും, അദ്ദേഹത്തെ അവിടെ ഒരു മറൈന്‍ കാത്തു നില്‍ക്കുന്നുണ്ടാവും. മറൈന്‍ വണ്ണിന്റെ ആക്രമണ സംവിധാനങ്ങളെക്കുറിച്ച് പത്രങ്ങളുടെ ഊഹാപോഹങ്ങളല്ലാതെ ഒന്നും പുറത്തുവിട്ടിട്ടില്ല. അതിനാല്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ നില്‍ക്കുന്നില്ല. ഒരു കാര്യം ഉറപ്പാണ്, 16 അടി 10 ഇഞ്ച് ഉയരവും, 72 അടി 8 ഇഞ്ച് നീളവുമുള്ള ഈ കൂറ്റന്‍ വ്യോമയാനത്തില്‍, ഭൂമിയില്‍ ഇന്നേവരെ കണ്ടുപിടിച്ചിട്ടുള്ള എല്ലാ ആക്രമണ സംവിധാനങ്ങളും, പ്രതിരോധ സംവിധാനങ്ങളും കാണുമെന്നുറപ്പാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close